ഈ വിജയത്തെ എന്ത് വിശേഷിപ്പിക്കണം. അസാധ്യമെന്ന് ലോകം മുഴുവന്‍ വിലയിരുത്തിയ തിരിച്ചുവരാവാണ് ബാഴ്‌സലോണയുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കാറ്റാലന്‍ പട കാഴ്ച്ചവെച്ചത്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയെ ഒന്നിനെതിരെ ആറ് ഗോളിനാണ് ബാഴ്‌സ കീഴടത്തിയത്.

ആദ്യ പാദത്തില്‍ അവരുടെ മണ്ണില്‍ 4-0ത്തിന് തകര്‍ന്നടിഞ്ഞ ബാഴ്‌സയുടെ മധുര പ്രതികാരം കൂടിയായി ഈ കൂറ്റന്‍ ജയം. ഇതോടെ ഇരുപാദങ്ങളിലൂമായി 6-5 എന്ന ലീഡില്‍ പിഎസ്ജിയെ പിന്തള്ളി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറിയിരിക്കുകയാണ് ബാഴ്‌സലോണ.

അവസാന എട്ട് മിനിറ്റിലാണ് ബാഴ്സ മൂന്ന് ഗോളുകള്‍ നേടിയത്. ആദ്യ പാദത്തിലെ തകര്‍ച്ചയില്‍ ഒട്ടും ആത്മവിശ്വാസം നഷ്ടപ്പെടാത്ത പ്രകടനമായിരുന്നു മെസ്സിയും കൂട്ടരും സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്.

സുവാരസാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം മിനിറ്റിലായിരുന്നു അത്. നാല്പതാം മിനിറ്റില്‍ ലെയ്വിന്‍ കുര്‍സാവയുടെ സെള്‍ഫ് ഗോളിലൂടെ സ്‌കോര്‍ 2-0 മായി. അമ്പതാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലയണല്‍ മെസി ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു.

എന്നാല്‍ 62ാം മിനിറ്റില്‍ വിലപ്പെട്ട എവേ ഗോള്‍ പി എസ്ജിക്കായി കവാനി നേടിയതോടെ കളി ഏതാണ്ട് പിഎസ്ജിയുടെ വരുതിയിലായി. എന്നാല്‍ ആ പ്രതീക്ഷ 88ാം മിനിറ്റില്‍ വരെ മാത്രമേ നിലനിന്നുളളു. വെറും എട്ടു മിനിട്ടിനുള്ളില്‍ മൂന്ന് ഗോള്‍ കൂടി നേടി ബാഴ്‌സ പിഎസ്ജി വധം പൂര്‍ത്തിയാക്കി. അതില്‍ രണ്ടെണ്ണം നെയ്മറുടെ വക. ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോയുടെ വക ഒരെണ്ണം.

005ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യ പകുതിയില്‍ മൂന്നുഗോളിന് പിന്നിട്ടു നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ച് ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തിയ ലിവര്‍പൂളിന്റെ വിജയം പോലും ഇനി ബാഴ്‌സയുടെ ഈ വിജയത്തിന് നിഷ്പ്രഭമായി. മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെന്‍ഫിക്കയെ തോല്‍പിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ക്വാര്‍ട്ടറിലെത്തി.