ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല തീര്‍ത്ഥാടന കാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

എനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങള്‍ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.

സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ‘വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല’- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.