Association

ബ്ലെസ്സി ബാബു

എലിസ്ബറി മലയാളി സമാജത്തിന്റെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മിറ്റി മെമ്പേഴ്സിനെയും തെരഞ്ഞെടുത്തു. സെക്രട്ടറി സേവി വർഗീസ് എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മാവേലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി സ്റ്റേജിലേക്ക് ആ നയിച്ചു. തുടർന്ന് സ്റ്റേജിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. തിരുവാതിരയും മാർഗ്ഗങ്ങളെയും ഏറെ ശ്രദ്ധയാകർഷിച്ചു. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ നൃത്തച്ചുവടുകൾ കാണികളുടെ കണ്ണിന് വിരുന്നെകി. മലയാളത്തിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ എയിൽസ്ബറിയിലെ ഗാനഗന്ധർവന്മാരും വാനമ്പാടികളും ചേർന്ന് കാതുകൾക്ക് ഇമ്പം പകർന്നു. കേരളീയർക്ക് ഒഴിച്ചുകൂടാനാകാത്ത വടംവലി മത്സരം വിവിധ പ്രായക്കാരെ പങ്കെടുപ്പിച്ചു നടത്തി. കുട്ടികളും മുതിർന്നവരും ഒരുപോലെ വടംവലി മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ വടംവലി മത്സരത്തിനുശേഷം എല്ലാവരും സ്വാദിഷ്ടമായ ഓണസദ്യ ആസ്വദിച്ചു.

കലാപരിപാടികൾക്ക് ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ കമ്മിറ്റി മെമ്പേഴ്സിന്‍റെ ആഭിമുഖ്യത്തിൽ വിവിധയിനം കലാപരിപാടികളും കായിക വിനോദങ്ങളും സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കമ്മിറ്റി മെമ്പേഴ്സ് അറിയിച്ചു.

പുതിയ കമ്മിറ്റി മെമ്പേഴ്സ് ഇവരൊക്കെ:- പ്രസിഡന്റ് കെന്‍ സോജൻ, വൈസ് പ്രസിഡന്റ് ശ്രീജ ദിലീപ്, ട്രഷറർ ബിനു ജോസഫ്, സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി ജോസഫ് കുരുവിള, പ്രോഗ്രാം കോഡിനേറ്റേഴ്സ് ആന്റണി തോമസ്, ബ്ലെസ്സി ബാബു, സെലസ്റ്റിൻ പാപ്പച്ചൻ.സന്തോഷ് എബ്രഹാം പിയാറോ ജോസ് വർഗീസ് രക്ഷാധികാരി ജോബിൻ ചന്ദ്രൻ കുന്നേൽ.

 

 

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മമകളിൽ ഒന്നായ സ്റ്റീവനേജിലെ ‘സർഗം മലയാളി അസോസിയേഷൻ’ സംഘടിപ്പിച്ച പത്തൊമ്പതാമത്‌ ഓണോത്സവം അവിസ്മരണീയമായി. മലയാളക്കരയുടെ പ്രതാപകാലത്തെ തിരുവോണം തെല്ലും ശോഭ മങ്ങാതെ അനുഭവവേദ്യമാക്കുന്നതിൽ രണ്ടാഴ്ചയോളം നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ ഇൻഡോർ-ഔട്ഡോർ മത്സരങ്ങളും, മികവുറ്റ അവതരണങ്ങളും, നടന-നൃത്ത-ഭാവ വസന്തം പെയ്തിറങ്ങിയ കലാസന്ധ്യയും, തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണ സദ്യയും, സുദൃഢമായ ഒത്തൊരുമയും, സർവ്വോപരി മികച്ച സംഘാടകത്വവും, സർഗ്ഗം തിരുവോണോത്സവത്തെ പ്രൗഢഗംഭീരമാക്കി.

സരോ സജീവും, അനീറ്റയും ടീമും ചേർന്നൊരുക്കിയ മനോഹരമായ ഓണപ്പൂക്കളം കൊണ്ട് നാന്ദി കുറിച്ച ‘പൊന്നോണം-2022’ കൊട്ടും, കുരവയും, ആർപ്പു വിളികളുമായി നിരന്ന സർഗ്ഗം കുടുംബാംഗങ്ങളുടെ ഇടയിലേക്കു മഹാബലിയുടെ ആഗമനത്തോടെ ആഘോഷവേദി ആവേശഭരിതമായി.

ആർപ്പുവിളികളുടെ അകമ്പടിയോടെ വേദിയിലേക്കെഴുന്നള്ളി എത്തിയ മാവേലി മന്നനോടൊപ്പം ഭാരവാഹികൾ കൂടി ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ആരംഭമായി. സർഗ്ഗം പ്രസിഡന്റ് ജിൻടോ മാവറ ഏവർക്കും ഹൃദ്യമായ സ്വാഗതം അരുളി.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ജൊഹാൻ ജിമ്മി നൽകിയ ഓണ സന്ദേശം സന്ദർഭോചിതവും ഹൃദ്യവുമായി.

