ബെംഗളൂരു മെട്രോ സ്റ്റേഷനില്‍ ദുരൂഹത പടര്‍ത്തി അജ്ഞാതന്‍. പൊലീസിന്റെ സുരക്ഷാ പരിശോധനയ്ക്ക് നിന്നുകൊടുക്കാത്ത യുവാവാണ് ദുരൂഹതയ്ക്ക് കാരണം. മജെസ്റ്റിക് മെട്രോ സ്റ്റേഷനില്‍ വച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കൈയില്‍ എന്തോ നിരോധിത വസ്തുവുമായി മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് പൊലീസിന്റെ സുരക്ഷാ പരിശോധനകള്‍ക്ക് നിന്നുകൊടുക്കാതെ അതിവേഗം ഓടിമറയുകയായിരുന്നു.

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വക്താവ് സംഭവത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: “മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവാവിനെ പരിശോധിക്കുകയായിരുന്നു. അതിനിടയില്‍ മെഷീനില്‍ നിന്ന് ബീപ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. സംശയം തോന്നിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍, അയാള്‍ അതിവേഗം നടന്നുമറഞ്ഞു. മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ കാരണമായ വസ്തു എന്താണെന്ന് വെളിപ്പെടുത്താതെ അയാള്‍ ഗേറ്റ് കടന്നുപോയി. സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.”

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ബെംഗളൂരു വെസ്റ്റ് ഡിസിപി സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനുമായി സഹകരിക്കാതെ കടന്നുകളഞ്ഞ വ്യക്തിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഡിസിപി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു മെട്രോ സ്റ്റേഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയതായി അദ്ദേഹം അറിയിച്ചു.