ഐപിഎല്‍ ചരിത്രത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ പുറത്താക്കിയതിന് ടീം ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ് ലിമിറ്റഡിന് (ഡി സി എച്ച് എല്‍) ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു. ടീമിനെ നിയമവിരുദ്ധമായിട്ടാണ് ഫ്രാഞ്ചൈസിയെ പുറത്താക്കിയതെന്ന് ആര്‍ബിട്രേറ്റര്‍ പറഞ്ഞു. 2015-ല്‍ കൊച്ചി ടസ്‌കേഴ്‌സിനും സമാനമായ കേസില്‍ ബിസിസിഐ നഷ്ടപരിഹാരം കൊടുക്കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു.

2008-ല്‍ ഐപിഎല്‍ ടി20 ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ ഹൈദരാബാദിന്റെ ടീമായ ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ ലേലം വിളിച്ചെടുത്തത് ഡെക്കാണ്‍ ക്രോണിക്കിള്‍സ് ആയിരുന്നു. ബിസിസിഐയും ടീം ഉടമയും തമ്മില്‍ 10 വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരുന്നത്.

എന്നാല്‍, 2012 ഓസ്റ്റ് 11-ന് ബിസിസിഐ ഈ കരാര്‍ റദ്ദാക്കാതിരിക്കുന്നതിന് കാരണം കാണിക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടി നല്‍കാന്‍ ബിസിസിഐ 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ടീമിനെ ബിസിസിഐ പുറത്താക്കിയെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഈ തീരുമാനത്തിനെതിരെ ഉടമകള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കോടതി 2012 സെപ്തംബറില്‍ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച സി കെ ഥാക്കറെ ഏകാംഗ ആര്‍ബിട്രറായി നിയമിച്ചു.

ഉടമകളുടെ വാദം അംഗീകരിച്ച ആര്‍ബിട്രര്‍ 4790 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. കൂടാതെ ഫ്രാഞ്ചൈസി തുകയായ 36 കോടി രൂപയും ലഭിക്കും. ബിസിസിഐയ്ക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാം.

2011 സെപ്തംബര്‍ 19-നാണ് ബാങ്ക് ഗ്യാരന്റി നല്‍കുന്നതില്‍ കൊച്ചി ടസ്‌കേഴ്‌സ് വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബിസിസിഐ പുറത്താക്കിയത്. 2012 ഫെബ്രുവരിയില്‍ ഉടമകളായ റെന്‍ഡേവസ് സ്‌പോര്‍ട്‌സ് വേള്‍ഡ് കോടതിയെ സമീപിക്കുകയും കോടതി ജസ്റ്റിസ് ലഹോട്ടിയെ ആര്‍ബിട്രറായി നിയമിക്കുകയും ചെയ്തു. 2015 ജൂലൈയില്‍ അദ്ദേഹം ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.