നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നൂറിലധികം സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ബിജെപി. പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് ഒപ്പം ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി അടുപ്പമുള്ളവരെ കൂടി സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപിയുടെ ശ്രമം. ഘടകക്ഷികളുമായുള്ള ബിജെപിയുടെ ഉഭയകക്ഷി ചര്‍ച്ച നാളെ തിരുവനന്തപുരത്ത് നടക്കും.

അതേസമയം, ബിഡിജെഎസിന്റെ സീറ്റുകളില്‍ ഇത്തവണ കുറവുണ്ടാവും. എന്നാല്‍ 37 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ബിഡിജെഎസ്. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ കാര്യമായി കുറവിന് സാധ്യതയുണ്ട്. എന്നാല്‍ പിളര്‍പ്പോടെ പഴയ ശക്തി ബിഡിജെഎസിനില്ല. അതിനാല്‍ അഞ്ചിലധികം സീറ്റുകള്‍ ഏറ്റെടുക്കാനാണ് ബിജെപിയിലെ ആലോചന.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ 98 സീറ്റില്‍ മത്സരിച്ച ബിജെപി ഇത്തവണ തങ്ങള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് ഘടകകക്ഷികളോട് വ്യക്തമാക്കിയിട്ടുണ്ട്. പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റും കാമരാജ് കോണ്‍ഗ്രസിന് രണ്ട് സീറ്റും വരെ ബിജെപി നല്‍കിയേക്കും.

ക്രൈസ്തവ വിഭാഗങ്ങളുമായി പലവട്ടം ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അത്തരം മണ്ഡലങ്ങളില്‍ അവരുടെ കൂടി പിന്തുണ ഉറപ്പാക്കാനാകുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമോയെന്നും ബിജെപി നേതൃത്വം പരിശോധിക്കുന്നു.

പ്രമുഖ നേതാക്കളോടെല്ലാം മത്സര രംഗത്തേക്ക് ഇറങ്ങാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകും. ദേശീയ നേതൃത്വം രണ്ടോ മൂന്നോ ഘട്ടമായിട്ടാവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.