ക്രോയ്ഡോൻ:കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 28ന് നടത്താൻ നിശ്ചയിച്ചിരുന്ന സത്സംഗം മാറ്റിവച്ചിരിക്കുന്നതായും, സർക്കാർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിച്ചു മുൻകരുതലുകൾ കൈക്കൊള്ളണമെന്നും ചെയർമാൻ തേക്കുമുറി ഹരിദാസ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടുത്ത മാസങ്ങളിലെ സത്സംഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കും.
ബാല സജീവ് കുമാര്‍
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വോളന്റിയേഴ്സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്‌സിലൂടെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ആദ്യത്തേത് ക്ലിനിക്കൽ അഡ്‌വൈസ് എന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് ഇതിലൂടെ നൽകപ്പെടുന്നത്. ഈ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ ഒരു സംഘമായിരിക്കും. ഈ സേവനത്തിന് തയ്യാറുള്ള ഡോക്ടർമാരെ ഈ യുദ്ധത്തിൽ പങ്കാളികളാകുവാൻ ക്ഷണിക്കുകയാണ്.
രണ്ടാമത്തേത്, ഇമോഷണൽ സപ്പോർട്ടാണ്. രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആൾക്കാർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാൾക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ,അവരെല്ലാവരും അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അവരുടെ ദൈനംദിനാവശ്യങ്ങൾ, മോർട്ട്ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളിൽ അവർക്ക് ധൈര്യം പകർന്നു കൊടുക്കാനുള്ള വോളന്റിയേഴ്‌സിനെയാണ് ഇവിടെ ആവശ്യം. നേഴ്‌സുമാർ, സോഷ്യൽ വർക്കേഴ്‌സ്, സാമൂഹ്യ പ്രവർത്തകർ, പുരോഹിതർ, മതപരമായ ഉപദേശം കൊടുക്കാൻ കഴിയുന്നവർ, ഫിനാൻഷ്യൽ കൺസൾട്ടന്റുമാർ എന്നിവർക്ക് സേവനം ചെയ്യാൻ കഴിയുന്ന ഈ മേഖലയിലേക്കും വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്.
മൂന്നാമത്തേത്, അവശ്യസഹായം അടിയന്തിരമായി എത്തിക്കാൻ കഴിയുന്നവരുടെ ഒരു ടീമാണ്. രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പർക്കമില്ലാതെ വീടുകളിൽ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തിൽ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് നമ്മുടെ പ്രധാന ആവശ്യം. സമൂഹത്തിലെ ഏതു തുറയിൽ പ്രവർത്തിക്കുന്ന ധൈര്യശാലികളായ മനുഷ്യസ്നേഹികൾക്കും ഈ സേവനത്തിന് അവസരമുണ്ട്. യു കെ യിലെ മലയാളി സമൂഹം നമ്മെത്തന്നെ പരസ്പരം സഹായിക്കാനുള്ള ഈ ഉദ്യമത്തിൽ പങ്കാളികളായി രോഗം പകരുന്ന സാഹചര്യങ്ങൾ, പകരാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവ ഈ വോളന്റിയേഴ്‌സിനെ പഠിപ്പിക്കുവാനുള്ള ക്ലിനിക്കൽ ടീമിനും ചേരാവുന്നതാണ്.
രോഗികളെ സഹായിക്കുന്നവർക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ, യു കെ യിലെ ഗവൺമെന്റ് ബോഡികൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള മുൻകരുതലുകൾ നിർബ്ബന്ധമായും എടുക്കാൻ തയ്യാറുള്ളവരായിരിക്കണം വോളന്റിയേഴ്‌സായി വരേണ്ടത്. വോളന്റിയേഴ്സായി വരുന്നവരെ അവർക്ക് സേവനം ചെയ്യാൻ താല്പര്യമുള്ള മേഖലയനുസരിച്ച് ഗ്രൂപ്പുകളായി തരം തിരിച്ച് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പദ്ധതിയൊരുക്കിയിട്ടുണ്ട്.
പകൽ ഓഫീസ് സമയങ്ങളിൽ സഹായത്തിനായി വിളിക്കുന്നവരെ സഹായിക്കാൻ കോൾ സെന്ററും, അതിനു ശേഷം വിശ്വസ്തതയുള്ള വോളന്റിയേഴ്സിനെയും ഒരുക്കിയിട്ടുണ്ട്. ഈ സേവനത്തിനായി വിളിക്കുന്നവരുടെ ഫോൺ നമ്പർ, പേര്, ആവശ്യം, ഈ വിവരങ്ങൾ ബന്ധപ്പെട്ടവരുമായി ഷെയർ ചെയ്യുന്നതിനുള്ള അനുമതി എന്നീ കാര്യങ്ങൾക്കപ്പുറം മറ്റൊന്നും കോൾ ഹാൻഡ്‌ലേഴ്‌സ് ചോദിക്കുന്നതല്ല. സാധനങ്ങൾ എത്തിച്ചു തരികയോ ഒക്കെയുള്ള സഹായമാണ് ആവശ്യമെങ്കിൽ നിങ്ങളുടെ സ്ഥലവും നൽകാൻ തയ്യാറാകേണം.
സഹായത്തിനായി നമ്മെ സമീപിക്കുന്ന വ്യക്തികളുടെ യാതൊരുവിധ വിവരങ്ങളും യുണൈറ്റഡ് മലയാളി അസോസിയേഷൻ രൂപീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിലോ മറ്റെവിടെയെങ്കിലുമോ പരസ്യമായി ഷെയർ ചെയ്യുന്നവരെ വോളന്റിയേഴ്സായി ആവശ്യമില്ല. സമീപിക്കുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാമെന്ന് ഉറപ്പുള്ളവർ മാത്രം ഈ യജ്ഞത്തിൽ പങ്കാളികളാവുക.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഈ അടിയന്തിര ഘട്ടത്തിൽ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്നേഹമുള്ള മുഴുവൻ മലയാളികളുടെയും സേവനം അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുമെങ്കിൽ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക
സുരേഷ് കുമാർ 07903986970
റോസ്ബിൻ 07428571013
ബിനു ജോസ് 07411468602
ബിബിൻ എബ്രഹാം 07534893125
ബാബു എം ജോൺ 07793122621
ഓസ്റ്റിൻ അഗസ്റ്റിൻ 07889869216
കിരൺ സോളമൻ 07735554190
സാം തിരുവാതിലിൽ 07414210825
തോമസ് ചാക്കോ 07872067153
റജി തോമസ് 07888895607
ബാല സജീവ് കുമാര്‍
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകർച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോൾ, പല രാജ്യങ്ങളും, സന്ദർശകരെ വിലക്കിയും, കർശനമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയും, പൊതുസമ്പർക്ക പരിപാടികൾ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോൾ, നമ്മൾ ജീവിക്കുന്ന യുകെ മഹാരാജ്യവും മുൻകരുതലുകൾ എടുത്തു തുടങ്ങി. പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവർ 7 ദിവസം മുതൽ 14 ദിവസം വരെ അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം താമസിക്കുവാനും, അത്യാവശ്യമെങ്കിൽ മാത്രം 111 വിളിച്ച് വൈദ്യ സഹായം തേടുവാനുമാണ് ഇപ്പോൾ യു കെ അഭിമുഖീകരിക്കുന്ന ‘ഡിലെ ഫെയ്സിലെ’ ഉന്നതതല തീരുമാനം.
ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുള്ള ഈ സാംക്രമിക രോഗം, ശാരീരികമായി മാത്രമല്ലാതെ, മാനസികമായി കൂടി ആൾക്കാരെ കൊല്ലുമെന്ന് ഇരുന്നൂറിൽ അധികം ശാസ്ത്രവിശാരദന്മാർ മുന്നറിയിപ്പ് നൽകിയപ്പോൾ, യു കെ യിലെ സമൂഹ സ്നേഹിയായ മലയാളി ഡോക്ടർ സോജി അലക്സ് തന്റെ സുഹൃത്തുക്കളായ ഡോക്ടർമാരെയും നേഴ്സുമാരെയും കൂടി ചേർത്ത് മുന്നോട്ട് വച്ച ഒരു നിർദ്ദേശമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ സംരംഭം എന്ന ആശയത്തിന് കാരണമാകുന്നത്.
നിപ്പ വൈറസിനെയും, കേരളത്തിൽ പടർന്നു പിടിച്ച മറ്റു സാംക്രമിക രോഗങ്ങളെയും, കൊറോണ വൈറസിനെതിരായ നമ്മുടെ ചെറിയ സംസ്ഥാനത്തിന്റെ പോരാട്ടത്തിനെയും പോലും ഉൾക്കൊള്ളുവാനാകാതെ, രോഗം സംശയിക്കപ്പെടുന്നവരെയോ, രോഗബാധിതരെയോ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന അവസരത്തിൽ, സഹജീവിയുടെ നിസ്സഹായാവസ്ഥയിൽ എന്നും തുണയായി നിന്നിട്ടുള്ള യു കെ യിലെ പ്രവാസി മലയാളി സമൂഹത്തെ ഒറ്റക്കെട്ടാക്കി നിലനിർത്തി പരസ്പരം സഹായിക്കുവാനുള്ള വേദി സംജാതമാക്കാനുള്ള തീരുമാനമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടപ്പാക്കാൻ യത്നിക്കുന്നത്.
യു കെ യിലെ ഏതൊരു മലയാളിയും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി അന്യ സമ്പർക്കമില്ലാതെ താമസിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, പ്രബുദ്ധരായ ഒരു സമൂഹം എന്ന നിലയിൽ അവർക്ക് വേണ്ട സൗകര്യങ്ങളും, സാഹചര്യങ്ങളും ഒരുക്കുന്നതിനാണ് നമ്മൾ ശ്രമിക്കുന്നത്.
ആശങ്കാകുലർക്ക് ആശ്രയമായി വിളിക്കുന്നതിന് എമെർജെൻസി നമ്പറായ 111 മാത്രമാണ് നിലവിൽ നല്കപ്പെട്ടിരിക്കുന്നത്. കാലികപ്രാധാന്യം കൊണ്ട് 111 കോളുകൾക്ക് മറുപടി ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം നിലവിൽ വരുമ്പോൾ, ഡോക്ടർമാരെയും, നേഴ്സുമാരെയും മറ്റു യു കെ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട് ഏതൊരു യു കെ മലയാളിക്കും പ്രാപ്യമാകുന്ന തരത്തിൽ, അവർക്ക് സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനമാണ് ആദ്യമായി നിലവിൽ വരുന്നത്.
യു കെ യിലുള്ള മറ്റ് മലയാളി ഡോക്ടർമാരെയും ഈ ശ്രേണിയിലേക്ക് കൊണ്ടുവരുന്നതിനും, യു കെ യെ പല സോണുകളായി തിരിച്ച് ഫോൺ കോളുകൾക്ക് മറുപടി പറയുന്നതിനുമുള്ള ശ്രമം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങിക്കഴിഞ്ഞു.
ഇതിന്റെ കൂടെ തന്നെ അസുഖ ബാധിതരെയോ, ആശങ്കാകുലരെയോ മാനസികമായി സഹായിക്കുന്നതിന് യു കെ യിലെ പ്രമുഖ നേഴ്സുമാരെയും, ആരോഗ്യ-സോഷ്യൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്നവരെയും ചേർത്ത് കൊണ്ടുള്ള നീക്കവും ഈ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമാണ്.
അന്യ സമ്പർക്കമില്ലാതെ വീടുകളിൽ മാത്രം കഴിയേണ്ടി വരുന്ന മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളോ മരുന്നുകളോ എത്തിച്ച് കൊടുക്കുന്നതിനുള്ള സന്നദ്ധ സംഘടനയും ഇതിന്റെ ഭാഗമായുണ്ട്. യു കെ യിലെ ഏതൊരു പ്രവിശ്യയിലും, ഏതൊരു മലയാളിക്കും ഈ അടിയന്തിര ഘട്ടത്തിൽ സഹായം ലഭ്യമാക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കാൻ യു കെ യിലെ മലയാളികളിൽ നിന്ന് പ്രായ-ജാതി-മത-ലിംഗ വ്യത്യാസമെന്യേ സഹകരണം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ അഭ്യർത്ഥിക്കുകയാണ്. ഇപ്രകാരം ഒരു ആലോചന നിലവിൽ വന്ന ദിവസം തന്നെ 90 ൽ അധികം പേർ സന്നദ്ധ പ്രവർത്തകരായി രംഗത്ത് വന്നു എന്നുള്ളത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനകരമാണ്.
.യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഈ അടിയന്തിര ഘട്ടത്തിൽ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്നേഹമുള്ള മുഴുവൻ മലയാളികളുടെയും സേവനം അഭ്യർത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുമെങ്കിൽ, താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക
സുരേഷ് കുമാർ 07903986970
റോസ്ബിൻ 07428571013
ബിനു ജോസ് 07411468602
ബിബിൻ എബ്രഹാം 07534893125
ബാബു എം ജോൺ 07793122621
ഓസ്റ്റിൻ അഗസ്റ്റിൻ 07889869216
കിരൺ സോളമൻ 07735554190
സാം തിരുവാതിലിൽ 07414210825
തോമസ് ചാക്കോ 07872067153
റജി തോമസ് 07888895607
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നു . യുകെയിലുള്ള നിരവധിയായ അനവധിയായ മലയാളി സംഘടനകൾ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ പ്രവർത്തന ലക്ഷ്യങ്ങളുമായി നിലവിലുണ്ടെങ്കിലും , അവയിൽ അംഗത്വം എടുക്കുന്നതിനോ , പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ എന്നത് വസ്തുതയാണ്. പ്രാദേശികവും , ജാതിപരവും , രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകൾ യുകെയിലെ ഏതൊരു മലയാളിക്കും , മലയാണ്മയെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നവർക്കും അന്യമാകുന്ന തരത്തിലുള്ള വിവേചനം ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ്.
