കൊച്ചിയിൽ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി എ വിദ്യാർഥി മിഷേൽ ഷാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ വിദ്യാർഥിനി കൊല്ലപ്പെട്ടതാണെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ സി എ വിദ്യാർഥിനി, ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേലിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. ഹോസ്റ്റലിൽ നിന്നും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോയ മിഷേലിനെ കാണാത്തതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് മിഷേലിന്റെ മൃതദേഹം പിറ്റേ ദിവസം കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ ദിവസം പെൺകുട്ടിയെ രണ്ട് പേർ ബൈക്കിൽ പിന്തുടർന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് വഴിയിൽ ഒരു യുവാവ് പെൺകുട്ടിയെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതായും വിവരങ്ങൾ ലഭിച്ചിരുന്നു. ഒരു യുവാവ് പെൺകുട്ടിയുടെ പിറകേ നടന്ന് പ്രണയാഭ്യർഥന നടത്തിയതായി സുഹൃത്തുക്കളോട് പെൺകുട്ടി നേരത്തെ സൂചിപ്പിച്ചിരുന്നു ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.