മനോഹരമായ തിരുവാതിര നൃത്തത്തോടെ ആരംഭിച്ച കലാസന്ധ്യയിൽ മുതിർന്നവരും, കുട്ടികളും അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികളും, അനുസ്‌മൃതിയുണർത്തിയ ഓണക്കളികളും ഏറെ അനുഭൂതി പകരുന്നവയായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ അവതരണങ്ങൾ മികവുറ്റതാക്കിയ കലാപ്രതിഭകളുടെ വിവിധ ഗ്രൂപ്പ്‌ ഡാന്‍സുകള്‍, ഓണ പാട്ട്, ഹാസ്യ രസം മുറ്റിനിന്ന വിവിധ സ്കിറ്റുകള്‍, സിസിലി അവതരിപ്പിച്ച ‘തെരുവു നായയുടെ വിഹാര കേരളം’ ആക്ഷേപ ഹാസ്യ കവിത എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.

‘രമണ പുനഃപ്രവേശം’ കോമഡി സ്കിറ്റിൽ കാഥികനായി നിറഞ്ഞാടിയ കലാഭവൻ ലിൻഡോയോടൊപ്പം വിജോയും, ജവിൻ, ജോർജ്ജ് തുടങ്ങിയവർ മത്സരിച്ചഭിനയിച്ച അവതരണം പൊന്നോണത്തിലെ ഹൈ ലൈറ്റ് ആയി.

ബെല്ലാ ജോർജ്ജ്, മെറീറ്റ ഷിജി എന്നിവർ വൈവിദ്ധ്യങ്ങളായ കലാവിരുന്നുകൾക്കൊണ്ടു ഓണോത്സവ വേദി കയ്യടക്കിയപ്പോൾ, താര ശോഭ തെല്ലും മങ്ങാതെ നിരവധിയായ പുതുമുഖങ്ങളുടെയും കുട്ടികളുടെയും കലാ വിരുന്നു തിരുവോണ വേദിക്കു ഊർജ്ജം പകരുന്നവയായി.

അലീന,അജീന എന്നിവരുടെ നേതുത്വത്തിൽ നേഴ്സിങ് വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഡാൻസ്, ജീനയും ടെസ്സയും, മരിയയും ചേർന്ന് അവതരിപ്പിച്ച ‘കുടുംബ നൃത്തവും’, ബെല്ല, അനീറ്റ, ആൻഡ്രിയ ടീം അവതരിപ്പിച്ച ‘വുമൺസ് ഹോസ്റ്റൽ’ ഉൾപ്പെടെ ഓരോ കലാവിഭവങ്ങളും നിറഞ്ഞ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.

കലാ പരിപാടികൾ മനോഹരമായി കോർത്തിണക്കി, ഓണ വിശേഷങ്ങളും, ചേരുവകളും, മേമ്പൊടികളും, നിരൂപണങ്ങളുമായി ആവേശം നിറച്ചു ആഘോഷത്തെ ലൈവാക്കി നിർത്തുന്നതിൽ ടെസ്സി ജെയിംസും, ജിൻഡു ജിമ്മിയും അവതാരക റോളിലും, ‘പൊന്നോണം-2022 ‘ ഭംഗിയായി പ്രോഗ്രാം കോർഡിനേറ്റു ചെയ്ത സജീവ് ദിവാകരനും, കലാപരിപാടികളുടെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയ ടെറീന ഷിജി തുടങ്ങിയവർ ‘പൊന്നോണം 2022’ ആഘോഷത്തിന്റെ വിജയത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചു.

ജോർജ്ജ്,ജോസ്,ജെസ്‌ലിൻ, ക്രിസ് ബോസ്, അഞ്ജു, എറിൻ,ഡാനിയേൽ,എയ്ഡൻ, മിഷേൽ ഷാജി തുങ്ങിയ ഗായകരുടെ ഇമ്പമാർന്ന സ്വരരാഗത്തിൽ അവതരിപ്പിച്ച സംഗീതസാന്ദ്രമായ ലൈവ് ഗാനമേള സർഗ്ഗം കുടുംബാംഗങ്ങൾക്ക് പൊന്നോണ ആഘോഷത്തിലെ ഏറ്റവും ആസ്വാദ്യമായി.

വിവിധ ഇൻഡോർ,ഔട്ഡോർ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു.

സർഗം കമ്മിറ്റി ഭാരവാഹികളായ ജിന്റോ മാവറ,സജീവ് ദിവാകരൻ, ജിമ്മി പുന്നോലിൽ, അനി ജോസഫ്, പ്രബിൻ, ടെറീന ഷിജി, ജോജി സഖറിയാസ്, സിബി കക്കുഴി,ജിമ്മി ക്ലാക്കി, ജോസ് ചാക്കോ, ഹരിദാസ്, ടോണി, സനൽ തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി.

