ലണ്ടന്‍: ഡിസെബിലിറ്റി ബെനഫിറ്റുകള്‍ വാങ്ങുന്നവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് വര്‍ദ്ധിച്ചതായി വെളിപ്പെടുത്തല്‍. 2008ല്‍ അവതരിപ്പിച്ച ഫിറ്റ് ടു വര്‍ക്ക് അസസ്‌മെന്റ് സമ്പ്രദായമാണ് ഇത്തരക്കാരുടെ ആത്മഹത്യാ പ്രവണത വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദമാക്കപ്പെടുന്നത്. 2007ലും 2014ലും നടത്തിയ സര്‍വേകളുടെ എന്‍എച്ച്എസ് രേഖകളാണ് ഈ ഞെട്ടിക്കുന്ന വിവരം നല്‍കുന്നത്. വര്‍ക്ക് ഡിസെബിലിറ്റി ബെനഫിറ്റുകള്‍ നിഷേധിക്കപ്പെട്ടവരില്‍ പകുതിയോളം പേരും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സര്‍വേകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാദമായ വര്‍ക്ക് കേപ്പബിലിറ്റി അസസ്‌മെന്റ് ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് 2007ല്‍ നടത്തിയ സര്‍വേയില്‍ ബെനഫിറ്റുകള്‍ വാങ്ങുന്നവരില്‍ 21 ശതമാനം പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിരക്ക് ഇരട്ടിയിലേറെയായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്‍കപ്പാസിറ്റി ബെനഫിറ്റുകള്‍ക്ക് പകരം എംപ്ലോയ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് അലവന്‍സ് ആവിഷ്‌കരിച്ചത് ലേബര്‍ സര്‍ക്കാരാണ്. അതിന്റെ ഭാഗമായാണ് ഈ വിലയിരുത്തല്‍ സമ്പ്രദായം നിലവില്‍ വന്നത്.

ഈ പദ്ധതി സമൂഹത്തില്‍ സഹായമാവശ്യമായ വലിയൊരു വിഭാഗത്തെ അവഗണിക്കുന്നതായി പരാതികള്‍ ഉയരുകയും വിവാദമാകുകയും ചെയ്തിരുന്നു. ഈ പദ്ധതി ഭിന്നശേഷിയും വൈകല്യങ്ങളുമുള്ളവരില്‍ സൃഷ്ടിക്കുന്ന ആഘാതം വലുതാണെന്നാണ് വ്യക്തമാകുന്നത്. ഏതൊരു രാജ്യത്തെ അപേക്ഷിച്ച് നോക്കിയാലും ഇത്രയും വലിയ നിരക്കില്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നത് അപൂര്‍വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.