ന്യൂസ് ഡെസ്ക് മലയാളം യുകെ

ലൈംഗികാതിക്രമത്തിന് ഇരയായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ട് അവധിയിലായിരുന്ന വിദ്യാർത്ഥിനിയോട് മാനുഷിക പരിഗണന കാട്ടിയില്ലെന്ന് യൂണിവേഴ്സിറ്റിക്ക് എതിരെ കടുത്ത ആരോപണം ഉയർന്നു. അവധിയിലായിരുന്ന സമയത്ത് ഫീസിനായി വിദ്യാർഥിനിയെ വേട്ടയാടി എന്ന കടുത്ത ആരോപണമാണ് അവർ പഠിക്കുന്ന കാർഡിഫ് സർവകലാശാലയ്ക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥികളും രംഗത്ത് വന്നിട്ടുണ്ട്.

2021 മാർച്ചിൽ ബലാൽസംഗത്തിന് ഇരയായപ്പോൾ 23 കാരിയായ പെൺകുട്ടി കാർഡിഫ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്നു. 9000 പൗണ്ട് ഫീസ് കുടിശിക അടയ്ക്കുന്നതിനായി സർവകലാശാലയിലെ ഫിനാൻസ് വിഭാഗത്തിൽനിന്ന് തന്നെ നിരന്തരമായ ശല്യപ്പെടുത്തലാണ് അവധിയിലായിരുന്നപ്പോൾ പോലും പെൺകുട്ടി നേരിടേണ്ടിവന്നത്. ഇതിൽ തനിക്ക് കടുത്ത നിരാശ തോന്നിയതായി ഇരയായ പെൺകുട്ടി പറഞ്ഞു. ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ തെല്ലും പരിഗണിക്കാതെ അനാവശ്യ സമർദ്ധം ചെലുത്തുകയാണ് യൂണിവേഴ്സിറ്റി അധികൃതർ ചെയ്തതെന്ന് പെൺകുട്ടി ആരോപിച്ചു.

പണം നൽകിയില്ലെങ്കിൽ കോഴ്സിൽ നിന്ന് പുറത്താക്കുമെന്ന കത്തുകൾ പലവട്ടമാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. 2017 മുതൽ 2021 വരെയുള്ള അധ്യയന വർഷത്തിൽ 691 ലൈംഗിക അതിക്രമങ്ങളുടെ റിപ്പോർട്ടുകളാണ് കാർഡിഫ് സർവകലാശാലയിൽ നിന്ന് ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്നത്. 2017 നും 2023 നും ഇടയിൽ ലൈംഗികാതിക്രമങ്ങൾക്ക് പ്രതി ചേർക്കപ്പെട്ട അഞ്ചോളം വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്.ലൈംഗികാതിക്രമത്തിന് ഇരയായവരുടെ ആശങ്കകൾ ചർച്ചചെയ്യുമെന്ന് കാർഡിഫ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വെൻഡി ലാർണർ പറഞ്ഞു.