ബി ജെ പി ജില്ലാ പ്രസഡണ്ടായി അഡ്വ കെ. ശ്രീകാന്തിനെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ മുതിർന്ന നേതാവ് രവീശ തന്ത്രി കുണ്ടാർ രാജി പ്രഖ്യാപനവുമായി രംഗത്തെത്തി. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗമായ രവീശ തന്ത്രി കുണ്ടാറിന്റെ പേര് ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലായിരുന്നു. എന്നാൽ വി മുരളീധര പക്ഷക്കാരനായ അഡ്വക്കേറ്റ് കെ ശ്രീകാന്തിനെ തന്നെ വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തതാണ് രവീശ തന്ത്രിയെ ചൊടിപ്പിച്ചത്.

രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും പാർട്ടി തൃത്വവുമായി യോജിച്ച പോകാനാവില്ലെന്നും രവീശ തന്ത്രി കുണ്ടാർ രാജിക്കത്തിൽ പറയുന്നു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലെന്നും രവീശ തന്ത്രി കുറ്റപ്പെടുത്തുന്നു. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയച്ചതായും രവിശതന്ത്രി കുണ്ടാർ പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായിരുന്ന രവീശ തന്ത്രി കുണ്ടാർ ആർ എസ് എസിലൂടെയാണ് സംഘപരിവാർ പ്രസ്ഥാനത്തിലേക്കെത്തുന്നത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്നു രവീശ തന്ത്രി കുണ്ടാർ.

2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒക്ടോബറിൽ നടന്നമഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥിയായി നിയോഗിച്ചത് രവീശ തന്ത്രി കുണ്ടാറിനെയാണ്. കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് രവീശ തന്ത്രി കുണ്ടാർ.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് ശ്രീകാന്തിന്റെ പേരാണ് സജീവ പരിഗണനയിൽ വന്നതെങ്കിലും അവസാന നിമിഷം ആർ എസ് എസിന്റെ ശക്തമായ പിന്തുണയോടെ രവീശ തന്ത്രിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ജില്ലയിൽ ബിജെപിക്ക് ഉള്ളിൽ വലിയ പൊട്ടിത്തെറിക്കാണ് ഇടയാക്കിയിരുന്നു. രവീശ തന്ത്രി കുണ്ടാറിന്റെ രാജിയോടെ ജില്ലയിലെ പാർട്ടിയിൽ വീണ്ടുമെമൊരു അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.