ന്യൂസ് ഡെസ്ക്, മലയാളം യുകെ

അർജന്റീനയിൽ നിന്ന് ഒരു മാസം മുമ്പ് യാത്രതിരിച്ച എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിൽ ഹാൻറാവൈറസ് വ്യാപനം സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. കപ്പലിൽ ഉണ്ടായിരുന്ന ബ്രിട്ടനിലേക്ക് മടങ്ങിയ യാത്രക്കാരോട് 45 ദിവസം വരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇതിനിടെ മൂന്ന് പേർ മരിച്ചതും നിരവധി രാജ്യങ്ങളിൽ വ്യാപക കോൺടാക്ട് ട്രേസിംഗ് പുരോഗമിക്കുന്നതും സ്ഥിതിഗതികൾ ഗുരുതരമാക്കി. രോഗബാധയേറ്റ 56കാരനായ ബ്രിട്ടീഷ് പൗരൻ മാർട്ടിൻ ആൻസ്റ്റിയെ നെതർലൻഡ്സിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെന്റ് ഹെലേനയിൽ ഏപ്രിൽ 24ന് കപ്പലിൽ നിന്ന് ഇറങ്ങിയ രണ്ട് ബ്രിട്ടീഷ് യാത്രക്കാർ നിലവിൽ യുകെയിൽ സ്വയം നിരീക്ഷണത്തിലാണ്. ഇവർക്കിപ്പോൾ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും രോഗബാധയുള്ളവരുമായി സമ്പർക്കം ഉണ്ടായിരിക്കാമെന്ന ആശങ്കയിലാണ് ആരോഗ്യവിഭാഗം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കപ്പലിലുണ്ടായിരുന്ന എട്ട് പേർക്കാണ് ഇതുവരെ ഹാൻറാവൈറസ് ബാധ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്തത്. അതിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചതാണ്. നെതർലൻഡ്സ്, ജർമനി, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും പരിശോധനയും നിരീക്ഷണവും വ്യാപിപ്പിച്ചിട്ടുണ്ട്.

എലികളിൽ നിന്നാണ് സാധാരണ ഹാൻറാവൈറസ് പകരാറുള്ളത്. എന്നാൽ ഈ കേസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അടുത്ത സമ്പർക്കത്തിലൂടെ രോഗം പകരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആൻഡീസ് വിഭാഗത്തിലുള്ള വൈറസാണ് കണ്ടെത്തിയതെന്നും അപൂർവമായി ഇത് മനുഷ്യരിലേക്കും പകരുന്നുവെന്നുമാണ് റിപ്പോർട്ട്. ഒരാഴ്ച മുതൽ ആറ് ആഴ്ചവരെ രോഗലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ 150ഓളം യാത്രക്കാരും ജീവനക്കാരും കപ്പലിൽ കർശന നിരീക്ഷണത്തിലാണ്. കപ്പൽ മേയ് 9ന് സ്പെയിനിലെ ടെനെറിഫിൽ എത്തിച്ചേരും. അവിടെ എല്ലാവർക്കും ആരോഗ്യ പരിശോധന നടത്തി സ്വദേശങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.