യുകെ മലയാളികളുടെ ദുരവസ്ഥയിൽ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട ദേശീയ സംഘടന പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് രൂപീകരണ സമയത്തെ പ്രഖ്യാപിത – പ്രതീക്ഷിത ലക്ഷ്യങ്ങളിൽ നിന്ന് വേർപെടുമ്പോൾ, യുകെയിലെ ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന ഒരു പൊതു വേദി എന്ന ആശയം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ യുകെയിലെ സംഘടനാ പ്രവർത്തനരംഗത്ത് പരിചയമുള്ള ഒരു കൂട്ടം ആൾക്കാരുടെ ഒത്തു ചേരലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് തുടക്കം കുറിച്ചത് .
യുകെയിലുള്ള മലയാളിയോ , മലയാളി പിൻതലമുറക്കാരനോ , മലയാളത്തെ അറിയുന്നവരോ ആയ ഏതൊരാൾക്കും , അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക – ജനിതക വ്യത്യാസമെന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടന നിലവിൽ വരേണ്ടതിന്റെ ആവശ്യകത നോർത്താംപ്ടണിൽ വച്ച് ചേർന്ന പ്രാരംഭ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും , അപ്രകാരമുള്ള ഒരു സംഘടന യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന പേരിൽ രൂപീകരിക്കാൻ തീരുമാനിക്കുകയും ഉണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ ഐക്യകണ്ഠമായി ഇപ്രകാരമൊരു സംഘടന രൂപീകൃതമാവുകയായിരുന്നു.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിൽ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാം, പരിപാടികളിൽ പങ്കെടുക്കാം , സംഘടന സംഘടിപ്പിക്കുന്ന കലാ – കായിക – സാംസ്കാരിക പരിപാടികളിൽ അംഗത്വമില്ലെങ്കിൽ പോലും പങ്കെടുക്കാം , ആവശ്യ സമയത്ത് അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാം , എന്നിങ്ങനെ യുകെ മലയാളികൾ അവരുടേതായ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നവ നൽകാൻ സന്നദ്ധമായ ഒരു പ്രവർത്തന രീതി വാർത്തെടുക്കുകയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രവർത്തന ലക്‌ഷ്യം.
വിവേചനപരവും , രാഷ്ട്രീയ – ജാതി – മത താല്പര്യ പ്രേരിതവുമായ സംഘടനാ പ്രവർത്തനത്തിന് അറുതി വരുത്തിക്കൊണ്ട് , അവയെക്കാളുപരിയായി , ഏതൊരു മലയാളിക്കും സഹായകമാകുന്ന , അവന്റെ വീഴ്ചയിൽ അവനു കൈത്താങ്ങാകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു. അംഗത്വം , പ്രവർത്തന പരിപാടികൾ , രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിനോടകം അനുഭാവമറിയിച്ച , ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 26 ന് നോർത്താംപ്ടണിൽ വച്ച് ചേരുന്ന യോഗത്തിൽ തീരുമാനിച്ച് അറിയിക്കുന്നതാണ്.
ബിജു ഗോപിനാഥ്
ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന് എക്സിറ്ററിൽ തിരി തെളിഞ്ഞു. വിനു ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമീക്ഷ യു കെ ദേശിയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിൻറെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു . പങ്കെടുത്തവരെ ശ്രീമതി. രാജി ഷാജി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു .സമീക്ഷ എന്ന സംഘടനയ്ക്ക് യുകെയിലെ മലയാളി സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വർദ്ധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന പട്ടണമായ എക്സിറ്ററിലെ ബ്രാഞ്ചു രൂപീകരണ യോഗത്തിലെ പങ്കാളിത്തം. വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് ബ്രാഞ്ചുരൂപീകരണ യോഗത്തിൽ ആവേശപൂർവം പങ്കെടുത്തത്.
യോഗത്തിനെത്തിച്ചേർന്നവർക്ക് സമീക്ഷയുടെ ദേശിയ സമിതിയുടെ പേരിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ച ശ്രീ ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടനയുടെ ഭാവിപ്രവർത്തന പരിപാടികളും വിശദീകരിച്ചു . തുടർന്ന് എല്ലാവരും സമീക്ഷ അംഗത്വം സ്വീകരിച്ചു . ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു
പ്രസിഡന്റ്: ശ്രീമതി. രാജി ഷാജി
വൈ. പ്രസിഡന്റ് : ശ്രീ ജോജി
സെക്രട്ടറി : ശ്രീ വിനു ചന്ദ്രൻ
ജോ . സെക്രട്ടറി : ശ്രീ .ജോൺ റോബർട്ട്
ട്രെഷറർ : ടോം പൗലോസ്.
ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കാനായി യോഗത്തിൽ പങ്കെടുത്തവർ വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു .ബ്രാഞ്ചിന്റെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി രാജിഷാജി യോഗത്തിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തി .
ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച “പുരസ്കാരസന്ധ്യ 2020′ ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടന്നു. യുകെയ്ക്ക് പുറത്ത് നടന്ന ആദ്യ പൊതുചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മലയാള കലാ സാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നൽകി ആദരിച്ചു.
ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തി .ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകൾ ചൊല്ലി. ലണ്ടൻ മലയാള സാഹിത്യവേദി കോഓർഡിനേറ്ററും പത്താം വാർഷീകാഘോഷങ്ങളുടെ പ്രോഗ്രാം കോർഡിനേറ്ററും ആയ സി. എ. ജോസഫ് സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോഓർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു.
പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എംപി ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.
പ്രസിദ്ധ സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ , പത്രപ്രവർത്തകനും മനോരമ വീക്കിലി എഡിറ്റർ ഇൻ ചാർജുമായ കെ.എ. ഫ്രാൻസിസ് , ലണ്ടനിൽ താമസിച്ചു മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച കാരൂർ സോമൻ, പ്രവാസി സാഹിത്യകാരനും അമേരിക്കൻ സാംസ്‌കാരിക രംഗത്തും സാഹിത്യരംഗത്തും അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുന്ന മാത്യു നെല്ലിക്കുന്ന് , ജർമനിയിലെ കലാസാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്നവ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു.
