മൂന്നാർ: ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസവും പരാജയപ്പെട്ടു. രണ്ട് ഡോസ് മയക്കുവെടി പ്രയോഗിച്ചിട്ടും ആന മയങ്ങാത്തതിനെ തുടർന്ന് കാട്ടിലേക്ക് നീങ്ങി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ദൗത്യം ഉണ്ടായിരിക്കില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്.) അറിയിച്ചു. വൈകിട്ട് മൂന്നുമണിയോടെയാണ് 301 ഏക്കറിലെ അങ്കണവാടിക്ക് സമീപം ആദ്യ മയക്കുവെടി പ്രയോഗിച്ചത്. വെടിയേറ്റതിന് പിന്നാലെ ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയത്തിലേക്ക് ഇറങ്ങി നീന്തി.
ജലാശയത്തിൽനിന്ന് കരയ്ക്കുകയറിയ ആനയെ നിയന്ത്രണത്തിലാക്കാൻ ദൗത്യസംഘവും കുങ്കിയാനകളും അടുത്തെത്തിയെങ്കിലും ചക്കക്കൊമ്പൻ സംഘത്തിന് നേരെ പാഞ്ഞടുത്തു. ഇതോടെ ദൗത്യസംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു. പിന്നീട് ആന ഈട്ടിക്കവല ഭാഗത്തേക്ക് നീങ്ങുകയും വീണ്ടും ജലാശയത്തിലേക്ക് ഇറങ്ങി നീന്തുകയും ചെയ്തു. ബോട്ടുകളിലും കരയിലുമായി നിലയുറപ്പിച്ചിരുന്ന വനംവകുപ്പ് സംഘത്തിന് ആനയെ അനുയോജ്യമായ സ്ഥലത്തെത്തിച്ച് മയക്കുവെടി വെക്കാനായിരുന്നു പദ്ധതി. എന്നാൽ ആനയുടെ നീക്കം ദൗത്യത്തിന് തടസ്സമായി.
ദൗത്യത്തിന്റെ മൂന്നാംദിവസമായ ഇന്ന് രാവിലെ നടുത്തുരുത്തി ഭാഗത്താണ് ചക്കക്കൊമ്പനെ കണ്ടെത്തിയത്. പന്നിയാർ എസ്റ്റേറ്റ്, 301 കോളനി ഭാഗങ്ങളിലേക്ക് ആന നീങ്ങുന്നത് തടയാൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. തുടർന്ന് എൺപതേക്കർ, ഇടുക്കുഴി, മറയൂർകുടി, കൊക്കുപാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് ആന നീങ്ങി. കഴിഞ്ഞ ദിവസങ്ങളിലും മയക്കുവെടി പ്രയോഗിച്ചിരുന്നെങ്കിലും ആനയെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.











Leave a Reply