ലണ്ടന്‍: ബ്രിട്ടനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പഴക്കം ചെന്നവയെന്ന് വെളിപ്പെടുത്തല്‍. 1990കളില്‍ നിര്‍മിച്ച കാര്യേജുകളിലാണ് ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയ്ക്ക് ശരാശരി 21.1 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രസ് അസോസിയേഷന്‍ വിശകലനം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നതിനൊപ്പം മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായാണ് വെളിപ്പെടുത്തല്‍.

ലണ്ടനും സ്‌കോട്ട്‌ലന്‍ഡിനുമിടയില്‍ സര്‍വീസ് നടത്തുന്ന കാലിഡോണിയന്‍ സ്ലീപ്പര്‍ സര്‍വീസില്‍ 42 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതിനു പിന്നില്‍ രണ്ടാം സ്ഥാനത്തായി മെഴ്‌സിസൈഡില്‍ സര്‍വീസ് നടത്തുന്ന മെഴ്‌സിറെയില്‍ ഉണ്ട്. 38 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ഈ രണ്ട് ഓപ്പറേറ്റര്‍മാരും വരുന്ന വര്‍ഷങ്ങളില്‍ പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നോര്‍ത്ത് ഇംഗ്ലണ്ടിലെ പേസേഴ്‌സ് പോലെയുള്ള സര്‍വീസുകളില്‍ 1980കളില്‍ നിര്‍മിച്ച കാര്യേജുകളാണ് ഉപയോഗിക്കുന്നത്. ബസുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇവ എത്രയും പെട്ടെന്ന് സ്‌ക്രാപ്പ് ചെയ്യണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. മറ്റ് സര്‍വീസുകളിലെ ട്രെയിനുകള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരണങ്ങള്‍ നടത്തി ഉപയോഗിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

രാജ്യത്തെ റെയില്‍ ഗതാഗത മേഖല ഒട്ടേറെ പുരോഗമിക്കേണ്ടതുണ്ടെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് തലവന്‍ സ്റ്റീഫന്‍ ജോസഫ് പറഞ്ഞു. പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് മിക്ക ഓപ്പറേറ്റര്‍മാരും പറയുന്നത്. ചിലര്‍ ട്രെയിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും പറയുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് നാം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.