ചാരുംമൂട്: കുടശ്ശനാട് ഗവ. എസ്. വി. എച്ഛ്. എസ്. സ്കൂളിൽ പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച നോവൽ “കാലാന്തരങ്ങൾ” പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര സാഹിത്യകാരൻ വിശ്വൻ പടനിലത്തിനും ജീവൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ “കന്മദപ്പൂക്കൾ” ചുനക്കര ജനാർദ്ധനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.
നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ വ്യത്യസ്തമാർന്ന മേഖലകളിൽ അൻപതോളം കൃതികളുടെ രചയിതാവാണ്. ലോകമെങ്ങുമുള്ള മലയാള മാധ്യമങ്ങളിൽ എഴുതുക മാത്രമല്ല അദ്ദേഹത്തിന്റ മിക്ക കൃതികളും സമൂഹത്തിന് വെളിച്ചം വിതറുന്നതാണെന്ന് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ഈ രണ്ട് നോവലുകളും ബ്രിട്ടനിലും അമേരിക്കയിലും നടക്കുന്ന സംഭവ ബഹുലമായ മലയാളി ജീവിതത്തെ വെളിപ്പെടുത്തുക മാത്രമല്ല അത് ജീവിതത്തിൽ ഒരു കെടാവിളക്കായി വഴി നടത്തുന്നുവെന്ന് വിശ്വൻ പടനിലം രണ്ട് നോവലുകളെ പരിചയപെടുത്തികൊണ്ടറിയിച്ചു.
അഡ്വ. സഫിയ സുധീർ, ശ്രീമതി. സലീന ബീവി. ആർ., ഉമ്മൻ തോമസ്, അശോക് കുമാർ ആശംസകൾ നേർന്നു. ജഗദീഷ് കരിമുളക്കൽ കവിത പാരായണവും, പ്രിൻസിപ്പൽ കെ. ആനμക്കുട്ടൻ ഉണ്ണിത്താൻ സ്വാഗതവും കാരൂർ സോമൻ, ചാരുംമൂട് നന്ദി പ്രകാശിപ്പിച്ചു.
സജീഷ് ടോം
യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.
2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തോളം ആളുകള്‍ വീക്ഷിക്കാനുമെത്തിയ ആദ്യ വള്ളംകളി 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ആദ്യവള്ളംകളി മത്സരം യു കെ മലയാളികളില്‍ അത്യഭൂതപൂര്‍വ്വമായ ആവേശമാണ് ഉയര്‍ത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോര്‍ഡില്‍ 32 ടീമുകളും നാലായിരത്തിലധികം കാണികളും പങ്കുചേര്‍ന്നു.
2019 ഓഗസ്റ്റ് 31-നായിരുന്നു മൂന്നാമത് കേരളാപൂരം മത്സര വള്ളംകളി നടന്നത്. സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാം മാന്‍വേര്‍സ് തടാകം ആദ്യമായി യുക്മ കേരളാപൂരത്തിന് വേദിയായി. നാടിന്റെ സംസ്ക്കാരത്തനിമയും നാട്ടാരുടെ വള്ളംകളിയോടുള്ള സ്നേഹവുമായിരിക്കണം, തദ്ദേശീയരുള്‍പ്പെടെ ആയിരക്കണക്കിന് കാണികളാണ് മാന്‍വേര്‍സ് തടാകക്കരയിലേക്ക് ഒഴുകിയെത്തിയത്.
മത്സരിക്കാനെത്തുന്ന ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തിയതുകൊണ്ട് ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനായി എന്നത് മൂന്നാമത് കേരളാപൂരം വള്ളംകളിയുടെ സവിശേഷതയായി. മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ഇതര സാംസ്ക്കാരിക പരിപാടികള്‍ക്ക് നീക്കി വയ്ക്കുന്നതിനും മാന്‍വേര്‍സ് തടാകം സാക്ഷിയായി.
നാലാമത് യുക്മ വള്ളംകളിക്കും മാന്‍വേര്‍സ് തടാകം തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കളിയോടങ്ങള്‍ക്കും തുഴയെറിഞ്ഞ് അങ്കം ജയിക്കാനെത്തുന്നവര്‍ക്കും അപരിചിതത്വത്തിന്റെ ലാഞ്ചനപോലും ഉണ്ടാവില്ല. കാണികളായി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും പ്രകടമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി ഏഴായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്നതിനും പാര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ക്കൊപ്പം മാന്‍വേര്‍സ് മാനേജ്മെന്റിന്റെ സഹകരണവും പിന്തുണയും കൂടിയാണ് വീണ്ടും മാന്‍വേര്‍സ് തന്നെ യുക്മ വള്ളംകളിക്ക് വേദിയായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെയും വള്ളംകളി ജനറല്‍ കണ്‍വീനര്‍ ആയിരുന്ന, യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്ററ്യന്‍ പറഞ്ഞു.
ഇത്തവണ യുക്മ വള്ളംകളിയുടെ ടൈറ്റില്‍ സ്പോണ്‍സേഴ്സ് ആയി എത്തുന്നത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയര്‍ കമ്പനിയാണ്.
ലണ്ടനിലെ പ്രമുഖ ഭക്ഷണശാലകളിലെല്ലാം ബ്രിട്ടീഷുകാരെ മയക്കിവീഴ്ത്തുന്ന പ്രിയപ്പെട്ട ബിയറെന്ന ഖ്യാതി നേടിക്കഴിഞ്ഞ ‘കൊമ്പന്‍ ബിയര്‍’ കമ്പനിയുടെ സ്ഥാപകന്‍ മലയാളിയായ വിവേക് പിള്ളയാണ്. മലയാളികളുടെ സ്വന്തം പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന ‘കൊമ്പന്‍’ ബിയറിന് മൂന്ന് വര്‍ഷം കൊണ്ട് ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ സ്വീകാര്യത വരുത്തുവാന്‍ കഴിഞ്ഞുവെന്നുള്ളത് കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്‍റെ വന്‍വിജയമാണ്. കൊമ്പന്‍ ബിയര്‍ കമ്പനിയുടെ പേര് ചേര്‍ത്തുള്ള “യുക്മ- കൊമ്പന്‍ കേരളാ പൂരം 2020” ലോഗോ പ്രകാശനം കഴിഞ്ഞ ശനിയാഴ്ച്ച മാന്‍വേഴ്സ് തടാക ട്രസ്റ്റിന്റെ ഓഫീസില്‍ നടന്നു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, മാന്‍വേഴ്സ് ട്രസ്റ്റ് മാനേജ്മെന്റിന്റെ ഭാരവാഹികള്‍, കൊമ്പന്‍ ബിയര്‍ കമ്പനിയുടെ അക്കൗണ്ട് മാനേജര്‍ ജോസഫ്. എസ്, യുക്മ നേതാക്കളായ മാമ്മന്‍ ഫിലിപ്പ്, ജയകുമാര്‍ നായര്‍, വര്‍ഗ്ഗീസ് ഡാനിയല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രധാന സ്റ്റേജ്, ഭക്ഷണ ശാലകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ തടാകത്തിന് ചുറ്റുമുള്ള പുല്‍ത്തകിടിയിലാവും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
“യുക്മ-കൊമ്പന്‍ കേരളാപൂരം 2020″ന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ് കുമാര്‍ പിള്ള (07960357679), അലക്സ് വര്‍ഗ്ഗീസ് (07985641921), എബി സെബാസ്റ്റ്യന്‍ (07702862186) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE, STATION ROAD, WATH – UPON – DEARNE, S63 7DG.
