ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഗവൺമെന്റിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാട്സാപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വിവിധ ചർച്ചകൾ മുന്നോട്ടു വന്നിരിക്കുകയാണ്. ഇത് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിനാണെന്നും, യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ വാട്സാപ്പിലൂടെ ഇത്തരം വിവരങ്ങൾ കൈമാറുന്നത് സുരക്ഷാവീഴ്ച ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ പ്രവർത്തിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഇവർ. പബ്ലിക് റെക്കോർഡുകൾ സൂക്ഷിക്കപ്പെടേണ്ടതാണെന്നും, ഇത്തരം മെസ്സേജുകൾ ഈ പ്രവണത നശിപ്പിക്കുമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.

എന്നാൽ രഹസ്യമായ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുവാൻ പ്രത്യേക വഴികൾ ഗവൺമെന്റിന് ഉണ്ടെന്നും, ഉദ്യോഗസ്ഥരുമായുള്ള മീറ്റിംങ്ങുകളുടെ പ്രധാന വിവരങ്ങൾ മന്ത്രിമാർ എഴുതി സൂക്ഷിക്കുന്നുണ്ടെന്നും ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. 2020 നവംബർ മുതലാണ് ബോറിസ് ജോൺസനും മറ്റു മന്ത്രിമാരും ഇത്തരത്തിൽ വാട്സാപ്പിലൂടെ അവശ്യ വിവരങ്ങൾ കൈമാറാൻ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പംതന്നെ മറ്റുചിലർ സിഗ്നൽ ആപ്പും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം മെസേജുകളുടെ യാതൊരു റെക്കോർഡുകളും ഇവർ സൂക്ഷിക്കുന്നില്ല എന്നതാണ് മുഖ്യമായ ആരോപണം. 1958 ലെ പബ്ലിക് റെക്കോർഡ് ആക്ടിന് വിരുദ്ധമായാണ് ഗവൺമെന്റ് പ്രവർത്തികൾ എന്നാണ് ആരോപണം. എന്നാൽ അവശ്യമായവയുടെ എല്ലാ റെക്കോർഡുകളും സൂക്ഷിക്കുന്നുണ്ട് എന്നാണ് ഗവൺമെന്റിൻെറ പ്രതികരണം.