തോമസ് ചാക്കോ  

ഹിമാചൽപ്രദേശ് : ഇന്ത്യ മുഴുവനിലും ശക്തമായ സംഘടന സംവിധാനങ്ങൾ ഒരുക്കികൊണ്ട് വളരെ വേഗത്തിൽ വളരുന്ന ആം ആദ്മി പാർട്ടിയുടെ വളർച്ചയിൽ പരിഭ്രാന്തരായ ബി ജെ പി നേതൃത്വം ആം ആദ്മി പാർട്ടിയെ പേടിച്ച് ഗുജറാത്തിലേയും ഹിമാചൽപ്രദേശിലേയും ഇലക്ഷൻ നേരത്തെ നടത്താൻ ഒരുങ്ങുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ജനലക്ഷങ്ങൾ ഒഴുകിയെത്തിയ ഹിമാചൽപ്രദേശിലെ കാങ്കട മൈതാനത്ത് ഇന്ന് നടത്തിയ പ്രസംഗത്തിലാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇലക്ഷൻ നേരത്തെ നടത്താൻ ബി ജെ പി ഒരുങ്ങുന്നു എന്ന വ്യക്തമായ വിവരം തനിക്ക്  ലഭിച്ചിരിക്കുന്നുവെന്നും, ആം ആദ്മി പാർട്ടിക്ക് ഇലക്ഷൻ പ്രചരണത്തിനായി കൂടുതൽ സമയം നല്കാതിരിക്കാനുള്ള ബി ജെ പി യുടെ അടവാണ് ഇതെന്നും കെജ്‌രിവാൾ പറഞ്ഞു. എന്തൊക്കെ കാപട്യങ്ങൾ നടത്തിയാലും ഇപ്രാവശ്യം ഹിമാചൽപ്രദേശ് ആം ആദ്മി ഭരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു.

ബി ജെ പി യും കോൺഗ്രസ്സും മീറ്റിംഗ് നടത്തിയാൽ ആളെ കിട്ടാത്ത ഹിമാൽപ്രദേശിലെ കാങ്കടയിലെ മൈതാനത്ത് ഇന്ന് കെജ്‌രിവാളിനെ കാണാൻ തിങ്ങി നിറഞ്ഞത് ജനലക്ഷങ്ങൾ ആയിരുന്നു. ഈ രീതിയിൽ ഇലക്ഷൻ പ്രചരണം നടത്താൻ ആം ആദ്മി പാർട്ടിക്ക് സമയം നൽകിയാൽ ഹിമാചൽപ്രദേശിനോടൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ആം ആദ്മി പാർട്ടി ഭരണത്തിലെത്താൻ സാധ്യതയുണ്ടെന്ന് ബി ജെ പി ഭയപ്പെടുന്നു. ഡെൽഹി ആരോഗ്യമന്ത്രി സതീന്ദർ ജെയിൻ കഴിഞ്ഞ ഒരു മാസം ഹിമാചൽപ്രദേശിൽ തമ്പടിച്ച് നടത്തിയ പ്രചരണത്തിലൂടെ തന്നെ ഇത്രയധികം ആളുകൾ ആം ആദ്മി പാർട്ടിയിൽ അംഗമെടുത്തെങ്കിൽ കൂടുതൽ സമയം നൽകിയാൽ കാര്യങ്ങൾ തങ്ങളുടെ കൈയിൽ നിന്ന് പൂർണ്ണമായും നഷ്‌ടപ്പെടും എന്നും ബി ജെ പി ഭയക്കുന്നു.