യുകെയിലെ സെവന്‍ബീറ്റ്സ് മ്യൂസിക് ബാന്റും വാറ്റ്ഫോര്‍ഡിലെ കേരളാ കമ്യൂണിറ്റി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്ററും (കെസിഎഫ്) സംയുക്തമായി സംഘടിപ്പിച്ച സീസണ്‍ 4 സംഗീതോല്‍സവം വേനലില്‍ കുളിര്‍മഴയായി പെയ്തിറങ്ങുന്ന അനുഭൂതിയില്‍ രാഗസന്ധ്യയുടെ നിലാപ്രഭയില്‍ ആസ്വാദകരില്‍ അലിഞ്ഞിറങ്ങി. വാട്ഫോര്‍ഡ് ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ ഫെബ്രുവരി 29 ന് ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ രാത്രി ഒരുമണിവരെ ഇടതടവില്ലാതെ ഒന്‍പത് മണിക്കൂര്‍ നീണ്ട സംഗീത നൃത്തപരിപാടി യുകെയിലെ മലയാളി സമൂഹത്തിന്റെ താളുകളില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ത്ത പുതുചരിത്രമായി. മലയാളത്തിന്റെ പ്രിയ കവി ജ്ഞാനപീഠം നേടിയ പത്മവിഭൂഷന്‍ പ്രഫ. ഡോ. ഒ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും വേദിയെ ധന്യമാക്കി.
സംഗീതോല്‍സവത്തില്‍ വിശിഷ്ടാതിഥികളായ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, യൂറോപ്പിലെ മാദ്ധ്യമപ്രവര്‍ത്തകനും ജര്‍മനിയിലെ കലാ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍, യുകെയിലെ സംഘടനാ നേതാക്കളായ എബി സെബാസ്ററ്യന്‍, കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍, സോളിസിറ്റര്‍ പോൾ ജോണ്‍,സണ്ണിമോന്‍ മത്തായി സുജു ദാനിയേല്‍, ഡീക്കന്‍ ജോയിസ് ജെയിംസ്, ലിന്‍ഡ ബെന്നി, സലീന സജീവ്, ശ്രീജിത്, മാത്യു കുരീക്കല്‍, സിബി തോമസ്, സിബു സ്കറിയ, ടോമി ജോസഫ്, ജെബിറ്റി ജോസഫ് ബികു ജോണ്‍, സുനില്‍ വാര്യര്‍, ജെയിസണ്‍ ജോര്‍ജ് എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികള്‍ക്കും മറ്റു ക്ഷണിയ്ക്കപ്പെട്ട വര്‍ക്കും റോസാപ്പൂക്കള്‍ നല്‍കി സെവന്‍ ബീറ്റ്സ് സംഗീതോല്‍സവത്തിന്റെ ആദരവ് പ്രകടിപ്പിച്ചു.
പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതവും സണ്ണിമോന്‍ മത്തായി അദ്ധ്യക്ഷപ്രസംഗവും മനോജ് തോമസ് നന്ദിയും പറഞ്ഞു.മനോജ് പിള്ള ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ജോസ് കുമ്പിളുവേലില്‍, ഡോ.ശിവകുമാര്‍ എന്നിവര്‍ ഒഎന്‍വി അനുസ്മരണം നടത്തി.
ബ്രിസ്റേറാളിലെ ബാത്തില്‍ താമസിയ്ക്കുന്ന മലയാള ചലച്ചിത്ര യുവ പിന്നണി ഗായകന്‍ ബനഡിക്ട് ഷൈന്‍, യുക്മ സ്ഥാപക പ്രസിഡന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ വര്‍ഗീസ് ജോണ്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരെ വിവിധ പ്രവര്‍ത്തന മികവുകള്‍ മുന്‍നിര്‍ത്തി വേദിയില്‍ മെമന്റോ നല്‍കി ആദരിച്ചു.
മല്‍സരമല്ലായിരുന്നിട്ടും വേദിയിലെത്തുമ്പോള്‍ ഒരു മല്‍സരത്തിന്റെ പ്രതീതി ഉള്‍ക്കൊണ്ട കലാകാരന്മാര്‍ തങ്ങളുടെ കഴിവ് ഗാനാലാപനത്തിലായാലും നൃത്തത്തിലായാലും മിഴിവേകി അരങ്ങുണര്‍ത്തിയത് സദസ്സിന് ഏറെ ആസ്വാദ്യത നല്‍കി. മലയാളി മനസില്‍ എന്നും തത്തിക്കളിക്കുന്ന ഗാനങ്ങളുടെ ആലാപന ശൈലിയും, നൃത്തത്തിന്റെ ലാസ്യഭാവങ്ങളും ഇഴചേര്‍ന്ന അവതരണത്തിന്റെ ശ്രേഷ്ഠത പരിപാടിയെ അവിസ്മരണീയമാക്കി.
യുക്മ സ്ററാര്‍സിംഗര്‍ സീസണ്‍ 2 ലെ മല്‍സരാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യുകെയിലെ 18 ലധികം കുട്ടിപ്പാട്ടുകാരുടെ സംഘം പരിപാടിയിലെ ആദ്യ ഗാനവുമായി സദസിന്റെ നിറഞ്ഞ കൈയ്യടിയോടെയാണ് വേദിയിലെത്തിയത്. തുടര്‍ന്ന് മലയാളം, ഹിന്ദി ഭാഷകളിലായി സെമി ക്ളാസിക്കല്‍, മെലഡി, ശോകം, പ്രണയം, അടിപൊളി തുടങ്ങിയ ഗാനങ്ങള്‍ പീലിവിടര്‍ത്തി സംഗീത വസന്തമായി ആസ്വാദക ഹൃത്തില്‍ അലിഞ്ഞിറങ്ങി.
