ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഡൗണിങ് സ്ട്രീറ്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി ആണെന്ന വെളിപ്പെടുത്തലാണ് ലോർഡ് ആഷ്ക്രോഫ്റ്റിന്റെ പുതുതായി പുറത്തിറക്കുന്ന പുസ്തകത്തിലുള്ളത്. ക്യാരിയും അവരുടെ സുഹൃത്തുക്കളും നിയന്ത്രിക്കുന്ന ഒരു വ്യക്തി മാത്രമാണ് ബോറിസ് ജോൺസൻ എന്ന് പുസ്തകം കുറ്റപ്പെടുത്തുന്നു. തന്റെ ഔദ്യോഗിക ഉപദേശകരുടെ അഭിപ്രായത്തെക്കാൾ, ബോറിസ് ജോൺസൻ തന്റെ ഭാര്യയുടേയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾക്കാണ് വില കൊടുക്കുന്നത്. എന്നാൽ പുസ്തകത്തിലുള്ളത് വെറും അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലുകൾ മാത്രമാണെന്നും, ഇത് വളരെ ആസൂത്രിതമായ നീക്കമാണെന്നും ക്യാരിയുടെ വക്താവ് വ്യക്തമാക്കി. ” ഫസ്റ്റ് ലേഡി : ഇൻട്രിഗ് അറ്റ് ദി കോർട്ട് ഓഫ് ക്യാരി & ബോറിസ് ജോൺസൻ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം പ്രധാനമന്ത്രിക്കെതിരെയും ഭാര്യക്കെതിരെയും ശക്തമായ കുറ്റപ്പെടുത്തലുകൾ ആണ് മുന്നോട്ടു വയ്ക്കുന്നത്.

ഡൗണിങ് സ്ട്രീറ്റ് പാർട്ടി വിവാദവും, പണപ്പെരുപ്പവുമെല്ലാമായി ശക്തമായ പ്രതിസന്ധികൾ നേരിടുന്ന പ്രധാനമന്ത്രിക്ക് മേൽ ഏറ്റിരിക്കുന്ന ശക്തമായ തിരിച്ചടിയാണ് ലോർഡ് ആഷ്ക്രോഫ്റ്റിൻെറ പുസ്തകം. പുസ്തകം യുകെയിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയിൽ വിവിധ പംക്തികളായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർട്ടി വിവാദത്തിലും ക്യാരിക്ക് പങ്കുണ്ടെന്നാണ് ആഷ്ക്രോഫ്റ്റ് ആരോപിക്കുന്നത്. തന്റെ ഉദ്ദേശം ഒരുതരത്തിലും പ്രധാനമന്ത്രിയെ അപമാനിക്കുകയല്ലെന്നും, മറിച്ച് അദ്ദേഹത്തിന്റെ പൂർണ്ണ കഴിവ് ഉപയോഗിച്ച് രാജ്യത്തിന്റെ ഭരണചക്രം നിയന്ത്രിക്കുവാൻ പ്രേരിപ്പിക്കുകയാണെന്നും ആഷ്ക്രോഫ്റ്റ് പറഞ്ഞു.