പ്രഭാതഭക്ഷണം സമയത്ത് നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കരയ്ക്കടുത്ത് മാവടി സുശീലാഭവനില്‍ സുശീല(58)യാണ് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസനെ (63) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു കൊലപാതകം നടന്നത്.

കാട്ടാക്കട നെയ്യാര്‍ ഡാം പമ്പരംകാവ് സ്വദേശിയായ സോമദാസന്‍ ഏഴുവര്‍ഷംമുന്‍പാണ് താഴത്തുകുളക്കടയില്‍ റബ്ബര്‍ വെട്ട് ജോലിക്കായെത്തിയത്. പിന്നീട് അമ്പൂരി സ്വദേശിനിയായ സുശീലയെ കൂട്ടിക്കൊണ്ടുവരുകയും മാവടിയില്‍ വീടുവെച്ച് താമസിക്കുകയുമായിരുന്നു. സോമദാസന്റെ ആദ്യഭാര്യ മരിച്ചു. സുശീലയും നേരത്തേ വിവാഹം കഴിച്ചിരുന്നു. സോമദാസന് ആദ്യ ഭാര്യയില്‍ മൂന്നുമക്കളുണ്ട്. സുശീലയ്ക്ക് മക്കളില്ല.

സോമദാസനും സുശീലയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്തിരുന്ന സോമദാസന്‍ വെള്ളിയാഴ്ച രാവിലെ പുരയിടത്തില്‍നിന്നു ജോലിക്കിടെ വീട്ടിലെത്തിയിട്ടും സുശീല ഭക്ഷണം തയ്യാറാക്കി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാവുകയും വീട്ടുമുറ്റത്തുനിന്ന സുശീലയുടെ തലയ്ക്ക് തടിക്കഷണംകൊണ്ട് അടിക്കുകയുമായിരുന്നു.

തലപൊട്ടി ബോധരഹിതയായ ഭാര്യയെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കുളക്കട ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപം എത്തിയ സോമദാസന്‍ ഒരു കടയുടമയുടെ കൈയില്‍നിന്നു ഫോണ്‍ വാങ്ങി 100-ല്‍ വിളിച്ച് വിവരംപറഞ്ഞു. ഉടന്‍തന്നെ പുത്തൂര്‍ പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. മുറ്റത്ത് ചോരവാര്‍ന്നുകിടന്ന സുശീലയെ പോലീസ് ജീപ്പില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.