കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും നൊമ്പരമായി. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തിൽ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിർമലഗിരിയിൽ താമസിക്കുമ്പോൾ ഇടയ്ക്ക് അമ്മയെത്തി കുറച്ചു നാൾ കൂട്ടിരുന്നാണു മടങ്ങാറുള്ളത്.

ഭർത്താവിനു പിറകെ സ്വപ്നയുടെ വിയോഗം, രണ്ടു മക്കളെ അനാഥമാക്കിയ വേദനയിലും നഷ്ടബോധത്തിലുമാണ് കുടുംബം. ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ പ്രവൃത്തിക്കു പിന്നിലെന്ന് ബന്ധുക്കളും സഹപ്രവർത്തകരും കരുതുന്നു.

സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു. കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.