Association

പുതുവർഷത്തെ വരവേൽക്കാൻ യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഒരുക്കുന്ന “സമീക്ഷാസ് ഗോട്ട് ടാലെന്റ്‌സ് “2023 ജനുവരി1 യുകെ സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും.

സമീക്ഷയുകെയുടെ ഫേസ്ബുക്ക് പേജുവഴി ലൈവിലൂടെ പരിപാടി ഏവർക്കും ആസ്വദിക്കാം.

സമീക്ഷയുകെയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നും കലാകാരൻമാർ താഴെ പറയും പ്രകാരം പരിപാടിയിൽ പങ്കെടുക്കും.

നോർത്താംപ്റ്റൺ – അഡ്വ. ദിലീപ് കുമാർ, കെറിൻ സന്തോഷ്, സത്യനാരായണൻ, സജിത്ത് വർമ്മ, ജോഷി.

ബോസ്റ്റൺ – അരുൺ ബി നായർ, സാധിക കെ ആർ, ആര്യശ്രീ ഭാസ്കർ, നിധീഷ് പാലക്കൽ, മിയ റോസ് സന്തോഷ്,

എക്സിറ്റർ-ക്രിസ്റ്റീൻ ജോൺ,

മാഞ്ചസ്റ്റർ – ജോർജ് വടക്കുംചേരി.

ഷെഫീൽഡ് -സജോ ആൻറണി.

നിരവധി കലാ പ്രതിഭകൾ അണി നിരക്കുന്ന ഒരു ന്യത്ത-സംഗീത രാവുതന്നെയാകും സമീക്ഷയുടെ ഈ പുതുവത്സരാഘോഷ പരിപാടി.

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും സമീക്ഷ യുകെയുടെ പുതുവത്സരാശംസകൾ നേരുന്നതോടൊപ്പം ഫേസ്ബുക്ക് ലൈവിലൂടെ ഈ നൃത്ത-സംഗീത പരിപാടി ആസ്വദിക്കാൻ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

ലണ്ടൻ: 2023 മാർച്ച് അവസാനത്തോടുകൂടി ലണ്ടനിൽനിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യയുടെ വിമാനസർവീസ് റദ്ദാക്കുമെന്നും പിന്നീട് നടത്തുന്ന യാത്രകളിൽ ബോംബെയിലോ ഡൽഹിയിലോ വിമാനമിറങ്ങി മാത്രമേ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ എത്തുവാൻ സാധിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നുമാണ് അറിയുവാൻ കഴിഞ്ഞത്. അതുകൊണ്ട് ലണ്ടൻ-കൊച്ചി വിമാന സർവീസ് നിർത്തലാക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ അധികൃതർക്ക് യുകെയിലെ ലോക കേരളസഭാംഗങ്ങൾ നിവേദനം നൽകി. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിയുടെയും കേരളത്തിൽ നിന്നുമുള്ള എംപിമാരുടെയും സഹായവും അഭ്യർത്ഥിച്ചു.

എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് തുടങ്ങിയ നാൾ മുതൽ വളരെ ലാഭത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിന്റെ യാത്ര ക്ലേശങ്ങൾക്ക് ഈ സർവ്വീസ് ഒരു പരിധിവരെയെങ്കിലും ആശ്വാസം നൽകുന്ന ഒന്നായിരുന്നു. ഈ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള ശ്രമങ്ങളിൽ നിന്നും എയർ ഇൻഡ്യാ അധികൃതരെ പിന്തിരിപ്പിക്കാൻ കേരള മുഖ്യമന്ത്രി,കേരളത്തിൽ നിന്നുള്ള എംപിമാർ തുടങ്ങിയവർ കൂട്ടായി ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് യുകെയിൽ നിന്നുമുള്ള ലോക കേരള സഭാ അംഗങ്ങൾ കത്ത് അയച്ചത്. (കത്തിന്റെ പൂർണ്ണ രൂപം ചുവടെ ചേർത്തിട്ടുണ്ട്). എയർ ഇന്ത്യയുടെ അന്തർദേശീയ സർവീസുകളിൽ കൂടുതൽ ലാഭകരമായ ലണ്ടൻ കൊച്ചി സർവീസ് നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിൽ പ്രത്യേക ലോബികളുടെ ബാഹ്യമായ ഇടപെടലുകൾ ഉണ്ടോ എന്നും സംശയിക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ വച്ച് നടന്ന ലോക കേരള സഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളനത്തിൽ യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗങ്ങൾ ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയതിനെതുടർന്ന് ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസമായി ഷെഡ്യൂൾ ചെയ്തു ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് എയർ ഇന്ത്യ അധികൃതർക്ക് നൽകിയതിനോടൊപ്പം തന്നെ കേരള മുഖ്യമന്ത്രിയെയും കേരളത്തിൽ നിന്നുമുള്ള മുഴുവൻ എംപിമാരെയും ഇക്കാര്യം അറിയിച്ചു കൊണ്ട് കത്ത് നൽകുവാൻ യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗങ്ങൾ തീരുമാനിച്ചത്.

