തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും നിര്‍ദേശിച്ചു. കെ.ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണം കോടതി നിരീക്ഷണത്തിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിജിലന്‍സിനെതിരെ കോടതി രൂക്ഷമായ പരാമര്‍ശമാണ് നടത്തിയത്. കെ.ബാബുവിനെതിരെ അതിവേഗ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
വിജിലന്‍സിന് ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലെന്ന് കോടതി പറഞ്ഞു. അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലാണെന്ന ന്യായമാണ് വിജിലന്‍സ് പറയുന്നത്. ലോകായുക്ത ഉള്ളത് കൊണ്ട് വിജിലന്‍സ് അടച്ചുപൂട്ടിയോ എന്ന് കോടതി ചോദിച്ചു. കോടതിയെ മണ്ടനാക്കാന്‍ ശ്രമിക്കരുത്. ഒന്നര മാസമായി കോടതി എന്തു ചെയ്യുകയാണെന്നും കോടതി ചോദിച്ചു.

ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോ വിജിലന്‍സെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് ഇച്ഛാശക്തിയില്ല. കെ.ബാബുവിന്റെ ആസ്ഥികളും വീടും പരിശോധിക്കാന്‍ ഇതുവരെ തയ്യാറാകാതിരുന്നതിനേയും കോടതി വിമര്‍ശിച്ചു.