85 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല്‍ ഷുക്കൂറിനെ ‌കൊലപ്പെടുത്തും മുന്‍പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

പുലര്‍ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല്‍ ഷുക്കൂര്‍ കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്‍കുട്ടി ഒാര്‍ക്കുന്നു. വടക്കന്‍ പാലൂരിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വൃക്തമാണ്.

അബ്ദുല്‍ ഷുക്കൂറിന്റെ പേരിലുളള നിര്‍മാണത്തിലിരിക്കുന്ന വടക്കാന്‍പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില്‍ എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്‍മുടക്കുളള ഹോട്ടല്‍ പങ്കുകച്ചവടക്കാരനായ മിന്റു ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. നിലവില്‍ ബിറ്റ്്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.