കാന്‍സര്‍ രോഗിയായ തന്നെ ചികില്‍സിക്കാമോ എന്ന് വാട്സപ്പിലൂടെ അച്ഛനോട് കരഞ്ഞപേക്ഷിച്ച പതിമൂന്നുകാരി സായി ശ്രീ മരണത്തിന് കീഴടങ്ങി. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് സായി ശ്രീ കെഞ്ചി അപേക്ഷിച്ചിട്ടും ഒന്നു കാണാന്‍ പോലും അച്ഛന്‍ ശിവകുമാര്‍ തയാറായില്ല. ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ സായിയുടെ അച്ഛനും അമ്മയും രണ്ടുവര്‍ഷം മുന്‍പാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത്.
അസ്ഥി മജ്ജയില്‍ കാന്‍സറാണെന്ന് അറിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത അച്ഛനോടാണ് സായി കരഞ്ഞപേക്ഷിച്ചത്. വാട്സാപ്പിലൂടെ അച്ഛന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ‍ വൈറലാണ്. ഈ വീഡിയോ അച്ഛന് അയച്ചുകൊടുത്ത് ദിവസങ്ങള്‍ക്കകം അവള്‍ ലോകത്തോട് വിടപറയുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കഴിവുണ്ടായിട്ടും ചികില്‍സിക്കാന്‍ പണം നല്‍കാത്തതിനാണ് കേസെടുത്തത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനെയും ചുമതലപ്പെടുത്തി. രോഗബാധിതയായ സായിയെ ചികില്‍സിക്കാന്‍ അമ്മ സുമ ശ്രീക്ക് സാമ്പത്തികമില്ലാത്തതിനാലാണ് ബെംഗളൂരുവില്‍ താമസിക്കുന്ന അച്ഛന് സായി വാട്സാപ്പ് സന്ദേശമയച്ചത്. മകളുടെ ചികില്‍സയ്ക്കായി വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വാങ്ങാനെത്തിയവരെ ശിവകുമാര്‍ ഭീഷണിപ്പെടുത്തിയതായും സുമശ്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.