‘പാലാപ്പള്ളി പെരുന്നാൾ..’ നു താളം പിടിച്ചു ചുവടു വെച്ച് തകർത്താടിയ സമാപന പരിപാടിക്ക് ശേഷം ദേശീയ ഗാനാലാപനത്തോടെ പ്രൗഢ ഗംഭീരമായ ആഘോഷത്തിന് യവനിക താഴ്ന്നു.

തൂശനിലയില്‍ വിളമ്പിയ 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച സുദീർഘമായ ആഘോഷം രാത്രി ഒമ്പതു വരെ നീണ്ടു നിന്ന ഓണോത്സവത്തിന്റെ മതിവരാത്ത ആനന്ദവും, രുചിഭേദങ്ങളും, കലാവിരുന്നും ആവോളം ആസ്വദിച്ചും, മഹാമാരി തടസ്സപ്പെടുത്തിയ വർഷങ്ങളുടെ കുറവും നികത്തി പൂർണ്ണ സംതൃപ്തിയോടെയാണ് സർഗ്ഗം കുടുംബങ്ങൾ വേദി വിട്ടത്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കഴിഞ്ഞ ദിവസം പിതാവ് മരിച്ചുപോയ ഒരു ബിഎസ്‌സി നേഴ്സിംഗ് വിദ്യാർത്ഥിനി അവസാന വർഷ ഫീസ് അടക്കാൻ കഴിയാതെ, പരീക്ഷ എഴുതാൻ വിഷമിക്കുന്നു എന്ന വാർത്ത പ്രസിദ്ധീകരിച്ചിരിന്നു. ആ കുട്ടിക്ക് ഫീസ് അടക്കാൻ വേണ്ടിയിരുന്നത് 150,000 രൂപ (ഒരു ലക്ഷത്തി അൻപതിനായിരം രൂപ ആയിരുന്നു ) എന്നാൽ നല്ലവരായ മലയാളികൾ ആ പെൺകുട്ടിക്ക് 155,000 രൂപ (ഒരു ലക്ഷത്തി അൻപത്തി അയ്യായിരം) നൽകി സഹായിച്ചു എന്ന് കുട്ടി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ലെറ്റർ താഴെ പ്രസിദ്ധീകരിക്കുന്നു.

കടം മൂലം പിതാവ് ആത്മഹത്യ ചെയ്യുകയും കുടുംബം വലിയ പ്രതിസന്ധിയിൽ മുങ്ങി താഴുകയും ചെയ്തിരുന്ന സമയത്തു പരീക്ഷ എഴുതാൻ കഴിയില്ല എന്ന് വിചാരിച്ചു നിൽക്കുന്ന സമയത്താണ് കുട്ടിക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുമായി ബന്ധപ്പെടാൻ കഴിഞ്ഞത് . ഞങ്ങൾ കുട്ടിയുടെ വേദന നിറഞ്ഞ അവസ്ഥ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഒരു നല്ല മനുഷ്യൻ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടുകൊടുത്തു , കൂടെ കുറച്ചു നല്ല മനുഷ്യരും കൂടി ചേർന്നപ്പോൾ 155000 രൂപ ലഭിച്ചു അങ്ങനെ കുട്ടിക്ക് പരീക്ഷ എഴുതാനും മുൻപോട്ടു പോകാനുമുള്ള വഴി തുറന്നു. സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

ഇടുക്കി ,ചെറുതോണി നിവാസിയും സാമൂഹിക പ്രവർത്തകനായ നിക്സൺ തോമസ് പടിഞ്ഞാറേക്കരയാണ് ഈ കുട്ടിയുടെ വേദന ഞങ്ങളെ അറിയിച്ചത് . നിക്സനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,12,50000 (ഒരുകോടി പന്ത്രണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം , പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ഉച്ചക്ക് 12.30 മുതൽ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. MCH പോഷകസംഘടനയായ അയൽക്കൂട്ടം വനിതകൾ ഒരുക്കിയ അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, നാലുമണി ചായ, ചെറുകടികൾ എന്നിവയാൽ പകൽപ്പൂരം ഒരുക്കപ്പെട്ടപ്പോൾ സന്ധ്യയോടെ ആഘോഷങ്ങൾ ഒരു പടികൂടി കടന്ന് ഇതുവരെ ഹോർഷം മലയാളികൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തലത്തിലേക്ക് ഉയർത്തപ്പെട്ടു. രാജ്ഞിയുടെ വിയോഗത്തിലുള്ള അസോസിയേഷൻ അംഗങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത് ഒരു മിനിറ്റ് മൗനം അവലംബിച്ചായിരുന്നു. അകാലത്തിൽ പൊലിഞ്ഞ അസോസിയേഷൻ അംഗമായിരുന്ന ബിജി ജോർജിനെയും MCH അനുസ്മരിച്ചു. ട്രഷറർ ജോമോൻ വർഗീസ് സ്വാഗതമോതിയ സമ്മേളനത്തിൽ ഫാ . ആരോൺ സ്പിനെല്ലിമുഖ്യതിഥി ആയെത്തി കേക്ക് മുറിച്ച് സന്തോഷം പങ്ക് വച്ചു. തദവസരത്തിൽ അസോസിയേഷൻ്റെ കലാപരമായ പ്രവർത്തനങ്ങളിൽ സുത്യർഹമായ സേവനങ്ങൾ സംഭാവന നൽകിയ ജോൺസൺ ജോൺ , ബിൻസി ബെൻസ്, ശോഭിക എന്നിവരെ ആദരിച്ചു. നാട്ടിൽനിന്നും എത്തിയ മാതാപിതാക്കളും, മാവേലിയും ചേർന്ന് ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉത്ഘാടനം ചെയ്തു.