ലണ്ടൻ-കൊച്ചി ഡയറക്റ്റ് സർവ്വീസ് കേരളത്തിലെ ടുറിസം മേഖലയെ വിപ്ലവകരമായ മാറ്റത്തിന് സാഹായിക്കാൻ കെല്പുള്ള ഒന്നാണ് എന്ന കാര്യം നിസ്തർക്കമാണ്.കാരണം കേരളം എന്ന ഡെസ്റ്റിനേഷനിൽ ഒരു ഇംഗ്ലീഷ് ടുറിസ്റ്റിന് എത്തിച്ചേരണമെങ്കിൽ രാജ്യത്തിനുള്ളിൽ തന്നെ പല കടമ്പകൾ കടക്കണം എന്ന സ്ഥിതി ഇപ്പോൾ ഇല്ല. മാത്രമല്ല കേരളത്തിന്റെ ടുറിസം സർവ്വീസ് ഉൽപ്പന്നങ്ങളെ നേരിട്ട് മാർക്കെറ്റ് ചെയ്യണമെങ്കിൽ നേരിട്ടുള്ള വിമാന സർവ്വീസും ആവശ്യമാണ്.

കൂടാതെ ,ചെറുകിട കയറ്റുമതിയ്ക്കും ഈ സർവ്വീസ് വളരെ വലിയ സംഭാവന ചെയ്യാൻ കഴിയുന്ന ഒന്നാണ്.യുകെ അവധിക്കാലത്ത് കേരളം സന്ദർശിക്കുന്ന യുകെ മലയാളികൾ കേരള സമ്പദ് വ്യവസ്ഥയ്ക്ക് വളരെ പ്രസ്കതമായ സംഭവാനയും നൽകുന്നുണ്ട്. കോവിഡ് കാലത്തിന്റെ പരിണിത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ കലാ ഉല്പന്നങ്ങളുടെ കയറ്റുമതി വിപണിയിലും ഇത്തരം സർവ്വീസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വസ്തുതകൾ ഇതായിരിക്കെ ലണ്ടൻ കൊച്ചി സർവ്വീസ് നിർത്തലാക്കാനുള്ള മൗഡ്യം നിറഞ്ഞ തീരുമാനത്തിലേയ്ക്ക് എയർ ഇന്ത്യ അധികൃതർ എത്തിച്ചേർന്നാൽ അത് കേരള സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ എതിരായ തീരുമാനം ആകും.

യുകെ മലയാളികളുടെ ജന്മ നാട്ടിലേക്ക് നേരിട്ടുള്ള വിമാനയാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം എയർ ഇന്ത്യ അധികൃതർ തിരുത്തണമെന്നും കേരളത്തിൽ നിന്നുമുള്ള മുഴുവൻ എംപിമാരുടെയും ജനപ്രതിനിധികളുടെയും സഹായം ഇക്കാര്യത്തിൽ തേടുമെന്നും വസ്തുതകളുടെയും, ബിസിനസ് സാധ്യതകളുടെയും,ഡാറ്റകളുടെയും അടിസ്ഥാനത്തിൽ എയർ ഇന്ത്യ അധികൃതരെ ബോധ്യപ്പെടുത്തുവാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും ലോക കേരള സഭ അംഗങ്ങളായ എസ് ശ്രീകുമാർ, സി എ ജോസഫ്, നിധിൻ ചന്ദ്, ആഷിക് മുഹമ്മദ് നാസർ, ജയപ്രകാശ് സുകുമാരൻ, സുനിൽ മലയിൽ, അഡ്വ.ദിലീപ് കുമാർ, ഷാഫി റഹ്മാൻ, ലജീവ് കെ രാജൻ, ജയൻ ഇടപ്പാൾ എന്നിവർ അറിയിച്ചു.

