കണ്ണൂര്‍, കൂത്തുപറമ്പില്‍ മോഷണത്തിനിരയായ ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങി മരിച്ചു. ആമ്പിലാട് സ്വദേശി സതീശനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭിന്നശേഷിക്കാരനായ സതീശന്റെ പണവും, ലോട്ടറി ടിക്കറ്റുകളും വാഹനത്തിലെത്തിയ സംഘം കവര്‍ന്നത്.

ഇന്നു രാവിലെയാണ് സഹോദരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഏണിപ്പടിയില്‍ സതീശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. ലോട്ടറി വില്‍നയ്ക്കെന്നു പറഞ്ഞാണ് അതിരാവിലെ സതീശന്‍ വീട്ടില്‍ നിന്നിറങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച കൂത്തുപറമ്പ് നഗരത്തിന് സമീപം വച്ച് സതീശന്‍ മോഷണത്തിനിരയായിരുന്നു.

വീട്ടില്‍ നിന്ന് ലോട്ടറി വില്‍പനയ്ക്കായി തന്റെ വാഹനത്തില്‍ വരുന്നതിനിടെ കാറിലെത്തിയ സംഘം സതീശന്റെ കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ച ശേഷം ബാഗുമായി കടന്നുകളയുകയായിരുന്നു. പതിമൂവായിരം രൂപയും, 3500 രൂപയുടെ ടിക്കറ്റുകളും നഷ്ടപ്പെട്ടു. ഇതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് സതീശന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ നിഗമനം.

മോഷണക്കേസില്‍ കൂത്തുപറമ്പ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പണവും, ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടത് സതീശന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായും ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.