ഡബ്ലിന്‍: ഐറിഷ് മലയാളി മനസുകളില്‍ സ്വതന്ത്ര ചിന്തയുടെ അഗ്‌നിഗോളങ്ങള്‍ വര്‍ഷിച്ചു പ്രശസ്ത ശാസ്ത്ര പ്രചാരകന്‍ ശ്രീ രവിചന്ദ്രന്റെ പ്രഭാഷണവും സംവാദവും ഡബ്ലിന്‍ താല പ്ലാസാ ഹോട്ടലില്‍ നടന്നു. മലയാളികള്‍ക്ക് ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ സമയനിഷ്ഠ കൃത്യതയോടെ പാലിച്ച, കൃത്യം 5 മണിക്ക് തന്നെ ആരംഭിച്ച, എസ്സെന്‍സ് അയര്‍ലന്‍ഡ് ക്ലബ് ഒരുക്കിയ ‘ജനനാനന്തര ജീവിതം’മെന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം അക്ഷരാര്‍ത്ഥത്തില്‍ മാറ്റത്തിന്റെ മാറ്റൊലി തന്നെയായിരുന്നു.

സംഘര്‍ഷങ്ങളും പല വിധ ചിന്തകളും നിറഞ്ഞു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഏത് ദിശയിലൂടെ പോകണം എന്ന് ആകുലപ്പെടുന്ന മനസുകള്‍ക്ക് കൃത്യമായ വഴി തുറന്ന് കൊടുക്കുകയായിരുന്നു ഇന്നലെ രവിചന്ദ്രന്‍ ചെയ്തത്. ആചാരങ്ങളുടെ പൊള്ളത്തരങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വലിച്ചു കീറിയ അദ്ദേഹം, പരിണാമത്തെയും ശാസ്ത്രത്തെയും കുറിച്ച് വളരെ എളുപ്പത്തില്‍ യുക്തിയ്ക്ക് നിരക്കുന്ന രീതിയില്‍ തന്നെ വിഷയം അവതരിപ്പിച്ചു. മെയ് 25നു അയര്‍ലണ്ടില്‍ നടന്ന ജനഹിതപരിശോധനയില്‍ യെസ് പക്ഷം വിജയിച്ചുവെങ്കിലും അബോര്‍ഷന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം വളരെ വിശദമായി തന്നെ പ്രതിപാദിക്കുകയുണ്ടായി.

ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് ശേഷം അദ്ദേഹം സദസ്സില്‍ നിന്നും എഴുതി വാങ്ങിയ ചോദ്യങ്ങള്‍ക്കു കൃത്യതയോടെ മറുപടി നല്‍കുകയുണ്ടായി. മൂന്ന് മണിക്കൂര്‍ ഉദ്ദേശിച്ച പരിപാടി ഏതാണ്ട് നാലു മണിക്കൂര്‍ നീണ്ടു നിന്നു. ഹാള്‍ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തില്‍, തുടക്കം മുതല്‍ യുക്തിചിന്തയും സത്യാന്വേഷണവും ശാസ്ത്രീയതയുമാണ് നിറഞ്ഞു നിന്നത്. ഇടയ്ക്ക് നര്‍മ്മത്തിലൂടെയുള്ള അദ്ദേഹത്തിന്റെ മറുപടികളും കുറിയ്ക്ക് കൊള്ളുന്ന പ്രയോഗങ്ങളും ഒരു വേറിട്ട അനുഭവമായി മാറി.

എസ്സെന്‍സ് അയര്‍ലണ്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും ശാസ്ത്ര ബോധത്തിന്റെയും അറിവുകളും തിരിച്ചറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനും സ്വയം മനസിലാക്കാനും ആഗ്രഹമുള്ള നിരവധി പേര്‍ ഇന്നലെ തന്നെ ക്ലബില്‍ അംഗത്വം എടുത്തു.

ടോമി സെബാസ്റ്റ്യന്‍ സ്വാഗതം പറയുകയും, ഡോ. സുരേഷ് സി. പിള്ള സി. രവിചന്ദ്രനുള്ള ഉപഹാരം സമ്മാനിക്കുകയും, അശ്വതി ശ്രീകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ചോദ്യോത്തര വേളയുടെ മോഡറേറ്റര്‍ സെബി സെബാസ്റ്റ്യന്‍ ആയിരുന്നു.

കൂടുതല്‍ വിവരങ്ങളും മറ്റും എസ്സെന്‍സ് അയര്‍ലന്‍ഡ് ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.

https://facebook.com/esSENSEIreland