കൊച്ചിയിലെ ബ്യുട്ടി പാർലർ വെടിവയ്പിന് മുൻപ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാൻ ശ്രമം തുടങ്ങി. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.
കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ പലവട്ടം രവി പൂജാരയുടെ പേരിൽ ഫോണ് വിളികൾ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തിൽ ആയിരുന്നു സംസാരം. എന്നാൽ ആവശ്യപ്പെട്ടത് 25 കോടിയായിരുന്നു.

നടി ലീന മരിയ പോൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി ഇങ്ങനെയായിരുന്നു. നിരന്തരം വിളികൾ വന്നപ്പോൾ താൻ ഫോണ് നമ്പർ മാറ്റി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജർ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നൽകണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താൻ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ആ ദിശയിലൊരു അന്വേഷണത്തിന് പൊലീസിന് വഴിയില്ലാതെ പോയി. വന്നതെല്ലാം ഇന്റർനെറ്റ് കോളുകൾ ആയതിനാൽ ഉറവിടം കണ്ടെത്താൻ സാധ്യത വിരളമാണ്. നോക്കാമെന്ന് മാത്രം.

ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. എന്നാൽ ശബ്ദം രവി പൂജാരയുടേത് ആണോയെന്ന് ഉറപ്പിക്കാൻ തൽകാലം വഴിയില്ല. കേരളത്തിൽ പൂജാരയ്ക്ക് കേസുകൾ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയിൽ അറസ്റ്റിൽ ആയിട്ടുള്ളത് വളരെക്കാലം മുൻപാണ്. അന്ന് കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടി വരും. സൽമാൻ ഖാൻ അടക്കം താരങ്ങളെ ഫോണിൽ വിളിച്ച് പണം ആവശ്യപെട്ടതിന് രവി പൂജാരയ്ക്ക് മുൻപ് രാജസ്ഥാൻ പോലീസ് കേസെടുത്തിട്ടുണ്ട്.

അന്നത്തെ ശബ്ദരേഖകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് നോക്കണം. ഇങ്ങനെ നടിക്ക് വന്ന ഫോൺകോളിലെ ശബ്ദം ഒത്തുനോക്കാനുള്ള വഴികൾ കൊച്ചി സിറ്റി പൊലീസ് അടുത്ത ദിവസങ്ങളിൽ നോക്കും. പണം ആവശ്യപ്പെട്ടത് പൂജാരയാണെന്ന് കരുതാവുന്ന വിവരങ്ങളൊന്നും അന്വേഷണത്തിൽ ഇനിയും വന്നിട്ടില്ല. പ്രൊഫഷണൽ സംഘങ്ങൾ അല്ല ബ്യുട്ടി പാർലറിലേക്ക് വെടിവച്ചതെന്ന് ഉറപ്പാണ്. എന്നാൽ കൊച്ചി പോലൊരു നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളെ വിലയ്ക്കെടുത്തും ഇത്തരം നീക്കം നടത്താം എന്നതിനാൽ ഒരു സാധ്യതയും തള്ളിക്കളായാതെയാണ് അന്വേഷണം.