പ്രിയ സ്നേഹിതരെ, ഓർമ്മകളുടെ ചില്ലുകളിലേക്ക് ചരിത്രത്തിന്റെ താളുകളിലേക്ക് ഒരു വർഷത്തെക്കുടി തള്ളിവിട്ടുകൊണ്ട് ക്രിസ്തുമസ്,പുതുവത്സരം വരവായി. സ്നേഹത്തിന്റെ ഉറവ വറ്റാത്ത ശോഭനമായ ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമുക്ക് സൗഹൃദയത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷനോടൊപ്പം (കെസിഎഫ്) ചേർന്ന് ക്രിസ്തുമസിനേയും, പുതുവത്സരത്തേയും സ്വാഗതം ചെയ്യാം. നല്ലൊരു പുതുവത്സരരാവ് സമ്മാനിച്ചുകൊണ്ട് ഏവരേയും സന്തോഷിപ്പിക്കുന്ന അഘോഷ പരിപാടികളുടെ ഒരു നീണ്ടനിര തന്നെ എല്ലാവരേയും കാത്തുനിൽക്കുന്നു.

സിയോൺ മെലോഡ്സ് ഹോർഷമിന്റെ ഗാനമേള മേളയ്ക്ക് കൊഴിപ്പേകും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരി ,യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള കൺവീനർ അലോഷസ് ഗബ്രിയേൽ,സെവൻ ബീറ്റസ് കൺവിനർ ജോമോൻ മാമ്മൂട്ടിൽ കെസിഎഫ് വാറ്റ്ഫോർഡിന്റെ ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നു. പ്രിയരെ നിങ്ങൾ ഓരോരുത്തരും മുൻകൂർ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പു വരുത്തുക. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഹാളിലേക്ക് ഉള്ള പ്രവേശനം മുൻകൂർ പണം അടച്ചവർക്കുമാത്രം എന്നു നിജപ്പെടുത്തിരിക്കുന്നു. ദയവായി ഉടൻതന്നെ കെസിഎഫ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

സ്നേഹത്തോട് കെസിഎഫ് ട്രസ്റ്റി.

Account Details KCF Watford Account No 10006777 Sort code 20-44-91

പഴമയുടെ നല്ല ഓർമ്മകൾ ഉണർത്തിക്കൊണ്ട് ധനുമാസ തിരുവാതിര അതിഗംഭീരമായി കൊണ്ടാടുവാൻ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ കമ്മ്യൂണിറ്റി ഒരുങ്ങി കഴിഞ്ഞു.

ശ്രീപരമേശ്വരന്റെ ജന്മനാളായാണ് നാം തിരുവാതിര ആഘോഷിക്കുന്നത്.
വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടിയുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.

നാടൻ ശീലുകളുടെയും നാട്ടാചാരങ്ങളുടെയും, നാടൻ പാട്ടുകളുടെയും കൂട്ടായ്മയുടെയും ഒരു തിരുവാതിര കാലം ഈ പുതുതലമുറയിൽ ഉണ്ടാകുമോ എന്ന് സംശയം ഉദിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഇതാ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റിയിലെ അംഗനമാർ പഴമയുടെ ശീലുകൾക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ എല്ലാവിധ ആചാരനുഷ്ഠാനങ്ങളോട്കൂടി ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു.

