ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രധാന റെയിൽപാതകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി അതിവേഗ വൈഫൈ സൗകര്യം ലഭിക്കും . രാജ്യത്തെ 1,400-ലധികം ട്രെയിനുകളിൽ ലോ-എർത്ത് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ഇന്റർനെറ്റ് സംവിധാനം നടപ്പാക്കാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ പദ്ധതി. നിലവിൽ മൊബൈൽ ടവറുകളെ ആശ്രയിച്ചുള്ള 4G, 5G ശൃംഖലയാണ് ട്രെയിനുകളിലെ വൈഫൈയ്ക്ക് ഉപയോഗിക്കുന്നത്. പുതിയ സംവിധാനം വന്നാൽ യാത്രയ്ക്കിടെ നേരിടുന്ന ‘നെറ്റ്‌വർക്ക് ബ്ലാക്ക് സ്പോട്ടുകൾ’ കുറയുകയും കൂടുതൽ വേഗതയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യും.

ലണ്ടർ നോർത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ തുടങ്ങിയ സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. തുടർന്ന് 57 മില്യൺ പൗണ്ടിന്റെ സർക്കാർ ധനസഹായത്തോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. നിലവിൽ 50–60 ശതമാനം മാത്രം ലഭ്യമാകുന്ന സ്ഥിരതയുള്ള വൈഫൈ സേവനം പുതിയ സംവിധാനത്തിലൂടെ 90 ശതമാനത്തിലേയ്ക്ക് ഉയർത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

അതേസമയം, യാത്രക്കാരുടെ പ്രധാന ആശങ്ക ഇപ്പോഴും ടിക്കറ്റ് നിരക്ക്, തിരക്ക്, സർവീസ് വൈകൽ തുടങ്ങിയവയാണെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി . എന്നിരുന്നാലും, മികച്ച ഇന്റർനെറ്റ് സൗകര്യം റെയിൽ യാത്ര കൂടുതൽ ആകർഷകമാക്കുമെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. യാത്രയ്ക്കിടയിലും തടസ്സമില്ലാതെ ജോലി ചെയ്യാനും വിനോദ സേവനങ്ങൾ ഉപയോഗിക്കാനുമാകുന്നതോടെ ബ്രിട്ടനിലെ റെയിൽ യാത്രയ്ക്ക് പുതിയ മുഖം ലഭിക്കുമെന്നാണ് വിലയിരുത്തൽ.











Leave a Reply