ന്യൂഡല്‍ഹി: യുക്രൈനിന്റെ സമീപ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന്‌ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന്‌ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്‌ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

പോളണ്ട്‌, ഹംഗറി, സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനാണ്‌ ശ്രമം. ഈ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്‌ഥര്‍ അതിര്‍ത്തികളിലേക്ക്‌ എത്തിയിട്ടുണ്ട്‌. യുൈക്രനിലെ എംബസ്സി ഉദ്യോഗസ്‌ഥരും അതിര്‍ത്തികളിലേക്ക്‌ എത്തിയിട്ടുണ്ട്‌. ആകാശമാര്‍ഗം യുൈക്രനില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിക്കാനാവാത്തതിനാലാണ്‌ അതിര്‍ത്തി രാജ്യങ്ങളിലൂടെ എത്തിക്കാന്‍ ശ്രമിക്കുന്നത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ്‌ പുടിനുമായി സംസാരിക്കും. യുക്രൈനിലുള്ള വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്‌. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്‌ഥരെ യുക്രൈനിലേക്ക്‌ അയച്ചു. വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും.”-വിദേശസെക്രട്ടറി പറഞ്ഞു. യുക്രൈനില്‍ ഏകദേശം 18,000 ഇന്ത്യക്കാരുള്ളതില്‍ ഏറെയും വിദ്യാര്‍ഥികളാണ്‌. ഒഴിപ്പിക്കല്‍ ദൗത്യത്തിനായി പോയ ഒരു എയര്‍ ഇന്ത്യ വിമാനത്തിന്‌ യുക്രൈന്‍ വ്യോമപാത അടച്ചതിനാല്‍ മടങ്ങേണ്ടിവന്നു. പകരം സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്‌ഥരെ അയയ്‌ക്കുമെന്നും വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഫോണില്‍ സംസാരിച്ചെന്നും നിലവില്‍ അവര്‍ക്ക്‌ ഭക്ഷണവും വെള്ളവും വൈദ്യുതിയുമുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ ടെലിഫോണ്‍ നമ്പറുകളുമായി കണ്‍ട്രോള്‍ റൂം വിപുലീകരിച്ചിട്ടുണ്ട്‌- മന്ത്രി മുരളീധരന്‍ പറഞ്ഞു.