കെജ്രിവാളിനെ ഡെൽഹിയിൽ തളച്ചിടുവാനും , ഇലക്ഷൻ പ്രചരണത്തിനായി ഡെൽഹിക്ക് പുറത്തേയ്ക്ക് പോകുന്നത് തടയുവാനും വേണ്ടി പതിവ് രീതിയിൽ വർഗ്ഗീയ കലാപങ്ങൾ നടത്തി ശ്രദ്ധ തിരിക്കുവാൻ ശ്രമിച്ച ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് കെജ്രിവാൾ നൽകിയത്. ഡൽഹിയിലും രാജ്യമുഴുവനിലും ബി ജെ പി നടത്തിയിട്ടുള്ള വർഗ്ഗീയ കലാപങ്ങളെ തുറന്ന് കാട്ടിയ കെജ്രിവാളും മറ്റ് നേതാക്കളും ആം ആദ്മി പാർട്ടിയുടെ മുൻപിൽ പൂർണ്ണമായും പരാജയപ്പെടുന്ന അവസ്ഥയാണ് ഡെൽഹിയിൽ ഉണ്ടായത്. അതോടൊപ്പം രാജ്യവ്യാപകമായി ബി ജെ പി നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ പിന്നാമ്പുറ കഥകളുടെ സത്യാവസ്ഥ ജനത്തിന് മുന്നിൽ തുറന്ന് കാട്ടുവാനും ആം ആദ്മി പാർട്ടി നേതാക്കൾക്ക് അവസരവും ലഭിച്ചു. ബി ജെ പി യുടെ അജണ്ടകൾക്ക് പിന്നെ പോകാതെ ആം ആദ്മി പാർട്ടിയുടെ അജണ്ടയിലേയ്ക്ക് ബി ജെ പി യെ എത്തിക്കുവാനും പാർട്ടിക്ക് കഴിഞ്ഞു.

പതിവിൽ നിന്ന് വിപരീതമായി ആം ആദ്മി പാർട്ടിയിലെ പ്രഗത്ഭരായ രണ്ടാം നിര നേതാക്കളായ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, രാഘവ് ചദ്ദ, ആതിഷി സിംഗ്‌ എന്നിവരാണ് ബി ജെ പി യുടെ കപട രാഷ്രീയത്തെ തുറന്ന് കാട്ടുവാൻ മുന്നിട്ടിറങ്ങിയത്. കർണ്ണാടകയിലെ പാർട്ടി പരിപാടികളിൽ ഏർപ്പെട്ടിരുന്ന  കെജ്രിവാൾ ഡെൽഹിയിൽ ഇല്ലാതിരുന്ന സമയത്ത് ബി ജെ പി നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെ സംഘടിപ്പിച്ച ഈ വർഗ്ഗീയ ലഹളയെ കെജ്രിവാളിന്റെ നേരിട്ടുള്ള പ്രതികരണമില്ലാതെ തന്നെ നേരിടാൻ ഈ യുവ നേതാക്കൾക്ക് കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ടതാണ്. ഏത് തരം പ്രശ്നങ്ങളേയും സധൈര്യം നേരിടാൻ കഴിവുള്ള കെജ്രിവാൾ അല്ലാത്ത അനേകം കഴിവുറ്റ നേതാക്കൾ ഇന്ന് ആം ആദ്മി പാർട്ടിക്കുണ്ട് എന്ന് തെളിയിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ആം ആദ്മി പാർട്ടിക്ക് ഈ വർഗ്ഗീയ കലാപങ്ങളിലൂടെ ബി ജെ പി ഉണ്ടാക്കി കൊടുത്തത്.

അതോടൊപ്പം ബി ജെ പി യുടെ എല്ലാ കപടതന്ത്രങ്ങളെയും തകിടംമറിക്കുന്ന രീതിയിലുള്ള വൻ പദ്ധതികളാണ് ആം ആദ്മി പാർട്ടിയുടെ ബൗദ്ധിക സംഘം രാജ്യവാപകമായി പാർട്ടിക്കായി ഒരുക്കികൊണ്ടിരിക്കുന്നത്. ജനങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുവാനും , സംഘടന സംവിധാനം പെട്ടെന്ന് വളർത്തിയെടുക്കുവാനും നിരവധി നേതാക്കളെ രാജ്യവാപകമായി ഇതിനോടകം നിയമിച്ചു കഴിഞ്ഞു. ഒരിക്കലും ഇല്ലാത്ത രീതിയിൽ കോൺഗ്രസ്സ് അടക്കമുള്ള മറ്റെല്ലാ പാർട്ടികളിൽ നിന്നും പതിനായിരങ്ങളാണ് ദിനംപ്രതി ആം ആദ്മി പാർട്ടിയിൽ അംഗത്വം എടുത്തുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ വരുന്ന മൂന്ന് നാല് മാസങ്ങൾ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പ്രചരണം നടത്തിയാൽ വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയുടെ മുൻപിൽ ബി ജെ പി വലിയ രീതിയിൽ പരാജയപ്പെടുവാനുള്ള എല്ലാ സാധ്യതയുമാണ് ഇപ്പോൾ തെളിയുന്നത്.