തന്നെക്കാൾ ചെറുതായ എല്ലാവരെയും ഒപ്പം ചേർത്ത് പിടിക്കണമെന്ന ഉദാത്തമായ സന്ദേശം അംഗങ്ങൾക്കായി പങ്ക് വച്ചു കൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ആന്റണി തേക്കേപറമ്പിൽ അധ്യക്ഷപ്രസംഗം നടത്തി. തിരുവാതിര, ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സോങ്‌സ് തുടങ്ങി നിരവധി പരിപാടികൾ പത്തര മാറ്റിൽ MCH എന്ന പരിപാടിയെ മികവുറ്റതാക്കി. കഴിഞ്ഞ 10 വർഷക്കാലത്തെ MCH വേദികളിൽ അവതരിപ്പിച്ച നിരവധിയായ കലാപരിപാടികൾ 3 മിനിറ്റിൽ അവതരിപ്പിച്ച വീഡിയോയും, അതുപോലെ തന്നെ പഴയകാല ചിത്രങ്ങളും എൽഇഡി വോളിൽ എത്തിയപ്പോൾ അംഗങ്ങൾ ഓർമ്മകളുടെ ചിറകിലേറി പിറകിലേക്ക് പാഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെ കുടുംബ ചിത്രം പ്രദർശിപ്പിച്ചത് ഒരു വേറിട്ട അനുഭവമായി.

ഒരു സ്റ്റേജ്ഷോയെ വെല്ലുന്ന രീതിയിൽ അവതരിപ്പിച്ച ഈ കലാസാംസ്കാരിക സന്ധ്യക്ക് നേതൃത്വം നൽകിയത് പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ പുത്തൻപുരക്കൽ ആയിരുന്നു. ആശംസാ പ്രസംഗങ്ങളുമായി പഴയകാല ഓർമ്മകൾ അയവിറക്കി അസോസിയേഷൻ അംഗമായ മനു മത്തായിയും, പ്രൈം സ്പോൺസർ ആയ ജിജോ ജോസഫും എത്തി. ഈ ആഘോഷം മഹാവിജയം ആക്കിത്തീർത്ത ഓരോരുത്തർക്കും പ്രത്യേകം നന്ദി പറഞ്ഞു അസോസിയേഷൻ സെക്രട്ടറി ആൻസൺ മാത്യു. വിഭവ സമൃദ്ധമായ ഡിന്നറിലും തുടർന്ന് നടക്കപ്പെട്ട ഡിജെയിലും എല്ലാ അംഗങ്ങളും പങ്കെടുത്തു. 11.15 ന് ദേശീയ ഗാനത്തോടെ വർണാഭമായ ആഘോഷങ്ങൾ അവസാനിച്ചു.

ജയൻ എടപ്പാൾ

യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി മലയാളി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകേരളസഭ യുകെ യൂറോപ്പ് റീജിയണൽ കോൺഫ്രൻസിന്റെ ഉദ്ഘാടനം ഒക്ടോബർ 9ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കും. ബഹു വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്, ബഹു പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി, നോർക്ക റസിഡൻസ് വൈസ് ചെയർമാൻ ശ്രീ പി ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ ബില്ല ഐഎഎസ് , നോർക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ ലണ്ടനിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങളും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി സമൂഹവും നേരിടുന്ന നിരവധി വിഷയങ്ങളും പ്രത്യേകമായി ചർച്ച ചെയ്യും. ലോക കേരളസഭ യുകെ- യൂറോപ്പ് റീജിയണൽ കോൺഫ്രൻസിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രവാസിമലയാളികളുടെ ഗുണകരമായ പങ്കാളിത്തത്തെക്കുറിച്ചുമുള്ള സമഗ്രമായ ചർച്ചകൾ നടക്കും.