ഡെന്ന ആന്‍ ജോമോന്‍ ബെഡ്ഫോര്‍ഡ്, അലീന സജീഷ് ബേസിംഗ്സ്റ്റോക്ക്, ജിയാ ഹരികുമാര്‍, ബെര്‍മിംഗ്ഹാം, ഇസബെല്‍ ഫ്രാന്‍സിസ് ലിവര്‍പൂള്‍, അന്ന ജിമ്മി ബെര്‍മിംഗ്ഹാം,ഡെന ഡിക്സ് നോട്ടിങ്ഹാം, കെറിന്‍ സന്തോഷ് നോര്‍ത്താംപ്ടണ്‍, ആനി ആലോസിസ്സ് ലൂട്ടന്‍, ഫിയോന ബിജു ഹാവെര്‍ഹില്‍,ഫ്രേയ ബിജു ഹാവെര്‍ഹില്‍, ജോണ്‍ സജി ലിവര്‍പൂള്‍,ദൃഷ്ടി പ്രവീണ്‍ സൗത്തെന്‍ഡ്,ജെയ്മി തോമസ് വാറ്റ്ഫോര്‍ഡ്, ജിസ്മി & അന്‍സിന്‍ ലിവര്‍പൂള്‍, ദിയ ദിനു വൂസ്ററര്‍,നതാന്യ നോര്‍ഡി (വോക്കിങ്), ജെസീക്ക സാവിയോ (നോട്ടിങ്ങ്ഹാം) എന്നിവരെ കൂടാതെ 7 ബീറ്റ്സ് സാരഥി മനോജ് തോമസ് (കെറ്ററിംഗ്), ലിന്‍ഡ ബെന്നി (കെറ്ററിംഗ്), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), ജോണ്‍സന്‍ ജോണ്‍ (ഹോര്‍ഷം), തോമസ് അലക്സ് (ലണ്ടന്‍), ഷാജു ജോണ്‍ (സ്പാല്‍ഡിങ്) മഴവില്‍ സംഗീത സാരഥി അനീഷ് & ടെസ്സമോള്‍ (ബോണ്‍മൗത്), രഞ്ജിത് ഗണേഷ് (മാഞ്ചസ്ററര്‍), ഷാജു ഉതുപ്പ് (ലിവര്‍പൂള്‍), സജി സാമുവേല്‍ (ഹാരോ), ഹാര്‍മോണിക്ക സംഗീത വിസ്മയവുമായി റോണി എബ്രഹാം (ബ്രിസ്റേറാള്‍), ജോണ്‍ പണിക്കര്‍ (വാറ്റ്ഫോര്‍ഡ്), ഫെബി (പീറ്റര്‍ബോറോ), ഉല്ലാസ് ശങ്കരന്‍(പൂള്‍), അഭിലാഷ് കൃഷ്ണ(വാറ്റ്ഫോര്‍ഡ്), ഷെനെ (വാറ്റ്ഫോര്‍ഡ്), സൂസന്‍ (നോര്‍ത്താംപ്ടണ്‍),ഡോ. കാതറീന്‍ ജെയിംസ് (ബെഡ്ഫോര്‍ഡ്), ലീമ എഡ്ഗര്‍ (വാറ്റ്ഫോര്‍ഡ്), ഡോ.സുനില്‍ കൃഷ്ണന്‍ (ബെഡ്ഫോര്‍ഡ്), റെജി തോമസ് (വൂസ്ററര്‍), ജിജോ മത്തായി (ഹൈ വൈകോംബ്), സൂസന്‍(നോര്‍ത്താംപ്ടണ്‍) എന്നിവര്‍ക്കൊപ്പം മൗറീഷ്യന്‍ ഗായകന്‍ സാന്‍ സാന്റോക് (ലണ്ടന്‍) എന്നിവരാണ് ശ്രുതിശുദ്ധമായ ശൈലികൊണ്ടു സംഗീതം ഉല്‍സവമാക്കി ഗാനങ്ങള്‍ ആലപിച്ചത്.
സംഗീതത്തിനൊപ്പം സെമിക്ളാസ്സിക്കല്‍, കുച്ചിപ്പുടി, സിനിമാറ്റിക് & ഫ്യൂഷന്‍ നൃത്തയിനങ്ങള്‍ സദസിന് ഹൃദ്യത പകര്‍ന്നു.
യുകെയിലെ വിവിധ വേദികളില്‍ കഴിവു തെളിയിച്ച ടീം ത്രിനേത്ര നടനം, ജയശ്രീ,ഗ്രീഷ്മ,ഷെല്ലി എന്നിവരുടെ വാറ്റ്ഫോര്‍ഡ് ടീം(സെമിക്ളാസ്സിക്കല്‍ ഫ്യൂഷന്‍), മഞ്ജു സുനില്‍ ലാസ്യരസ ടീം റെഡ്ഡിങ് (സെമി ക്ളാസിക്കല്‍ ഫ്യൂഷന്‍), സയന,ഇസബെല്‍ & ടീം നടനം സ്കൂള്‍ നോര്‍ത്താംപ്ടണ്‍ (സെമി ക്ളാസ്സിക്കല്‍ ഫ്യൂഷന്‍), ഫെബ, ഫെല്‍ഡ ടീം ഹയര്‍ഫീല്‍ഡ് (സിനിമാറ്റിക്), ഹോര്‍ഷം ബോയ്സ് ആരോണ്‍ & ടീം (ഫ്യൂഷന്‍ ഡാന്‍സ്), ടാന്‍വി, മേഘ്നാ വാറ്റ്ഫോര്‍ഡ് ടീം (ഫ്യൂഷന്‍), ഹോര്‍ഷം ഗേള്‍സ് ആന്‍ഡ്രിയ, ഏംലിസ് ടീം (ഫ്യൂഷന്‍ ഡാന്‍സ്), നിമ്മി, അനീറ്റ(വാറ്റ്ഫോര്‍ഡ്) & ടീം (സിനിമാറ്റിക് ഫ്യൂഷന്‍), ടീം റെഡ് ചില്ലീസ്, ജയശ്രീ വാറ്റ്ഫോര്‍ഡ്, ശ്രേയ സജീവ്, എഡ്മണ്ടന്‍) (സെമിക്ളാസ്സിക്കല്‍), ബെഥനി സാവിയോ നോട്ടിങ്ഹാം(സെമി ക്ളാസ്സിക്കല്‍), മിന്നും പ്രകടനം കാഴ്ചവെച്ച 2019 യുക്മ കലാപ്രതിഭ ടോണി അലോഷ്യസിന്റെ (ല്യൂട്ടന്‍) സിനിമാറ്റിക് ഡാന്‍സ്, മുന്‍ യുക്മ കലാതിലകം സാലിസ്ബറിയിലെ മിന്നാ ജോസ് (സെമി ക്ളാസിക്കല്‍), ജയശ്രീ വാട്ഫോര്‍ഡ്(കുച്ചിപ്പുടി) തുടങ്ങിയവരുടെ കാല്‍ച്ചിലങ്കകള്‍ നൃത്തച്ചുവടുകള്‍ക്കു താളം പകര്‍ന്നത് സദസിനെ ആഹ്ളാദ പുളകമണിയിക്കുക മാത്രമല്ല വേദിയെ പ്രോജ്ജ്വലമാക്കാനും കഴിഞ്ഞു. സ്പെഷ്യല്‍ സെമിക്ളാസ്സിക്കല്‍ ഫ്യൂഷന്‍ ഡാന്‍സിലൂടെ ജിഷ സത്യന്‍ നടനം ഡാന്‍സ് സ്കൂള്‍ നോര്‍ത്താംപ്ടണ്‍ ഓ.എന്‍.വിയ്ക്ക് അര്‍ച്ചനയൊരുക്കി.
