സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്. കേരളത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കവെ ബിനോയ് കോടിയേരിയെ വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തടഞ്ഞു. ബിനോയ്‌ക്കെതിരെ ദുബായില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. ബിനോയ് ജാസ് ടൂറിസം കമ്പനിക്ക് നല്‍കിയ ചെക്ക് മടങ്ങിയതോടെ കമ്പനി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയില്‍ നിന്നും 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നാണ് ബിനോയ് കോടിയേരിക്ക് നേരെയുണ്ടായിട്ടുള്ള ആരോപണം. അതേസമയം ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തുമെന്നാണ് നേരത്തെ മര്‍സൂഖി പ്രഖ്യാപിച്ചിരുന്നു.

ബിനോയ്‌ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മര്‍സൂഖി പത്രസമ്മേളനത്തില്‍ നിന്നു പിന്മാറിയത്. പത്രസമ്മേളനം നടത്തുന്നതില്‍ കോടതി വിലക്കുണ്ടെങ്കിലും ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി വ്യക്തമാക്കി.