യുകെയിൽ നടക്കുന്ന ലോക കേരള സഭാ റീജിയനൽ സമ്മേളനം അവിസ്മരണീയമാക്കുന്നത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, പി ആർ ഒ ജയൻ എടപ്പാൾ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായ കുര്യൻ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്, ശ്രീജിത്ത് ശ്രീധരൻ, എസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റികൾ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ലോക കേരള സഭയുടെ ഒന്നാമത് സമ്മേളനത്തിൽ തന്നെ ഉരുത്തിരിഞ്ഞ ആശയവും തീരുമാനവും ആയിരുന്നു മേഖലാതല സമ്മേളനങ്ങൾ. 2019 ൽ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ദുബായിൽ വച്ച് നടന്ന മേഖലാ സമ്മേളനവും ശ്രദ്ധേയമായിരുന്നു. കോവിഡ് മഹാമാരിയുടെ ഫലമായിട്ടായിരുന്നു മേഖലാ സമ്മേളനങ്ങൾ പിന്നീട് നടത്തുവാൻ കഴിയാതിരുന്നത്. മൂന്നാം ലോക കേരള സഭ സമ്മേളിച്ചപ്പോൾ മേഖല സമ്മേളനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത അംഗങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പ് മേഖലാ സമ്മേളനം ലണ്ടനിൽ വച്ച് ഒക്ടോബർ ഒമ്പതിന് നടത്തുന്നത് .

യുകെയിൽ നടക്കുന്ന ലോക കേരള സഭ റീജിയണൽ സമ്മേളനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ബ്രക്സിറ്റിന് ശേഷം യുകെയിലേക്ക് ആയിരക്കണക്കിന് നഴ്സുമാരും സീനിയർ കെയറർമാരും മറ്റ് പ്രഫഷണലുകളും വിദ്യാർഥികളും കേരളത്തിൽ നിന്നും യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ജീവിക്കുന്ന ഒ സി ഐ കാർഡ് ഹോൾഡേഴ്സ് ആയിട്ടുള്ള മലയാളികളുടെയും പുതുതായി യുകെയിലേക്ക് കടന്നുവരുന്ന മലയാളികൾക്കും കേരള സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കേണ്ട പിന്തുണ സംബന്ധിച്ചുള്ള ചർച്ചകളും ലോക കേരള സഭ സമ്മേളനത്തിൽ നടക്കും. കേരള സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യമുള്ളതും യൂറോപ്പ് മലയാളികൾ നേരിടുന്നതുമായ പല വിഷയങ്ങളും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നോർക്ക ഉദ്യോഗസ്ഥരുടെയും സജീവ പരിഗണനക്കായി നൽകുവാനുള്ള അവസരവും പ്രതിനിധികൾക്ക് ലഭിക്കുന്നതാണ്.

ലോക കേരളസഭ യുകെ-യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രവാസി മലയാളി സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. “വൈജ്ഞാനിക സമൂഹ നിർമ്മിതിയും പ്രവാസ ലോകവും” “ലോകകേരളസഭ- പ്രവാസി സമൂഹവും സംഘടനകളും” “നവകേരള നിർമ്മാണം- പ്രതീക്ഷകളും സാധ്യതകളും, പ്രവാസികളുടെ പങ്കും” “യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും” എന്നീ വിഷയങ്ങളും വിദഗ്ധരായ ആളുകൾ അവതരിപ്പിച്ച് സമഗ്രമായ ചർച്ചകളും നടക്കുന്നതാണ്.

ഒക്ടോബർ ഒൻപത് വൈകുന്നേരം നാലു മുതൽ ഒൻപത് വരെ നടക്കുന്ന പൊതുസമ്മേളനവും ‘കേളീരവം’എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും ബഹു മുഖ്യമന്ത്രി നിർവ്വഹിച്ചു സംസാരിക്കും. യൂറോപ്പിൽ നിന്നുമുള്ള ലോകകേരളസഭ അംഗങ്ങളോടൊപ്പം വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾക്കും പ്രവർത്തകർക്കും, ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പൊതുജനങ്ങൾക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്.

പൊതു സമ്മേളനത്തോടനുബന്ധിച്ച് ‘കേളീരവം’ എന്ന പേരിൽ നടത്തുന്ന സാംസ്കാരിക പരിപാടികളുടെ ഭാഗമായി യുകെ യിലെ പ്രശസ്തരായ കലാകാരന്മാരും കലാകാരികളും ചേർന്ന് അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും കേരളത്തിന്റെ തനതു കലകളും നയന മനോഹരങ്ങളായ നൃത്ത കലാ രൂപങ്ങളും കേരളത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണെയെന്ന് കൾച്ചറൽ കമ്മറ്റിയുടെ കൺവീനർ ശ്രീജിത്ത് ശ്രീധരൻ അഭിപ്രായപ്പെട്ടു.

യുകെയിൽ ഇദംപ്രഥമമായി നടത്തുന്ന ലോക കേരള സഭ യുകെ- യൂറോപ്പ് കോൺഫ്രൻസിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഒരു ചരിത്ര സംഭവമാക്കുവാൻ എല്ലാവരുടെയും സഹായവും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്ന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ അഭ്യർത്ഥിച്ചു.

