കൊച്ചി: മലയാള സിനിമയില്‍ പുരുഷാധിപത്യമെന്ന് നടി ഭാവന. മലയാള മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ എല്ലാക്കാര്യങ്ങളിലും തനിക്കുണ്ടെന്നും ഭാവന പറഞ്ഞു. സിനിമകള്‍ തെരഞ്ഞെടുക്കാന്‍ നായകൻമ്മാർക്കുള്ളതുപോലെ നടിമാര്‍ക്ക് സ്വാതന്ത്ര്യമില്ല.  തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു, ഭാവന പറഞ്ഞു. താന്‍ ഒറ്റയ്ക്കല്ല സമൂഹം എന്റെ കൂടെ നിന്നപ്പോൾ മനഃശക്തി കരുത്തായെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം. വിമന്‍ കളക്ടീവ് പോലുള്ള സംഘടനകള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയില്‍ നായികയുടെ സ്ഥാനം രണ്ടാമതാണ്. ഒരു സിനിമ വിജയിച്ചതുകൊണ്ട് പ്രത്യേക വേതനം ഒന്നും കൂട്ടി കിട്ടിയിട്ടില്ല എന്നും ഭാവന കൂട്ടിച്ചേർത്തു. നായകന്‍മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാര്‍ക്കില്ലെന്നും ഭാവന പറഞ്ഞു.

പൃഥിരാജ് നല്ല സുഹൃത്താണ്. പൃഥിയോട് ബഹുമാനം മാത്രമാണെന്നും ഭാവന പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയതാണ്. അത് കല്യാണം കഴിഞ്ഞും തുടരും. എല്ലാറ്റിനും പ്രേക്ഷകരോട് നന്ദിയുണ്ട്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

[ot-video][/ot-video]