ലണ്ടന്‍: മൂന്ന് തവണ തുടര്‍ച്ചയായി ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ നാലാം തവണ ഭാഗ്യം പരീക്ഷണത്തിന് തയ്യാറെടുത്ത് പ്രധാനമന്ത്രി തെരേസ മേയ്. വിമതരെയും കണ്‍സര്‍വേറ്റീവിലെ തന്നെ അകന്നു നില്‍ക്കുന്നവരെ ചേര്‍ത്ത് ബ്രെക്‌സിറ്റ് കരട് രേഖ വിജയിപ്പിക്കാനാവും ഇത്തവണ മേയ് ശ്രമിക്കുക. കഴിഞ്ഞ ദിവസം മേയ് അവതരിപ്പിച്ച ഡീല്‍ പാര്‍ലമെന്റ് തള്ളിയിരുന്നു. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

എന്നാല്‍ തെരേസ മേയ് എന്ത് തീരുമാനമെടുക്കുന്നുവെന്നതിനെ അനുസരിച്ചാവും മുന്നോട്ടുള്ള കാര്യങ്ങള്‍ നീങ്ങുക. ഒന്നുകില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയിലെ പ്രമുഖനെ സ്ഥാനമേല്‍പ്പിക്കുക. അല്ലെങ്കില്‍ നോ ഡീല്‍ ബ്രെക്സിറ്റിലേക്ക് കാര്യങ്ങള്‍ നീളുമെന്നാണ് സൂചന. ഇതൊന്നുമല്ലാതെ മറ്റൊരു സാധ്യതയാണ് നാലാമതും പിന്തുണ തേടി പാര്‍ലമെന്റിനെ സമീപിക്കുകയെന്നത്. ജെറമി കോര്‍ബനും സാജിദ് ജാവേദും ഉള്‍പ്പെടെയുള്ളവര്‍ തെരേസ മേയ്‌ക്കെതിരെ ചരടുവലികള്‍ നടത്തുന്നുണ്ടെങ്കിലും ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് മേയ് അനുകൂലികളുടെ പ്രതീക്ഷ. നാലാം തവണ കോമണ്‍സിലെത്തി കഴിഞ്ഞാല്‍ മേയുടെ ഡീല്‍ പാസാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഡീല്‍ പാസായില്ലെങ്കില്‍ അത് ഭരണപ്രതിസന്ധിയിലേക്കും പിന്നീട് പൊതു തെരഞ്ഞെടുപ്പിലേക്കും കാര്യങ്ങളെത്തിക്കും.

കാബിനെറ്റില്‍ മേയുടെ വിശ്വസ്തരായിരിക്കും ഇത്തവണ പ്രധാനമന്ത്രിയെ കൂടുതല്‍ സഹായിക്കുക. നോ ഡീല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. കൂടാതെ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ പൊതുവെ ജനവികാരവുമുണ്ട്. ഇത് കണക്കിലെടുത്ത് അടുത്ത തവണ മേയ് കൊണ്ടുവരുന്ന ഡീലിന് സമ്മതം മൂളാന്‍ വിമതര്‍ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.