സൗദി അറേബ്യയിൽ ഇരുപത് വർഷത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. ബുധനാഴ്ച രാത്രി റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര തിരിച്ച റഹീം, വ്യാഴാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. ജയിൽ അധികൃതർ തന്നെ വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി യാത്രയ്ക്ക് സഹായം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.
2006-ൽ സൗദിയിലെ ഒരു സ്വദേശിയുടെ ഭിന്നശേഷിക്കാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. സംഭവം അബദ്ധത്തിൽ ഉണ്ടായതാണെന്ന് റഹീം വ്യക്തമാക്കിയിരുന്നെങ്കിലും, പ്രോസിക്യൂഷൻ കൊലപാതകമെന്ന നിലയിൽ കേസ് മുന്നോട്ടുവെച്ചു. തുടർന്ന് റിയാദ് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് സമാഹരിച്ച ദയാധനത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
34 കോടിയിലേറെ രൂപ ദയാധനമായി നൽകിയതിന് പിന്നാലെ, പൊതുനിയമപ്രകാരമുള്ള തടവുശിക്ഷ പൂർത്തിയാക്കണമെന്നായിരുന്നു കോടതി നിർദേശം. ഈ ശിക്ഷാകാലാവധി അവസാനിച്ചതോടെയാണ് റഹീമിന്റെ മോചനം യാഥാർഥ്യമായത്. കേസിനായി രൂപീകരിച്ച സഹായസമിതിയുടെ നേതൃത്വത്തിലായിരുന്നു നിയമനടപടികളും ധനശേഖരണവും നടന്നത്.











Leave a Reply