ചെന്നൈ∙‘കടവുളേ, കാപ്പാത്തുങ്കോ’- ഫോണിലേക്കു വരുന്ന ഓരോ വിളിയും റിയൽ എസ്റ്റേറ്റ് വ്യവസായിയായ ബൂബാലൻ ഇപ്പോൾ എടുക്കുന്നതു ഈ പ്രാ‍ർഥനയോടെയാണ്. ഒരാഴ്ചയായി ദിനംപ്രതി നൂറിലേറെ വിളികളാണു ബൂബാലന്റെ ഫോണിലേക്കെത്തുന്നത്. എല്ലാവർക്കും ഒരേ ആവശ്യം. നടി വാണി ബോജനോട് സംസാരിക്കണം. ഇതു വാണിയുടെ നമ്പറല്ലെന്നു പറഞ്ഞാൽ പിന്നെ പൂരത്തെറിയാണ്. സഹികെട്ട് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണു ബൂബാലൻ.

‘ഓ മൈ കടവുളേ’ എന്ന സിനിമ റിലീസ് ആയതോടെയാണു ബൂബാലന്റെ ഫോണിനു വിശ്രമമില്ലാതായത്. ചിത്രത്തിൽ വാണി അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രം നായകനു സ്വന്തം ഫോൺ നമ്പർ കൊടുക്കുന്ന രംഗമുണ്ട്. ഇതിൽ വീണ പറയുന്ന ഫോൺ നമ്പർ ബൂബാലന്റേതാണ്. സിനിമ റിലീസായ ദിവസം മുതൽ ഫോണിലേക്കു വീണയെ അന്വേഷിച്ചു വിളികൾ എത്തിത്തുടങ്ങി.

സിനിമ കണ്ടിട്ടില്ലാത്തതിനാൽ ആദ്യമൊന്നും സംഗതി പിടികിട്ടിയില്ല. പിന്നീട് സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണു സിനിമ ഒപ്പിച്ച പാരയാണെന്നു മനസ്സിലായത്. ഇപ്പോൾ ദിനംപ്രതി ശരാശരി 100 വിളികളെങ്കിലും വീണയെ അന്വേഷിച്ചെത്തും. നമ്പർ തെറ്റിയെന്നു പറഞ്ഞാൽ പൂരത്തെറിയാണ്. അതിനാൽ, നേരത്തെ സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളൊന്നും എടുക്കുന്നില്ല. ഈ ഫോൺ വിളികൾ തന്റെ ബിസിനസിനെ ബാധിച്ചു തുടങ്ങിയെന്നു ബൂബാലൻ പറയുന്നു. 17 വർഷമായി താൻ ഉപയോഗിക്കുന്ന നമ്പർ, അനുമതി ചോദിക്കാതെ സിനിമയിൽ ഉപയോഗിച്ച സംവിധായകനും നിർമാതാവിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു ബൂബാലൻ.