മെയ്ഡ് സ്റ്റോൺ : പിങ്ക് നിറമണിഞ്ഞ പട്ടണവും മോട്ട് പാർക്കും സാക്ഷിയായി ഇക്കഴിഞ്ഞ ഞായറാഴ്ച മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ അംഗങ്ങൾ 10 കിലോമീറ്ററും 5 കിലോമീറ്ററും ഓടിയെത്തിയപ്പോൾ സുമനസ്സുകൾ അവർക്ക് സമ്മാനിച്ചത് 9000 – ത്തോളം പൗണ്ട് .

‘റേസ് ഫോർ ലൈഫ് ‘ എന്ന് പേരിട്ട ചാരിറ്റി സംരംഭം സംഘടിപ്പിച്ചത് ‘ക്യാൻസർ റിസർച്ച് യുകെ ‘ എന്ന സന്നദ്ധ സംഘടന. ക്യാൻസർ റിസർച്ചിനു വേണ്ടി ജൂലൈ മാസം രണ്ടാം തീയതി ആയിരങ്ങൾ പങ്കെടുത്ത ഈ മഹാസംരഭത്തിൽ മെയ്ഡ് സ്റ്റോൺ മലയാളി അസോസിയേഷൻ (എംഎംഎ ) അംഗങ്ങൾ ഗ്രൂപ്പായി പങ്കു ചേരുകയായിരുന്നു.

എം എം എ കമ്മിറ്റി നേതൃത്വം നൽകിയ ഈ കൂട്ടയോട്ടത്തിൽ വ്യക്തികളായും കുടുംബങ്ങളായും അണിചേർന്നത് എം എം എ യിലെ 57 അംഗങ്ങൾ .

ഓരോ അംഗങ്ങളും നിശ്ചിത ഫീസ് നൽകി രജിസ്റ്റർ ചെയ്തതിനു ശേഷം സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ബന്ധുമിത്രാദികളോടും സംഭാവനകൾ ക്ഷണിക്കുകയായിരുന്നു.

സംഘടനാ പ്രവർത്തനത്തിൽ എന്നും നവ മാതൃകകൾ തീർക്കുന്നതിൽ മുൻപന്തിയിൽ ഉള്ള എംഎംഎ ഇക്കുറിയും പതിവ് തെറ്റിച്ചില്ല എന്ന് മാത്രമല്ല ഒരുമിച്ചുള്ള മുന്നേറ്റത്തിലൂടെ സമൂഹത്തിനു നന്മ ചെയ്യുന്നതിനും മാനുഷിക മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നതിനും സാധിക്കുമെന്ന് വളരുന്ന പുത്തൻ തലമുറയ്ക്ക് മാർഗദർശനം നൽകുന്ന സംരംഭമാക്കി ‘ റേസ് ഫോർ ലൈഫ് ‘ മാറ്റി. കുട്ടികളുടെയും സ്ത്രീകളുടെയും വൻ പങ്കാളിത്തം ഇത് അടിവരയിടുന്നു.

നമ്മൾ ജീവിക്കുന്ന ഈ രാജ്യത്തിൻറെ ചിന്താധാരയോടും സാംസ്കാരികതയോടും ചേർന്ന് നിൽക്കേണ്ടതിന്റെ ആവശ്യകതയും ‘ റേസ് ഫോർ ലൈഫ് ‘ സ്വാഗതം ചെയ്യുന്നു.

ഓട്ടത്തിൽ പങ്കുചേർന്ന് വൻതുകകൾ സമാഹരിച്ച രഞ്ജിഷ് നാരായണൻ. ജൂബി ബൈജു , മിനി ശങ്കരനാരായണൻ , ബെറ്റി റോയ്, അന്ന രഞ്ജു എന്നിവരെ വേദിയിൽ തന്നെ എം എം എ പ്രസിഡൻറ് ബൈജു ഡാനിയേൽ , സെക്രട്ടറി ബൈജു തങ്കച്ചൻ എന്നിവർ അഭിനന്ദിക്കുകയും പങ്കെടുത്ത് വിജയിപ്പിച്ച ഓരോ അംഗങ്ങൾക്കും സംഭാവന നൽകിയ ഓരോ വ്യക്തികൾക്കും നന്ദി പറയുകയും ചെയ്തു.

എം എം എ ‘ ക്യാൻസർ റിസർച്ച് യുകെ ‘ കോ – ഓർഡിനേഷൻ ഭംഗിയായി നിർവഹിച്ച ജിസ്ന എബിയെയും മറ്റു കമ്മറ്റി അംഗങ്ങളെയും ഭാരവാഹികളും അംഗങ്ങളും അഭിനന്ദിച്ചു.