കേരളത്തിന്റെ വികസന സ്വപ്നങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യപ്പെടുന്ന ലോകകേരളസഭ സമ്മേളനവും കലാസാംസ്കാരിക പരിപാടികളും വിജയത്തിലെത്തിക്കുവാൻ മുഴുവൻ ആളുകളുടെയും പ്രത്യേകിച്ച് മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാകണമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, സബ് കമ്മറ്റി കൺവീനർമാരായ കുര്യൻ ജേക്കബ് , ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്, ശ്രീജിത്ത് രീധരൻ, എസ് ജയപ്രകാശ് എന്നിവരും അഭ്യർത്ഥിച്ചു.

ആഷ്ഫോര്‍ഡ് :- കെൻറ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ 18-ാംമത് ഓണാഘോഷം (ആറാട്ട് -2022 ) സിംഗിൾ ടൺ വില്ലേജ് ഹാളിൽ അത്തപ്പൂക്കള ചമയത്തോട് ആരംഭിച്ചു. തുടർന്ന് പുതിയതായി കടന്നുവന്ന അംഗങ്ങളെ പരിചയപ്പെട്ടതിനുശേഷം തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ നടന്നു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം നോർട്ടൺ ക്നാച്ച് ബുൾ സ്കൂൾ (മാവേലി നഗർ ) ഹാളിൽ നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് , 8 ഗാനങ്ങൾക്കനുസരിച്ച് ചുവടുകൾ വച്ച ഫ്ലാഷ് മോബ് , അമ്പതോളം കലാകാരികൾ പങ്കെടുത്ത മെഗാ തിരുവാതിര എന്നിവ അരങ്ങേറി.

തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സൗമ്യ ജിബി അധ്യക്ഷയായിരുന്നു. സുപ്രസിദ്ധ വാഗ്മിയും, പൊതുപ്രവർത്തകനും ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിൽ മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ട്രീസാ സുബിൻ സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ, ബെവൻ ജെസ്റ്റിൻ (യുവജന പ്രതിനിധി) അലീഷ സാം (യുവജന പ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി. ജോമോൻ , സോണി ജേക്കബ്, റെജി ജോസ്, മാവേലിയായ ശ്യാം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ ടോം ആദിത്യയ്ക്ക് വൈസ് പ്രസിഡൻറ് ജോമോൻ ചാർത്തുകയും, പ്രസിഡൻറ് സൗമ്യ ജിബി ജോയിൻറ് സെക്രട്ടറി റെജി ജോസ് എന്നിവർ ചേർന്ന് അസോസിയേഷൻറെ ഉപഹാരം നൽകി നൽകിയും ആദരിച്ചു . രാജി തോമസ് നിയന്ത്രിക്കുകയും , സോണി ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും, കേരള നാടിൻറെ ചാരുതയാർന്ന സുന്ദരദൃശ്യങ്ങളും കോർത്തിണക്കിയുള്ള എ എം എ യുടെ അവതരണ ഗാനത്തിനുശേഷം 50 ഓളം കലാകാരികൾ ചേർന്നവതരിപ്പിച്ച രംഗപൂജയ്ക്ക് തുടക്കമായി.

ക്ലാസിക്കൽ ഡാൻസ് , നാടോടി നൃത്തം ,സ്കിറ്റുകൾ, സിനിമാറ്റിക് ഡാൻസ് , തിരുവാതിര എന്നിവ ആറാട്ട് . 2022 ന്റെ പ്രത്യേകതയായിരുന്നു. പരിപാടികൾ കരളിലും, മനസ്സിലും കുളിരലകൾ ഉണർത്തിയെന്ന് കാണികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

രാത്രി 10. 30 മണിയോടുകൂടി ജെന്റിൽ ജെന്റിൽ ബാബുവിന്റെ (Jentle Babu) ഡിജെയ്ക്കുശേഷം പരിപാടികൾ അവസാനിച്ചു.

ആറാട്ട് -2022 മഹാവിജയമാക്കി തീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും 1 വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.

ആഷ്ഫോർഡ്: കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ 18-ാം മത് ഓണാഘോഷം (ആറാട്ട് – 22) ഈ മാസം 24-ാം തീയതി ശനിയാഴ്ച രാവിലെ 9 . 30 മുതൽ Singleton village Town hall, Norton Knatch ball School ( മാവേലി നഗർ ) എന്നീ വേദികളിൽ വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9 .30 ന് Singleton village hall – ൽ അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. ശേഷം തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും.