ആയതിനോടനുബന്ധിച്ച് ഈ വരുന്ന ജനുവരി 14 ന് നാലുമണി മുതൽ 10 മണി വരെ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര,
മാഞ്ചസ്റ്ററിലെ ഗീതാഭവൻ ഹിന്ദു ക്ഷേത്രത്തിൽ വെച്ച് അതിവിപുലമായി ആഘോഷിക്കുകയാണ്. 4 മണിയോടുകൂടി അലങ്കാരങ്ങൾ മുഴുമിപ്പിച്ചു ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിര ആഘോഷത്തിനു, 10 മണിയോടുകൂടി പാതിരാപ്പൂചൂടി, മംഗളം പാടി സമാപനം കുറിക്കുന്നതാണ് . മുൻകാലങ്ങളിൽ അത്യധികം ഉത്സാഹത്തോടെ വനിതകൾ കൊണ്ടാടിയ ധനുമാസ തിരുവാതിര, ഇക്കുറിയും ഗംഭീരമായി തന്നെ ആഘോഷിക്കുവാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

തിരുവാതിര വ്രതമെടുത്ത്, വിളക്ക് തെളിയിച്ച്, ഗണപതി സ്‌തുതിയോടെ തിരുവാതിരപ്പാട്ടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയിൽ എട്ടങ്ങാടി നേദിച്ച്, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിരതല്ലുന്ന ആ തിരുവാതിര രാവിലേക്ക്, സമാജത്തിലെ അംഗനമാർക്കൊപ്പം മറ്റുള്ള സമാജങ്ങളിലെ കുടുംബങ്ങൾക്കും പങ്കെടുക്കുവാനുള്ള അവസരം സംഘാടകർ ഒരുക്കിയിട്ടുണ്ട്.

മനസ്സുനിറയെ പഴമയുടെ കുളിരും ഓർമ്മയുമായി, തിരുവാതിര ശീലുകൾക്കൊത്ത് ചുവടു വെച്ച്, ധനുമാസ തിരുവാതിര ആഘോഷത്തിലേക്കു ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി GMMHC ധനുമാസ തിരുവാതിര കോ-ഓർഡിനേറ്റർമാർ അറിയിച്ചു.

വിശദവിവരങ്ങൾ അറിയുന്നതിനായി തഴെ പറയുന്ന ആളുകളുമായി ദയവായിബന്ധപ്പെടുക:
അമ്പിളി ദിനേശൻ: 07727 495553
രജനി ജീമോൻ
0 7715 461790
സിന്ധു ഉണ്ണി 07979123615

സേവനം യു കെ യുടെ ആഭിമുഖ്യത്തിൽ ഇന്ന് 28 ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കുന്ന ചതയദിന പ്രാർത്ഥനയിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നത് കോട്ടയം ജില്ലയിലെ മീനച്ചിൽ എസ്എൻഡിപി യൂണിയനിൽപ്പെട്ട തെക്കുംമുറി ശാഖ (3385) സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്ന ബഹുമാനപ്പെട്ട ശ്രീമതി ഷൈല മോഹൻ ആണ്‌.

ബഹുമാന്യയായ ശ്രീമതി ഷൈല മോഹൻ അവർകളുടെ പണ്ഡിതോചിതമായ വാക്കുകൾ ശ്രവിക്കുവാനും ഒരുമിച്ച് പ്രാർത്ഥനാ സംഗമത്തിൽ പങ്കുചേരുവാനും എല്ലാവരെയും സ്നേഹാദരവുകളോടെ ക്ഷണിക്കുകയണ്.

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09

Meeting ID: 327 255 9245
Passcode: Sevanamuk

ബെഡ് ഫോർഡ് ഷെയർ മലയാളി അസോസിയേഷൻറെ [ബിഎംഎ] ഈ വർഷത്തെ വാർഷിക യോഗത്തിൽ 2022 – 2023 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സാബിച്ചൻ തോപ്പിൽ പ്രസിഡന്റായും ഓസ്റ്റിൻ അഗസ്റ്റ്യൻ സെക്രട്ടറിയായും ജിനേഷ് രാമകൃഷ്ണൻ ട്രഷറർ ആയും ബിനോ മാത്യു, ഡയാസ് ജോർജ് , സൂര്യ സുധീഷ് , മെറീന തോമസ് എന്നിവരെ കമ്മറ്റി അംഗങ്ങളായും മെൽവിൻ ബിനോ, അനീറ്റ സാബിച്ചൻ എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയും തിരഞ്ഞെടുത്തു.

