രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്നാടിന്റെ എംകെ സ്റ്റാലിനെന്ന് സര്‍വേഫലം. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ പ്രകാരമാണ് എംകെ സ്റ്റാലിന്‍ ഒന്നാമതായത്. 42ശതമാനം പേരുടെ പിന്തുണയാണ് എംകെ സ്റ്റാലിന് ലഭിച്ചത്.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. നവീന്‍ പട്നായികിന് 38 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനര്‍ജി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഉദ്ധവ് താക്കറെയ്ക്ക് 31 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മമത ബാനര്‍ജിക്ക് 30 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. 29 ശതമാനം പേരുടെ പിന്തുണയെ യോഗിക്ക് ലഭിച്ചുള്ളൂ. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മക്കും 29 ശതമാനം ആളുകളുടെ പിന്തുണയെ ലഭിച്ചുള്ളൂ. ആറാം സ്ഥാനമാണ് ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്ക്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും 22 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇരുവര്‍ക്കും എട്ടും ഒമ്പതും സ്ഥാനങ്ങളാണ്.

10ാം സ്ഥാനത്ത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും പതിനൊന്നാം സ്ഥാനത്ത് ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമാണ്. ഇരുവര്‍ക്കും 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞത് ബിജെപിക്ക് ക്ഷീണമായി. അതേസമയം 50 ശതമാനം പേരുടെ പിന്തുണ മുഖ്യമന്ത്രിമാര്‍ക്ക് ആര്‍ക്കും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.