ഉച്ചകഴിഞ്ഞ് 2.00 മണിക്ക് Norton Knatch bull school ൽ ( മാവേലിനഗർ) വടംവലി മത്സരം നടക്കും. തുടർന്ന്, നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉൾപ്പെടുത്തി മൂന്നുതലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫ്ലാഷ് മോബ് (Flash mob ) അമ്പതോളം (50) കലാകാരികൾ പങ്കെടുക്കുന്ന മെഗാതിരുവാതിര എന്നിവ അരങ്ങേറും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ വാഗ്‌മിയും ബ്രിസ്‌റ്റൺ ബ്രാഡ്ലേ സ്റ്റോക്ക് കൗൺസിൽ മേയർ ടോം ആദിത്യ (Tom Aditya) മുഖ്യാ അതിഥി ആയിരിക്കും. അസോസിയേഷൻ പ്രസിഡൻറ് സൗമ്യ ജിബി അധ്യക്ഷത വഹിക്കും.

ശേഷം 4.00 മണിക്ക് അഷ്ഫോർഡ് മലയാളി അസോസിയേഷൻറെ മുൻപ്രസിഡന്റ് സജി കുമാർ ഗോപാലൻ രചിച്ച് ബിജു തെള്ളിയിൽ സംഗീതം നൽകിയ അവതരണ ഗാനം, കവിത ടീച്ചർ ചിട്ടപ്പെടുത്തി നാൽപതോളം കലാകാരന്മാരും , കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് ” ആറാട്ട് – 22 ” ന് തിരശ്ശീല ഉയരുന്നു.

തിരുവാതിര, ക്ലാസിക്കൽ ഡാൻസ് , സിനിമാറ്റിക്ക് ഡാൻസ് , സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ “ആറാട്ട് – 22 ” കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് അറിയിച്ചു.

എവിടെയും കനക വിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിൻറെ ശ്രുതിയും ലയവും, താളവും മറ്റൊരുകൊള്ളുന്ന, മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയിൽ നിന്ന് സെപ്റ്റംബർ 24-ാം തീയതി ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസ്സിനും , കരളിനും കുളിരേകുന്ന ദൃശ്യശ്രാവ്യ വിഭവങ്ങളുമായി ആഷ്ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാസ്നേഹികളായ മുഴുവൻ ആളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദികളുടെ വിലാസം .

Singleton Village Hall
Hoxton Close
Ashford TN 23 5LB

The Norton Knatch bull School
Hythe Road
TN24 OQJ

സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്ത് വള്ളംകളിയുടെ ആവേശം നാടാകെ നടക്കുമ്പോൾ ഇവിടെ ഇംഗ്ലണ്ടിലും വള്ളംകളി പ്രേമികൾക്ക് ആവേശവും അവസരവും ഒരുക്കി ഒരു ജലോത്സവം അരങ്ങേറുകയാണ് ഇംഗ്ലണ്ടിലെ പൂങ്കാവനത്തിൽ.

യു കെ യിലെ ഓണാഘോഷങ്ങൾക്കു ആവേശം പകർന്നുകൊണ്ടു കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ യു.കെ യിലെ ജലരാജാക്കാന്മാർ കൈക്കരുത്തും മെയ് കരുത്തും സമന്വയിപ്പിച്ച് ഒരേ താളത്തിൽ തുഴയെറിഞ്ഞു ഇഞ്ചോടിഞ്ച് പൊരുതുമ്പോൾ അത് കാണികൾക്ക് വിസ്മയക്കാഴ്ച്ച ഒരുക്കുമെന്നതിൽ തർക്കമില്ല.

കെന്റ് ജലോത്സവത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകളുമായി സഹൃദയയുടെ അതിവിപുല ജലോത്സവ കമ്മിറ്റി മുന്നോട്ടു പോകുമ്പോൾ എല്ലാ മലയാളികൾക്കും വള്ളംകളി പ്രേമികൾക്കും ഒത്തു കൂടി ആർപ്പുവിളിക്കാനുള സുവർണ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.

യു. കെ പ്രമുഖ ജലരാജാക്കാമാർ എല്ലാം അണിചേരുന്ന ഈ ജല പോരാട്ടത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആയിരത്തി ഒരു നൂറ്റി ഒന്ന് പൗണ്ടും പടു കൂറ്റൻ ട്രോഫിയുമാണ്. കൂടാത ആദ്യ ആറു സ്ഥാനത്തെന്നുന്ന എല്ലാ ടീമുകൾക്കും കാഷ് പ്രൈസും ട്രോഫിയും മെഡലുകളും ഉണ്ടായിരിക്കുന്നതാണ്. വനിതകൾക്കായി പ്രത്യേക മത്സരവും സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.