ബി എം എയുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കരോൾ ഡിസംബർ 17 -ന് 5 മണി മുതൽ കെംസ്റ്റൺ സൗത്ത് ഫീൽഡ് ഹാളിലും ക്രിസ്മസ് ന്യൂ ഇയർ മെഗാ ഇവൻറെ ജനുവരി 7-ാം തീയതി ശനിയാഴ്ച നാല് മണി മുതൽ കെംസ്റ്റൺ അഡിസൺ ഹാളിലും വച്ച് നടത്തുവാൻ തീരുമാനിച്ചു.

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും , ഗാനമേളയും, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മെംമ്പേഴ്സിനേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിക്കുന്നു.

കൈരളി യുകെയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് നിലവിൽ വന്നു. ഇംഗ്ലണ്ടിലെ യഥാർത്ഥ യൂണിവേഴ്സിറ്റി നഗരം എന്ന് വിളിക്കാവുന്ന കേംബ്രിഡ്ജിൽ ആണ് കൈരളിയുടെ ഇരുപത്തിയേഴാമത് യൂണിറ്റ് രൂപികരിച്ചത്. ഡിസംബർ പന്ത്രണ്ടിന് കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജൻ ഉത്‌ഘാടനം നിർവഹിച്ച യൂണിറ്റ് രൂപീകരണ യോഗത്തിൽ കൈരളി യുകെ ട്രഷറർ എൽദോസ്‌ പോൾ, ജോയിൻ്റ് സെക്രട്ടറി രാജേഷ് നായർ, ദേശീയ കമ്മറ്റി അംഗങ്ങൾ അജയ്‌ പിള്ള, ഐശ്വര്യ അലൻ, ഏഐസി ദേശീയ കമ്മറ്റി അംഗങ്ങളായ രാജേഷ് ചെറിയാൻ, ബിനോജ് ജോൺ എന്നിവർ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കൈരളി യുകെയുടെ വിവിധ യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകർ അനുഭാവികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ്‌ കേംബ്രിഡ്ജ് യൂണിറ്റ് കമ്മറ്റിയെ പ്രഖ്യാപിച്ചു.

യൂണിറ്റ് ഭാരവാഹികൾ

പ്രതിഭ കേശവൻ- പ്രസിഡന്റ്, ജെറി മാത്യു വല്ല്യാര- വൈസ് പ്രസിഡന്റ്, വിജേഷ് കൃഷ്ണൻകുട്ടി- സെക്രട്ടറി, മുഹമ്മദ് – ജോയിന്റ് സെക്രട്ടറി, ബിജോ ലൂക്കോസ് – ട്രഷറർ

കമ്മറ്റി അംഗങ്ങൾ

ശ്രീജു പുരുഷോത്തമൻ, ദീപു കെ ചന്ദ്ര, രഞ്ജിനി ചെല്ലപ്പൻ രജിനിവാസ്, അനുഷ് പി എസ്, വിജയ് ജോൺ, ജേക്കബ് ജോൺ, സിനുമോൻ എബ്രഹാം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി വളരെയധികം മലയാളികൾ എത്തുന്ന അനേകം മലയാളികൾ സ്ഥിരതാമസമാക്കിയ കേംബ്രിഡ്ജിൽ വൈവിധ്യങ്ങളായ പരിപാടികൾ ഏറ്റെടുത്തു നടത്തുവാൻ കേംബ്രിഡ്ജ് യൂണിറ്റിന് കഴിയുമെന്ന് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കേംബ്രിഡ്ജ് യൂണിറ്റ് സെക്രട്ടറി ആയി ചുമതലയേറ്റ വിജേഷ് യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

 

