തിരുവനന്തപുരം: ദുബായില്‍ 13 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപണമുയര്‍ന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ്‌ക്കെതിരെ. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി പുറത്തുവന്നു. വെട്ടിപ്പ് നടത്തിയ ബിനോയ് കോടിയേരി അറസ്റ്റ് ചെയ്യാന്‍ കമ്പനി ഇന്റര്‍പോളിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ല്‍ ഒത്തുതീര്‍പ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പ ഇനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചടപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.