ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രണ്ടുമാസം കൊണ്ട് ബൂട്സ് ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് 736,000 പൗണ്ട് തുകയുടെ തട്ടിപ്പ് നടത്തിയ ബിസിനസ്സുകാരന് ജയിൽശിക്ഷ ലഭിച്ചിരിക്കുകയാണ്. കാർഡിനെ സംബന്ധിക്കുന്ന ഒരു രഹസ്യ ലൂപ്ഹോൾ ഉപയോഗിച്ചാണ് മുപ്പത്തിയേഴുകാരനായ റോബർട്ട്‌ ബെൽ തട്ടിപ്പ് നടത്തിയത്. ഓർഡർ ഫോം പൂരിപ്പിച്ചു നൽകിയതിലൂടെ റോബർട്ടിന് സൗജന്യമായി ലഭിച്ച കാർഡുകളിൽ അദ്ദേഹം ക്രെഡിറ്റ് സേവനം ലഭ്യമാക്കുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ സ്വന്തമാക്കിയ തുക അദ്ദേഹം ഒരിക്കലും തിരിച്ചടക്കാൻ ശ്രമിച്ചിരുന്നില്ല. ഗ്ലാസ്ഗോ ഷെരിഫ് കോടതി അദ്ദേഹത്തെ 33 മാസത്തെ ജയിൽ ശിക്ഷയ്ക്കാണ് വിധിച്ചത്. റോബർട്ട് ഈ പണം എന്തിനു വേണ്ടി ഉപയോഗിച്ചു എന്നത് ഇതുവരെയും അന്വേഷണത്തിൽ വ്യക്തമായിട്ടില്ല. മറ്റൊരു 150,000 പൗണ്ട് തുകയുടെ തട്ടിപ്പ് നടത്തുന്നതിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോഴാണ് റോബർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2017 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങൾക്കിടയിൽ ആണ് അദ്ദേഹം ഈ തട്ടിപ്പ് എല്ലാം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഈസ്റ്റ്‌ ഡൻബാറ്റൺഷെയറിൽ ഒരു ചെറിയ വീട് കേന്ദ്രീകരിച്ചാണ് റോബർട്ട് ബിസിനസ്സുകൾ നടത്തുന്നതെന്നാണ് അദ്ദേഹത്തിന് സ്പെഷ്യൽ ഡെലിവറികൾ നൽകിയതായി അവകാശപ്പെടുന്ന പോസ്റ്റുമാൻ വ്യക്തമാക്കിയത്. തന്റെ ജീവനക്കാർക്ക് ഗിഫ്റ്റ് ആയി നൽകാൻ വേണ്ടിയാണ് റോബർട്ട് കാർഡുകൾക്കായി അപേക്ഷിച്ചത്. ഇതിൽ തനിക്ക് നാല്പതോളം ജീവനക്കാർ ഉണ്ടെന്നാണ് റോബർട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് ഡെലിവറിയിൽ നൽകിയിരുന്ന പോസ്റ്റുമാൻ അവിടെ വേറെ ജീവനക്കാർ ഒന്നും തന്നെ ഇല്ല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബൂട്ട്സ് കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞശേഷം റോബർട്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒരു തരത്തിലുള്ള മറുപടിയും നൽകിയില്ല. അതിനുശേഷം കമ്പനി തന്നെ മറ്റുള്ള കാർഡുകൾ പ്രവർത്തന രഹിതമാക്കുകയായിരുന്നു.