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെ വെയിൽസിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രീനാരായണ വിശ്വാസികളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റിന് രൂപം നൽകി. ഡിസംബർ 10 ശനിയാഴ്ച ന്യൂ പോർട്ടിലെ ഡഫ്രിൻ കമ്മ്യൂണിറ്റി സെന്റർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സേവനം യു കെ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ രാജീവ് സുധാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യുകെ യുടെ ചെയർമാൻ ശ്രീ ബൈജു പാലക്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ശ്രീ അനിൽ ശശിധരൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം ശ്രീ വേണു ചാലക്കുടി, ശ്രീ ബിനു ദാമോദരൻ, എസ് എൻ ഡി പി കോട്ടയം മീനച്ചിൽ യൂണിയൻ തേക്കുംമുറി ബ്രാഞ്ച് (Br3385) ശാഖ സെക്രട്ടറി ശ്രീമതി ഷൈല മോഹൻ തുടങ്ങിയവർ ആശസകൾ അറിയിച്ചു. സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. യൂണിറ്റിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് രക്ഷാധികാരിയായി ബിനു ദാമോദരനെയും പ്രസിഡന്റായി ശ്രീ ജനീഷ് ശിവദാസിനെയും , കൺവീനറായി ശ്രീ അനീഷ് കോടനാടിനെയും തെരഞ്ഞെടുത്തു. സേവനം യു കെ പുറത്തിറക്കിയ 2023 വർഷത്തെ കലണ്ടറിന്റെ ആദ്യ പതിപ്പ് ശ്രീ.ബിനോജ് ശിവനും നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീമതി അശ്വതി അനീഷ് സ്വാഗതവും ശ്രീ അനീഷ് കോടനാട് കൃതഞതയും രേഖപ്പെടുത്തി.

 

 

 

സന്ദർലാൻഡ്: ക്രിസ്തുമസ്സിനെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി ഒരുങ്ങികഴിഞ്ഞു.; . ബഹുമാനപെട്ട വൈദീകർ ക്രിസ്മസ് സന്ദേശം നൽകുന്ന സംഗമത്തിൽ കരോൾ സംഗീതം കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിസമാപ്തി കുറിക്കും . ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

ക്രിസ്തുമസ് സംഗമവേദി : ജനുവരി 2 , തിങ്കൾ 5 പിഎം , സെന്റ് . ജോസഫ്സ് പാരിഷ് സെന്റർ, സന്ദർലാൻഡ് – SR4 6HS .

അര്‍ഹിക്കുന്ന കൈകളില്‍ സഹായമെത്തിക്കുമ്പോഴാണ് അതിന് അര്‍ത്ഥമുണ്ടാകൂ. അങ്ങനെ നോക്കുമ്പോള്‍ ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാ അസോസിയേഷനുകള്‍ക്കും മാതൃകാപരമാണ്. ആശുപത്രികളിലെ അടിയന്തര സഹായങ്ങള്‍ നല്‍കി അത് പൊതു സമൂഹത്തിന് ഗുണകരമാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജിഎംഎ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ജില്ലാ ആശുപത്രികളെ കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം സഹായങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന വലിയ ആശ്വാസമാണ്.

2002 മെയ് മാസം സ്ഥാപിതമായ ജിഎംഎ 20ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

12 ജില്ലകളിലെ ജില്ലാ ആശുപത്രികള്‍ക്കായി സേവനം പൂര്‍ത്തിയാക്കി ജിഎംഎ ഇനി കണ്ണൂരും എറണാകുളത്തും കൂടി സേവനം എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഇക്കുറി പാലക്കാട് ജില്ലാ ആശുപത്രിയ്ക്ക് വാട്ടര്‍ കൂളര്‍ സിസ്റ്റം നല്‍കിയാണ് ജിഎംഎ മാതൃകയാകുന്നത്.

ഡിഎംഒ ഡോ റീത കെ പി, സൂപ്രണ്ട് ഡോ ജയശ്രീ പി കെ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ കെ എ നാസര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.ആര്‍എംഒ ഡോ ഷൈജ ജെ എസ്, ചീഫ് നഴ്‌സിങ് ഓഫീസര്‍ രാധാമണി ,ആശുപത്രി പിആര്‍ഒ അജിത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജിഎംഎയ്ക്ക് വേണ്ടി യുകെ മലയാളികളുടെ അസോസിയേഷന്‍ കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായ ഡോ ബിജു പെരിങ്ങത്തറ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ചാരിറ്റിയുടെ ഭാഗമാകാന്‍ ഓരോ അംഗങ്ങളും കാണിക്കുന്ന മനസ് എടുത്തു പറയേണ്ടത് തന്നെ. ജിഎംഎ പ്രസിഡന്റ് ജോവില്‍ടണും സെക്രട്ടറി ദേവ്‌ലാല്‍ സഹദേവനും ചാരിറ്റിയുടെ ഭാഗമായ ഏവര്‍ക്കും നന്ദി അറിയിച്ചു.

