ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡിനെ തുടർന്നുള്ള യാത്രാ അനിശ്ചിതത്തിൽ നിന്ന് കരകയറാനാവാതെ വിഷമിക്കുകയാണ് ബ്രിട്ടനിലെ വ്യോമഗതാഗത മേഖല . പെട്ടെന്നുള്ള ഫ്ലൈറ്റ് റദ്ദാക്കലിനെ തുടർന്ന് അവധിക്കാല യാത്രകൾ ദുരിതത്തിലായതിന്റെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും വ്യോമഗതാഗത മേഖലയ്ക്ക് സാധാരണ നില കൈവരിക്കാനായിട്ടില്ല.


ഹീത്രു എയർപോർട്ടിൽ നിന്നുള്ള അടുത്ത ആഴ്ച വരെയുള്ള ഹ്രസ്വദൂര വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചതാണ് വ്യോമഗതാഗത മേഖലയിലെ ഏറ്റവും പുതിയ വാർത്തയായിരിക്കുന്നത്. കോവിഡ് മൂലം മതിയായ ജീവനക്കാരുടെ അഭാവത്തെ തുടർന്ന് പെട്ടെന്ന് ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ എയർപോർട്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചതാണ് ടിക്കറ്റ് വിൽപ്പന നിർത്തിവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമാന സാഹചര്യത്തിൽ മറ്റു കമ്പനികളും ഫ്ലൈറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് യാത്രാദുരിതം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പുറമേ യാത്രക്കാരുടെ ലഗേജുകൾ വഴിതെറ്റുന്ന സംഭവങ്ങൾ മുൻപത്തേക്കാൾ കൂടുന്നതായുള്ള പരാതികളും വർദ്ധിച്ചിട്ടുണ്ട്. ജീവിത ചിലവ് കൂടുന്നതിനനുസരിച്ചുള്ള ശമ്പള വർദ്ധനവിന് വേണ്ടി എയർപോർട്ട് ജീവനക്കാരുടെ പണിമുടക്കും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.