ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ/ബെൽഫാസ്റ്റ് ∙ ബെൽഫാസ്റ്റിലെ കത്തിയാക്രമണക്കേസിൽ അറസ്റ്റിലായ സുഡാൻ സ്വദേശി ഹാദി അലോദിദിന് ബ്രിട്ടനിൽ അഭയം ലഭിച്ചത് വിവാദമായ ‘ഫാസ്റ്റ്–ട്രാക്ക്’ അഭയാർഥി പദ്ധതിയിലൂടെയാണെന്ന റിപ്പോർട്ട് പുറത്തുവന്നു . 2023ൽ അന്നത്തെ പ്രധാനമന്ത്രി റിഷി സുനക് സർക്കാരാണ് കുടിശ്ശികയായ അഭയാർഥി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ‘സ്ട്രീംലൈൻഡ് അസൈലം പ്രോസസ്’ (SAP) പദ്ധതി നടപ്പാക്കിയത്. സാധാരണ അഭിമുഖ നടപടികൾക്ക് പകരം 10 പേജുള്ള ചോദ്യാവലി പൂരിപ്പിച്ചാണ് അലോദിദിന് അഭയാർഥി പദവി ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സുഡാൻ, സിറിയ, അഫ്ഗാനിസ്ഥാൻ, എറിത്രിയ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ പദ്ധതി ബാധകമാണ്. സുഡാനിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂരിഭാഗം അപേക്ഷകളും അംഗീകരിക്കപ്പെടുന്നതിനാലാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ സുരക്ഷാ പരിശോധനകൾ ദുർബലമാക്കുന്ന അപകടകരമായ നീക്കമാണിതെന്ന് വിമർശകർ ആരോപിച്ചു. ഹാദി അലോദിദിനെതിരെ കൊലപാതകശ്രമം, കത്തി കൈവശംവച്ചത്, എൻഎച്ച്എസ് ജീവനക്കാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തെ തുടർന്ന് ബ്രിട്ടന്റെ അഭയാർഥി നയത്തെയും അയർലൻഡുമായുള്ള തുറന്ന അതിർത്തി സംവിധാനത്തെ കുറിച്ചും പുതിയ ചർച്ചകൾ ശക്തമായിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ പരിശോധിക്കുന്നതായി സർക്കാർ അറിയിച്ചപ്പോൾ, അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവർക്ക് അഭയാർഥി പദവി നൽകരുതെന്ന് പ്രതിപക്ഷ കൺസർവേറ്റീവ് നേതാക്കൾ ആവശ്യപ്പെട്ടു.











Leave a Reply