ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 32 ആയി. സവായ് മദോപുരിലെ ദുബിയില്‍ ശനിയാഴ്ച രാവിലെയായിരുന്ന അപകടം. ബാണാസ് നദിയിലാണ് ബസ് പതിച്ചത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സവായി മധോപൂരില്‍ നിന്നും ലാല്‍സോട്ടിലേക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് ബസ് ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇയാള്‍ ബസിന്റെ കണ്ടക്ടര്‍ ആയിരുന്നു. ഇടുങ്ങിയ പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച ശേഷമാണ് നദിയില്‍ വീണത്.

ഇതുവരെ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാല്പത് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബസില്‍ വലിയ തോതില്‍ ആളുകളെ കയറ്റിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള തീര്‍ഥാടകരായിരുന്നു ബസില്‍. ലാല്‍സോട്ടിലെ രാംദേവ്ര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയതായിരുന്നു ഇവര്‍. നദിയില്‍ നിന്നും ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും അടക്കമുള്ളവര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.