പ്രമുഖ മലയാള പത്രത്തിൻറെ ഓൺലൈൻ കലോത്സവത്തിൽ സമ്മാനാർഹർ ആയതിൻറെ സന്തോഷത്തിലാണ് എലിസബത്ത് ചെറുവത്തൂരും അനിയൻ ജോൺ ചെറുവത്തൂരും . എലിസബത്ത് ബാംഗ്ലൂർ ക്രൈസ്റ്റ് അക്കാദമിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയും ജോൺ കോറമംഗലം സെൻറ് ഫ്രാൻസിസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മത്സരത്തിൽ കേരളത്തിന് പുറത്തുനിന്നുള്ള വിഭാഗത്തിലെ മികച്ച ഗായികയായി എലിസബത്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അനിയൻ ജോൺ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.

സിംഗസന്ദ്ര മണിപ്പാൽ കൗണ്ടി റോഡിലെ എം ജെ ലൈഫ് സ്റ്റൈൽ ആട്രിയയിൽ താമസിക്കുന്ന കണ്ണൂർ കുടിയാൻമല ചെറുവത്തൂർ വീട്ടിലെ സോമി ജേക്കബിന്റെയും അനു ജോണിന്റെയും മക്കളാണ് ഇരുവരും . ഇമാൻ കല്യാൺ ഹിന്ദുസ്ഥാനി സ്കൂളിലെ സംഗീത വിദ്യാർത്ഥികളും . ഹിന്ദി ,ഇംഗ്ലീഷ്, മലയാളം പാട്ടുകൾ ഒരുപോലെ വഴങ്ങുമെന്ന് ഇവരുടെ യൂട്യൂബ് ചാനലുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇവരുടെ സഹോദരനും പത്താംക്ലാസ് വിദ്യാർത്ഥിയുമായ ജേക്കബ് ചെറുവത്തൂരും പാടാൻ മിടുക്കൻ. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവവും സഹോദരങ്ങൾക്ക് പിൻബലമായുണ്ട്.

2019 -ൽ ബാംഗ്ലൂരിൽ നടന്ന ഇൻറർ സ്കൂൾ മത്സരത്തിൽ ഹിന്ദി ഗാന വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ഗാനത്തിൽ രണ്ടാം സ്ഥാനവും എലിസബത്ത് നേടിയിരുന്നു. ആട്ടം പാട്ടിൽ ഹിന്ദി ചലചിത്രം രാംലീലയിലെ ‘എ ലാൽ ഇഷ്ക് ‘ എന്ന ഗാനത്തിനാണ് എലിസബത്ത് സമ്മാനാർഹയായത്. ബ്രൂണോ മാർസിന്റെ ‘ടോക്കിങ് ടൂ ദ് മൂൺ’ എന്ന ആൽബത്തിലെ ‘ഐ നോ യൂ ‘ ആർ സംവേർ ഔട്ട് ദേർ ‘എന്ന പാട്ടിനാണ് ജോണിന് സമ്മാനം.