ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ കെയർ ഹോമുകളിൽ താമസിക്കുന്ന വയോധികർക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചു. ജനിതക വകഭേദം വന്ന കൊറോണ വൈറസിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിലാണ് പ്രായമായവർക്ക് വാക്സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇംഗ്ലണ്ടിൽ ഇതുവരെ 34 പേർക്ക് പുതിയ വൈറസ് വകഭേദമായ. BA. 2.86 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 28 പേരും നോർഫോക്കിലെ അന്തേവാസികളാണ്.

പുതിയ വൈറസ് വകഭേദം മുൻകാല വേരിയന്റുകളെക്കാൾ ഗുരുതരമാണോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ. കെയർ ഹോമുകളിൽ കഴിയുന്നവർ, വീടുകളിൽ താമസിക്കുന്ന വയോധികർ , അർഹരായ മറ്റ് വിഭാഗങ്ങൾ എന്നിവരെ ഉടൻതന്നെ വാക്സിൻ നൽകുന്നതിനായി ക്ഷണിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ . ഇംഗ്ലണ്ടിനൊപ്പം തന്നെ സ്കോട്ട് ലൻഡ്, വെയിൽസ് , നോർത്തേൺ അയർലൻഡും ബൂസ്റ്റർ ഡോസുകൾ നൽകുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.


വാക്സിൽ എടുക്കാൻ അർഹരായവരെ എൻഎച്ച്എസ് ബന്ധപ്പെടും. ഇംഗ്ലണ്ടിലെ ആളുകൾക്ക് എൻഎച്ച്എസ് വെബ്സൈറ്റ് വഴിയോ എൻഎച്ച്എസ് ആപ്പ് വഴിയോ സെപ്റ്റംബർ 18 മുതൽ അവരുടെ വാക്സിൻ ബുക്ക് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ 119 എന്ന നമ്പറിലേയ്ക്ക് വിളിച്ചോ ബുക്ക് ചെയ്യാം. എല്ലാ മരുന്നുകളെ പോലെ വാക്സിനും പൂർണ്ണമായി ഫലപ്രദമല്ല. വാക്സിൻ സ്വീകരിച്ചാലും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വൈറസ് ബാധയുടെ കാഠിന്യം കുറവായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.