ചുരുങ്ങിയ ചെലവില്‍ രോഗികള്‍ക്ക് നല്കാനാകുന്ന അര്‍ബുദ മരുന്നു വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഡയറക്ടര്‍ ഡോ ആഷാ കിഷോര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അര്‍ബുദ ചികില്‍സയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന കണ്ടുപിടുത്തമാണ് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേത്. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന, ഞരമ്പുകളില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. എലികളില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും മരുന്ന് വിജയകരമായി. നാട്ടില്‍ സാധാരണ കാണപ്പെടുന്ന ചെടിയില്‍ നിന്നാണ് മരുന്ന് വികസിപ്പിച്ചത്. ക്ളിനിക്കല്‍ പരീക്ഷണത്തിന് കൈമാറിയതായി ഇന്‍സ്ററിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു.

സീനിയര്‍ സയന്റിസ്റ്റ് ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. മരുന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനാകണമെങ്കില്‍ ഇനിയും നിരവധി പരീക്ഷണങ്ങള്‍ ബാക്കിയുണ്ട്. മരുന്ന്് മനുഷ്യരിലും വിജയകരമായാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികള്‍ക്് ലഭ്യമാക്കാനാകും.