ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടമാണ് രാജ്യം ഇന്ന് കൈവരിച്ചത്. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ വിജയം മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനുള്ള നമ്മുടെ മാർഗ്ഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നലത്തെ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. ഇന്നലെ മാത്രം 660,276 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായത്. ഇതിൽ 132,016 പേർക്ക് രണ്ടാംഡോസും 520,260 പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ആണ് നൽകിയത്.

ബ്രിട്ടനിൽ ഏകദേശം 26.2 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലുള്ള അനശ്ചിതത്വം കാരണം അടുത്തമാസം വാക്സിൻ വിതരണം താളംതെറ്റിയേക്കുമെന്നുള്ള ആശങ്കൾ പരക്കെ ശക്തമാണ്. വാക്‌സിൻ ലഭ്യതയിലെ അനശ്ചിതത്വം പരിഹരിക്കാനായി ബ്രിട്ടനും ഇന്ത്യയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്‌സിൻ ലഭ്യതയിൽ കുറവ് നേരിട്ടാൽ അടുത്തമാസം പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കേണ്ടിയിരുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്.