സൂര്യ,മഴവില്‍ മനോരമ,ഫ്ളവേഴ്സ് എന്നീ ചാനലുകളില്‍ അവതാരികയായിരുന്ന നതാഷാ സാം,യുകെയിലെ നിരവധി വേദികളില്‍ കഴിവ് തെളിയിച്ച ആന്റോ ബാബു(ബെഡ്ഫോര്‍ഡ് ),വാട്ട്ഫോര്‍ഡ് കെസിഎഫിന്റെ പ്രിയപ്പെട്ട ബ്രോണിയ ടോമി എന്നിവര്‍ അവതാരകരായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കം തലമുറകള്‍ പങ്കെടുത്ത എഴുനൂറിലധികം പേര്‍ തിങ്ങിനിറഞ്ഞ സദസ് ഓരോ കലാകാരന്മാരെയും ഏറെ പ്രോല്‍സാഹിപ്പിച്ചത് പരിപാടിയുടെ മികവ് വിളിച്ചോതി.
അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മുഖ്യസ്പോണ്‍സറായി നടത്തിയ സംഗീതോത്സവത്തില്‍ യുവജനങ്ങളും, മുതിര്‍ന്നവരുമടക്കം അനുഗ്രഹീതരായ 45 ഓളം ഗായകരും, 20 ഓളം നര്‍ത്തകരും ക്ളാസിക്കല്‍, സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകളുമായി വിസ്മയംതൂകി അരങ്ങു തകര്‍ത്താടിയ വേദിയില്‍ എച്ച്ഡി മികവോടെ കളര്‍ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കിയ ഫുള്‍ എല്‍ഇഡി സ്ക്രീനും (വെല്‍സ് ചാക്കോ) ശബ്ദസാങ്കേതിക സംവിധാനം യുകെ ഡിജിറ്റല്‍ ബീറ്റ്സും(ബിനു നോര്‍ത്താംപ്ടണ്‍)സീസണ്‍ ഫോറിനു മാറ്റേകി. പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും മാഗ്നവിഷന്‍ ടിവി(ഡീക്കന്‍ ജോയിസ് ജെയിംസ് പള്ളിയ്ക്കമ്യാലില്‍) ലൈവ് സംപ്രേഷണം ചെയ്തു. വാട്ട്ഫോര്‍ഡിലെ (കെസിഎഫ്) വനിതകള്‍ ഒരുക്കിയ ലൈവ് ഭക്ഷണശാല പങ്കെടുക്കാനെത്തിയവര്‍ക്ക് രുചി പകര്‍ന്നു.അതിവിപുലമായി പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിപാടിയിലെ ധന്യ മുഹൂര്‍ത്തങ്ങള്‍ യുകെയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബെറ്റര്‍ ഫ്രെയിംസ്, സ്ററാന്‍ലിസ് ക്ളിക്, ബിടിഎം, ടൈംലെസ്, ലെന്‍സ്ഹുഡ് എന്നീ മലയാളി ഫോട്ടോഗ്രാഫി കമ്പനികള്‍ അഭ്രപാളികളില്‍ പകര്‍ത്തി.
തികച്ചും സൗജന്യമായി പ്രവേശനമൊരുക്കിയ കലാമാമാങ്കത്തിന് ചുക്കാന്‍ പിടിച്ചത് ജോമോന്‍ മാമ്മൂട്ടില്‍, സണ്ണിമോന്‍ മത്തായി, മനോജ് തോമസ്, ലിന്‍ഡ ബെന്നി എന്നിവരാണ്. വാറ്റ്ഫോര്‍ഡിലെ കേരളാ കമ്യൂണിറ്റി ഫൌണ്ടേഷനുമായി (കെസിഎഫ്) സഹകരിച്ചു കൊണ്ടാണ് ഇത്തവണ സെവന്‍ ബീറ്റ്സ് സീസണ്‍ ഫോര്‍ അരങ്ങേറിയത്.
യുകെയില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട മികവുറ്റ ഒരുഇവന്റായി സംഗീതോല്‍സവം സീസണ്‍ ഫോര്‍ മറ്റു പരിപാടികളില്‍ നിന്നും ജനങ്ങള്‍ക്ക് വേറിട്ട അനുഭവവും പകര്‍ന്നു. പരിപാടിയുടെ ഏകോപനവും, അച്ചടക്കത്തോടുകൂടിയ സംഘാടന പാടവവും സംഗീതോല്‍സവത്തെ വന്‍ വിജയമാക്കി.
മിൽട്ടൺകെയ്‌സ് : മിൽട്ടൺകെയ്‌സിൽ വെച്ച് പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നടത്തപ്പെട്ട ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ടൂർണ്ണമെന്റിൽ കിരീടങ്ങൾ തൂത്തുവാരി മലയാളി കുട്ടികളുടെ മിന്നുന്ന പ്രകടനം. പ്രായാടിസ്ഥാനത്തിൽ 13 വയസ്സിനു താഴെ ആർക്കും മത്സരിക്കാവുന്ന രാജ്യാന്തര ഓപ്പൺ ചാമ്പ്യൻഷിപ്പ് ടൂര്ണമെന്റായിരുന്നു മിൽട്ടൺ കെയ്‌സിൽ അരങ്ങേറിയത്.
മലയാളി താരവും ബ്രിട്ടന്റെ ഒളിമ്പ്യനുമായിരുന്ന രാജീവ് ഔസേഫിന്റെ പിൻഗാമികളായി ഈ കുരുന്നുകൾ ബ്രിട്ടനെയും അയർലണ്ടിനെയും പ്രതിനിധീകരിക്കുകയും അവിടുത്തെ ദേശീയ പതാകകൾ ഏന്തുന്ന കാലവും അതിവിദൂരമല്ല എന്നാണ് മിൽട്ടൺ കെയ്‌സിലെ ഓപ്പൺ ചാമ്പ്യൻഷിപ്പ് ടൂർണ്ണമെന്റ് അടിവരയിട്ടു വെളിപ്പെടുത്തുന്നത്. കായിക മികവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രതിഭകളായവരെ രണ്ടു കാറ്റഗറികളാക്കി ഗോൾഡ് സ്റ്റാർ, ഗോൾഡ് എന്നീ ഗ്രൂപ്പുകളാക്കി മത്സര യോഗ്യത നേടിയവർ മാത്രം മാറ്റുരക്കുന്ന വേദിയാണിത്.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിങ്കിൾസിലും, ഡബിൾസിലും, മിക്സഡ് ഡബിൾസിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മറ്റുള്ളവരെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് മിടുമിടുക്കരായ മലയാളി കുട്ടികൾ പുറത്തെടുത്തത്.
