ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് കാലത്തിനു മുമ്പേ സഞ്ചരിച്ച കലാകാരനാണോ എന്നാണ്. കാരണം ഓണക്കാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറക്കലും ഒക്കെ സമന്വയിപ്പിച്ച് ആനുകാലിക സംഭവങ്ങളുടെ തനിപ്പകര്‍പ്പായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടോംസ് വരച്ച കാര്‍ട്ടൂണാണ്. ബോബനും മോളിയും എന്ന തന്റെ കാര്‍ട്ടൂണിലൂടെ ഒരു തലമുറയെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരനാണ് ടോംസ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്ന കാര്‍ട്ടൂണില്‍ ഓണക്കാലത്ത് കനത്ത വെള്ളപ്പൊക്കം നേരിടുന്ന കേരളവും ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവുമെല്ലാം ഉള്‍പ്പെടുന്നു. ആനുകാലിക കേരളത്തില്‍ സംഭവിച്ചവയുടെ തനിപ്പകര്‍പ്പ് തന്നെയാണ് ടോംസ് വരച്ചിരിക്കുന്നത്.