യുകെയില്‍ താമസിക്കുമ്പോഴും നാട്ടില്‍ പറ്റാവുന്ന സഹായമെത്തിക്കാന്‍ പ്രയത്‌നിക്കുന്നവരാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. 2002 മേയ് 26ന് ആരംഭിച്ച ജിഎംഎ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ അഭിമാനമായി മാറുകയാണ്.

ക്രിയാത്മക പ്രവര്‍ത്തനമാണ് ജിഎംഎയുടെ വിജയവും. ചെറിയ പരിപാടികള്‍ ആയാലും അതിലൊരു ചാരിറ്റി ഉള്‍പ്പെടുത്തുന്നതാണ് ജിഎംഎയുടെ രീതി.

അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരികയാണ് അസോസിയേഷന്‍. അതിന്റെ ഭാഗമായി 2016 ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എ യിലെ 100 % അംഗങ്ങളും അവയവ സ്റ്റം സെല്‍ ഡോനെഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്യത്തിന്റെ മാതൃകയാണ് ജിഎംഎ.

സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010 ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറെന്‍സ്’ എന്ന വാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ പന്ത്രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അര്‍ഹിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലാണ് അസോസിയേഷന്‍.

ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെ യില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി ലഭിക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ളവരുടെ അവസ്ഥ ഏവരേയും മനസില്‍ വേദനയുണ്ടാക്കുന്നതാണ്.ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്‌മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എ യുടെ തിരഞ്ഞെടുത്ത പ്രധിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു

2011 ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്‌ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.

അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എ യുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ടിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന്‍ പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012 ല്‍ ഇടുക്കിയിലും 2013 ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014 ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015 ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016ല്‍ കാസര്‍കോട് മെഡിക്കല്‍ കിറ്റും ഓക്‌സിജന്‍ സിലിണ്ടറും എത്തിച്ചു. 2017ല്‍ മലപ്പുറത്ത് ഐസിയു മോണിറ്ററിങ് യൂണിറ്റ് നല്‍കി,2018 ല്‍ പത്തനംതിട്ടയില്‍ 17ഓളം ത്രീ സീറ്റര്‍ എയര്‍പോര്‍ട്ട് ചെയറുകള്‍ നല്‍കി. 2019ല്‍ ആലപ്പുഴയില്‍ o2 കോണ്‍സന്‍ട്രേറ്ററും 2021 ല്‍കൊല്ലത്ത് ചെയറുകളും സ്‌റ്റോറേജ് യൂണിറ്റും കൈമാറി.2022 ല്‍ വീല്‍ ചെയറും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും ചെയറുകളും കോഴിക്കോട് ആശുപത്രിയ്ക്ക് കൈമാറി. ഇപ്പോഴിതാ പാലക്കാടിലെ ജില്ലാ ആശുപത്രിയിലും സഹായം എത്തിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ വിശദമായി തിരക്കി അവര്‍ക്ക് അത്യാവശ്യമായത് എന്തോ അതാണ് ജിഎംഎ അസോസിയേഷന്‍ വാങ്ങി നല്‍കുന്നത്. അതിനാല്‍ തന്നെ ഈ ചാരിറ്റി കൂടുതല്‍ മഹത്തരവുമാണ്.

വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള സഹായങ്ങള്‍ ജിഎംഎ തുടരുകയാണ്.

ജിഎംഎയുടെ ഹൗസിങ് പ്രൊജക്ട് ഏറെ ശ്രദ്ധേയമായിരുന്നു. പ്രളയ സമയത്ത് 25000 പൗണ്ട് ലക്ഷ്യമിട്ട് കേരള ഫ്‌ളഡ് ഫണ്ടിന് രൂപം നല്‍കി 28000 പൗണ്ട് സമാഹരിച്ചത് വെറും മൂന്നാഴ്ച കൊണ്ടാണ്. അര്‍ഹരായവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി യുകെ മലയാളി സമൂഹത്തിനാകെ മാതൃക കാണിച്ചിരുന്നു അന്ന് ജിഎംഎ. എന്നും സ്വന്തം നാടിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയാണ് ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും.

 

Copyright © . All rights reserved