തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരായ പരസ്യ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി യു.ഡി.എഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. മുന്നണിയുടെയും സർക്കാരിന്റെയും നിർണായക തീരുമാനങ്ങൾ പലപ്പോഴും തന്നെ അറിയിക്കാതെയാണ് എടുക്കുന്നതെന്നും, യു.ഡി.എഫ് യോഗങ്ങൾ പോലും കൃത്യമായി ചേരാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ തന്റെ അതൃപ്തി എ.ഐ.സി.സിയെ ഔദ്യോഗികമായി അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിഷൻ ചെയർമാനായി എം.കെ. മുനീറിനെയും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജനെയും നിയമിച്ച മന്ത്രിസഭാ തീരുമാനങ്ങളാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. ഇരുവരും അർഹതയുള്ളവരാണെന്ന് വ്യക്തമാക്കിയ അടൂർ പ്രകാശ്, എന്നാൽ യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ ഇത്തരം തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിച്ചില്ലെന്നതാണ് തന്റെ പരാതിയെന്ന് പറഞ്ഞു. മുന്നണിക്കുള്ളിൽ ചർച്ചയും കൂടിയാലോചനയും കുറയുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാസർകോട് മുതൽ തിരുവനന്തപുരം വരെ പാർട്ടി പ്രവർത്തകർ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അടൂർ പ്രകാശ് പറഞ്ഞു. പൊതുജനങ്ങൾ അറിയേണ്ട കാര്യങ്ങളായതിനാലാണ് തന്റെ അതൃപ്തി പരസ്യമായി പങ്കുവെച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, സർക്കാരിന്റെ തീരുമാനങ്ങൾ സംബന്ധിച്ച വിവാദം യു.ഡി.എഫിനുള്ളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.