ന്യൂസ് ഡെസ്ക് മലയാളം യുകെ

കഠിനമായ തണുപ്പും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ഒട്ടേറെ യു കെ മലയാളികളാണ് വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ആസ്മയും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മൂലം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻ്റ് പെൻഷനിൽ നിന്ന് പ്രതിവർഷം 8000 പൗണ്ട് വരെ ലഭിക്കാനുള്ള അർഹതയുണ്ട്.

ആസ്മ, സ്‌റ്റീപ്പ് ആപ്നിയ , വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ തുടങ്ങിയ 25 ഓളം രോഗാവസ്ഥയിലുള്ളവർക്കാണ് പ്രസ്തുത ആനുകൂല്യത്തിന് അർഹത ഉള്ളത്. മേൽപ്പറഞ്ഞ ആരോഗ്യസ്ഥിതിയിലുള്ളവർക്ക് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെൻറ് (പി ഐപി) വഴിയാണ് പണം നൽകുന്നത് . ഇതിൻറെ ഭാഗമായി ഓരോ ആഴ്ചയും 172.75 പൗണ്ട് എന്ന കണക്കിൽ പ്രതിമാസം 691 പൗണ്ട് ആണ് ഒരാൾക്ക് ലഭിക്കുന്നത്. ഇതിൻ പ്രകാരം പ്രതിവർഷം ഒരു വ്യക്തിക്ക് 8292 പൗണ്ട് വരെ ലഭിക്കും. ഓരോ വ്യക്തിക്കും ലഭിക്കുന്ന സഹായത്തിന്റെ തോത് നിർണ്ണയിക്കുന്നത് വിശദമായ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് .

പി ഐ പി യുടെ അടിസ്ഥാനത്തിൽ സഹായം ലഭിക്കുന്നതിന് മൂന്നുമാസം ദൈനംദിന ജീവിതത്തിലോ, ജോലിയെ ബാധിക്കുന്ന രീതിയിലോ ബുദ്ധിമുട്ടുകൾ ഉള്ള ആരോഗ്യസ്ഥിതി ഉള്ളവരായിരിക്കണം. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞത് 9 മാസമെങ്കിലും വിട്ടുമാറാത്തവരെയുമാണ് സഹായത്തിനായി പരിഗണിക്കുന്നത്. അപേക്ഷകർ കഴിഞ്ഞ മൂന്നു വർഷത്തിൽ രണ്ടു വർഷമെങ്കിലും യുകെയിൽ താമസിച്ചിരിക്കണം. ഇതുകൂടാതെ അപേക്ഷിക്കുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം .കൂടുതൽ വിവരങ്ങൾ Gov.uk എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.