ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പിലെ ലേബര്‍ പാര്‍ട്ടിയുടെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്വന്തം പാര്‍ട്ടി നേതാവായ ജെറിമി കോര്‍ബിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും ലേബര്‍ നേതാവുമായ ടോണി ബ്ലെയര്‍. കോര്‍ബിന്റെ ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസമൊന്നും യുകെയില്‍ നടക്കില്ല എന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. 1930ന് ശേഷം ലേബര്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോര്‍ബിന്റെ ഇടതുപക്ഷ ആശയങ്ങളാണ് എന്ന് പറഞ്ഞാണ് ബ്ലെയറിന്റെ കുറ്റപ്പെടുത്തല്‍.

സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതും ദേശസാത്കരണം പ്രോത്സാഹിപ്പിക്കുന്നതുമായി പ്രകടന പത്രികയാണ് കോര്‍ബിന്‍ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രണ്ടാം തവണ ഹിതപരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞിരുന്നു. ശക്തമായ നേതൃത്വം വാഗ്ദാനം ചെയ്യാന്‍ കോര്‍ബിന് കഴിയാത്തതാണ് ലേബറിന്റെ പരാജയത്തിന് കാരണമെന്ന് ലണ്ടനില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ ബ്ലെയര്‍ അഭിപ്പായപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനമൊഴിഞ്ഞ കോര്‍ബിന്‍ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ലേബര്‍ നേതൃസ്ഥാനത്തേയ്ക്ക് കോര്‍ബിന്റെ പിന്‍ഗാമിക്കായുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും.

ലേബര്‍ പാര്‍ട്ടിയെ തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസത്തിന്റേയും തീവ്ര ഇടതുപക്ഷ സാമ്പത്തിക ആശയങ്ങളുടേയും മിശ്രിത ബ്രാന്‍ഡ് ആണ് കോര്‍ബിന്‍ അവതരിപ്പിച്ചത്. ഇത് ബ്രിട്ടനും പാശ്ചാത്യരാജ്യങ്ങളും മൗലികമായി തന്നെ എക്കാലവും എതിര്‍ത്തുപോരുന്ന ആശയങ്ങളാണ്. ജനങ്ങൾ ഇത് അംഗീകരിച്ചില്ല. പാശ്ചാത്യ വിദേശനയത്തോട് വലിയ ശത്രുത പുലര്‍ത്തുന്ന സമീപനമാണ് കോര്‍ബിന്‍ കാണിച്ചത്. ഇത് പരമ്പരാഗത ലേബര്‍ വോട്ടര്‍മാരെ അകറ്റാനിടയാക്കി – ബ്ലെയർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് യൂഗോവ് നടത്തിയ അഭിപ്രായ സര്‍വേയില്‍ കോര്‍ബിനെക്കുറിച്ച് മോശം അഭിപ്രായമാണ് 60 ശതമാനം പേരും രേഖപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെക്കുറിച്ച് മോശം അഭിപ്രായമുണ്ടായിരുന്നത് 47 ശതമാനം പേര്‍ക്കാണ്.

1983 മുതല്‍ ഐലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്ന് തുടര്‍ച്ചയായി ഹൗസ് ഓഫ് കോമണ്‍സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കോര്‍ബിന്‍ ബ്രിട്ടന്റെ സൈനിക നടപടികളെ ശക്തമായി എതിര്‍ത്തുപോന്ന നേതാവാണ്. ഇറാഖ് യുദ്ധത്തിനെതിരെ തുടര്‍ച്ചയായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത വ്യക്തി. 1997-2007 കാലത്ത് യുകെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ ജനപ്രീതി, വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇറാഖ് യുദ്ധത്തിന് സൈന്യത്തെ അയച്ചതോടെ ഇടിഞ്ഞിരുന്നു.