ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ഡെവോണിലെ ടോണ്ടണിൽ ഇലക്ട്രിക് ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ 16 വയസ്സുകാരൻ മരിച്ചു. ഒക്ടോബർ ഒന്നിന് രാത്രി 10.20ഓടെ ഈസ്റ്റ് റീച്ചിലെ ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു അപകടം. ബൈക്കിന്റെ പിന്നിലിരുന്ന യുവാവാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അടിയന്തരസേവന വിഭാഗങ്ങൾ സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കൗമാരക്കാരനെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലെത്തിച്ചു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും തുടർന്നും വൈദ്യസഹായം ആവശ്യമാണ്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസിന് ഇലക്ട്രിക് ബൈക്ക് കണ്ടെത്താനായില്ല. പിന്നീട് ബൈക്ക് കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് 15 വയസ്സുകാരനെ അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസ് വിലക്കുള്ളപ്പോഴും ഇൻഷുറൻസ് ഇല്ലാതെയും വാഹനമോടിച്ചെന്ന സംശയവും ഇയാൾക്കെതിരെയുണ്ട്. ജാമ്യത്തിൽ വിട്ടയച്ച കൗമാരക്കാരന് രാത്രി സമയത്ത് പുറത്തിറങ്ങരുതെന്നും സോമർസെറ്റിലേക്ക് മടങ്ങരുതെന്നും വ്യവസ്ഥകളുണ്ട്. അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.











Leave a Reply