കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്‌തേക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ബിഷപ്പിനെതിരെ പോലീസിന് ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റിന് പോലീസ് തയ്യാറെടുക്കുന്നത്. ബിഷപ്പ് മഠത്തില്‍ എത്തിയെന്ന് തെളിയിക്കുന്ന രേഖകളും മൊഴികളുമാണ് നിര്‍ണായകമായത്.
മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകന്‍ കാരണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് അറിയിച്ചിരുന്നു. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും പോലീസ് അറിയിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്.
പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. കന്യാസ്ത്രീയുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കും പോലീസിന്റെ കൈവശമാണുള്ളത്. ഈ മാസം 19നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Leave a Reply