കെന്റ് ജലോത്സവത്തിൽ പങ്കെടുക്കുവാനും മത്സരങ്ങൾ കാണുവാനുമായി വരുന്ന എല്ലാവർക്കും ഒരു ദിനം കുടുംബസമേതം ചിലവിടുവാനുള്ള എല്ലാ സൗകര്യങ്ങളും ബിവൽ വാട്ടറിൽ ഉണ്ടായിരിക്കുന്നതാണ്. കേരളീയ തനതു രുചികളുടെ ഫുഡ് സ്റ്റാളുകൾക്കൊപ്പം മറ്റു ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അന്നേ ദിവസം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധയിനം ആക്റ്റിവിറ്റികളിൽ പങ്കെടുക്കുവാൻ ഡിസ്കൗണ്ട് റേറ്റിൽ ബിവൽ വാട്ടറിൽ സാധിക്കുന്നതായിരിക്കും

കെന്റ് ജലോത്സവത്തിന്റെ മനോഹര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും ആരവങ്ങളിലും ആവേശത്തിലും പങ്കാളിയാക്കുവാനും യു.കെ യിലെ എല്ലാ ജലോത്സവ പ്രേമികളെയും കെന്റിലെ വാട്ട് ഹർസ്റ്റിൽ ഉള്ള ബിവൽ തടാകത്തിലേക്ക് ടീം സഹൃദയയ്ക്കു വേണ്ടി കെന്റ് ജലോത്സവ കമ്മിറ്റി സ്വാഗതം ചെയ്യുകയാണ്.

 

പന്ത്രണ്ടാമത് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ ഓണോഘാഷ പരിപാടി വിപുലമായി ക്രാൻഹാം അപ് മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷിച്ചു . കേരളത്തിൽ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടൻ മലയാളി നിവാസികളുടെ പന്ത്രണ്ടാമത് ഓണോഘാഷം വിപുലമായി നടത്തപ്പെട്ടു. നൂറിലധികം കുടുംബാംഗങ്ങൾ വലിയ ക്യാമ്പായി ആണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത് . സ്പോട് സും , കലാ പരിപാടികളും, തിരുവാതിരകളിയും, വിഭവ സമൃദ്ധമായ സദ്യയും കൊണ്ട് ചടങ്ങ് വർണശബളമായി.

പരിപാടിയിൽ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് റജി വാട്ടം പാറയിൽ സ്വാഗതം ആശംസിച്ചു, മുൻ സെക്രട്ടറി അഭിലാഷ് റിപ്പോർട്ട് വായിക്കുകയും, മുൻ ട്രഷറർ റോബിൻ നന്ദി പറയുകയും ചെയ്തു. ഇത്തരം കൂടി ചേരലുകൾ നാടിൻറെ നന്മയ്ക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തിൽ മുൻ അഡ്വസർ സാബു മാത്യു അഭ്യർത്ഥിച്ചു .

പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി .അഡ്വ: ലിജോ ഉമ്മൻ പ്രസിഡന്റായും ബാസ്റ്റിൻ കെ മാളിയേക്കലിനെ സെക്രട്ടറിയായും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു . ട്രഷറർ ആയി ബിനു ലൂക്കിനെയും ,കൂടാതെ ധന്യ കെവിൻ വൈസ് പ്രസിഡന്റ്, ജെന്നിസ് രഞ്ജിത് ജോയിന്റ് സെക്രട്ടറി, ഹരീഷ് ഗോപാൽ : ജോയിന്റ് ട്രഷറർ ആയും, പയസ് തോമസിനെ അഡ്വസറായും
തെരെഞ്ഞെടുത്തു

എൽമയുടെ ഭാവി പരിപാടികൾ വൻ വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സന്നിദ്ധ്യ സഹായസഹകരണം നൽകണമെന്ന് പുതിയ കമ്മറ്റി ELMA കമ്മ്യൂണിറ്റിയോട് അഭ്യർത്ഥിച്ചു .

ടോം ജോസ് തടിയംപാട്

തലച്ചോറിൽ ക്യൻസർ രോഗം ബാധിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശി ഓട്ടോ ഡ്രൈവർ ഷാജി പി ൻ നു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1900 പൗണ്ട്. 175160 രൂപയുടെ ചെക്ക് ( ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി ഒരുന്നൂറ്റി അറുപതു രൂപ )നെടുങ്കണ്ടം പഞ്ചായത്തു പ്രസിഡണ്ട് ശോഭന വിജയൻ ഷാജിയുടെ വീട്ടിൽ എത്തി കൈമാറി, പഞ്ചായത്തു മെമ്പർ ജയകുമാർ സന്നിഹിതനായിരുന്നു . ഷാജിയുടെ വേദനയിൽ സഹായിച്ച എല്ലാ യു കെ മലയാളികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
.
ചാരിറ്റി അവസാനിച്ചതായി അറിയിച്ചതിനു ശേഷം രണ്ടുപേർ നൽകിയ 80 പൗണ്ട് കൂടി കൂട്ടി 1900 പൗണ്ട് ലഭിച്ചിരുന്നു . കിട്ടിയ പണം ഷാജിക്ക് കൈമാറി . പണം തന്നു സഹായിച്ച ആർക്കെങ്കിലും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ ദയവായി വിളിക്കുക . ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേദമന്യേ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10,11 00,000 (ഒരുകോടി പതിനൊന്നു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

 

 

RECENT POSTS
Copyright © . All rights reserved