മലയാളികളുടെ കായികക്ഷമതയുടെയും, മത്സരവേദികളിലെ മാനസിക പിരിമുറുക്കത്തിന്റെയും, റഫറിയിങ്ങിലെ തിരിവുകളെപ്പറ്റിയും വായ് തോരാതെ തോൽവിയെ വിലയിരുത്തി സമാശ്വാസം ഉരുത്തിരിഞ്ഞെടുക്കുന്നവർക്കുള്ള മറുപടികൂടിയാണ് പുതുതലമുറ മത്സരത്തിനുടനീളം വളരെ കൂളായി പുറത്തെടുത്തത് എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസ മേഖലകളിലും, രാഷ്ട്രീയ രംഗങ്ങളിലും മലയാളികൾ ഉന്നത സ്ഥാനങ്ങളിൽ കയറിപ്പയറ്റുമ്പോളും കായിക രംഗം മലയാളികൾക്ക് അപ്രാപ്യമാണെന്ന തോന്നലാണ് ഇവിടെ പൊളിച്ചെഴുതപ്പെടുക.
മിൽട്ടൺ കെയ്‌സിൽ താമസിക്കുന്ന സുജിത് മഠത്തിൽപറമ്പത്ത്, പൂജാ സുജിത് എന്നിവരുടെ മകനും യു കെ ഒന്നാം നമ്പർ താരവുമായ ആരവ് സുജിത് സിംഗിൾസ് കിരീടവും (ഗോൾഡ് സ്റ്റാർ) ഡബിൾസിൽസിൽ രണ്ടാം സ്ഥാനവും നേടി ടൂർണമെന്റിലെ ഏറെ ശ്രദ്ധനേടിയ താരമായി.
അയർലണ്ടിലെ ഒന്നാം നമ്പർ താരവും, ഡബ്ലിനിൽ താമസിക്കുന്ന ബിനോയ് ജോയ്, ലിന്റാമോൾ ജോയ് എന്നിവരുടെ മകളുമായ നിക്കോളെ ജോയ് സിംഗിൾസിൽ (ഗോൾഡ് സ്റ്റാർ) ഒന്നാം സ്ഥാനവും, ഡബിൾസിലും കിരീടവും കരസ്ഥമാക്കി ചാമ്പ്യൻഷിപ്പിലെ റാണിയായാണ് വേദി വിട്ടത്. അയർലണ്ടിലെ കായിക ലോകം ഉറ്റുനോക്കുന്ന ഭാവി വാഗ്ദാനമാണ് നിക്കോളെ ജോയ്.
ലണ്ടനിൽ നിന്നുമുള്ള അന്ന കളത്തിൽ ജോർജ്ജ് പെൺകുട്ടികളുടെ സിംഗിൾസ് ഇനത്തിൽ (ഗോൾഡ്) ഒന്നാം സ്ഥാനം നേടി. ജോർജ്ജ് കളത്തിൽ, ബിബു ജോർജ്ജ് എന്നിവരുടെ മകളും യു കെ യിൽ പത്താം നമ്പർ താരവുമായ അന്ന, നിക്കോളെയുമായി ചേർന്ന് ഡബിൾസിൽസിൽ ഒന്നാം സ്ഥാനവും കൂടി നേടിക്കൊണ്ടു മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
മിക്സഡ് ഡബിൾസിൽ രണ്ടാം സ്ഥാനം നേടികൊണ്ടു യു കെ ആറാം നമ്പർ താരമായ അനീഷ് നായർ മലയാളികളുടെ വിജയങ്ങളിൽ തന്റേതായ വ്യക്തി മുദ്ര ചേർത്തുവെക്കുകയായിരുന്നു. മിൽട്ടൺ കെയ്‌സിൽ നിന്നുള്ള ബ്രിജേഷ് നായർ, യാസ്മി നായർ എന്നിവരുടെ പുത്രനാണ് അനീഷ്.
അനീഷ് നായരുടെ സഹോദരി അശ്വതി നായരും പ്രശസ്ത ബാഡ്മിന്റൺ താരമാണ്. അണ്ടർ 17 കാറ്റഗറിയിൽ യു കെ യിൽ ഒന്നാം റാങ്കുള്ള അശ്വതി 2020 ഫെബ്രുവരി 1 ന് വിൻചെസ്റ്ററിൽ നടന്ന ബാഡ്മിന്റൺ ഇംഗ്ലണ്ട് നാഷണൽസിൽ അണ്ടർ 19 മത്സരത്തിൽ നാലാം റാങ്കിലുള്ള താരത്തോട് തോറ്റെങ്കിലും വെങ്കല മെഡൽ നേടിയിരുന്നു. അശ്വതി തന്റെ പതിനഞ്ചാം വയസ്സിലാണ് അണ്ടർ 19 ൽ എട്ടാം റാങ്കും, മെഡലും നേടുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.
ലണ്ടനിൽ നിന്നുള്ള ജോയൽ ജോബി, ബോയ്സ് സിംഗ്ൾസിൽ (ഗോൾഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജോബി മാത്യു- സിനി തോമസ് എന്നിവരുടെ മകനും പതിമൂന്നാം റാങ്കുകാരനുമാണ് നിലവിൽ കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോയൽ.
സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് (യു കെ യിൽ പതിനഞ്ചാം നമ്പർ) ബോയ്സ് സിംഗിൾസിൽ (ഗോൾഡ്) രണ്ടാം സ്ഥാനം നേടി. സ്റ്റീവനേജിൽ കായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ അനി ജോസഫിന്റെയും, ഗായികയും കലാരംഗത്ത് പ്രശോഭിക്കുന്ന ജീന മാത്യുവിന്റെയും പുത്രനാണ് ജെഫ്. ജെഫ് തന്റെ പഠനേതര സമയം ബാഡ്മിന്റനായാണ് മാറ്റിവെച്ചിരിക്കുന്നത്.
പ്രവാസി മലയാളികളുടെ അഭിമാനങ്ങളായ ഈ ഭാവി വാഗ്ദാനങ്ങൾ ബാഡ്മിന്റൺ ലോകത്തെ പ്രചോദനമായും, അധിപരായും ഉയരങ്ങളിൽ പറക്കുവാൻ ഇടവരട്ടെയെന്നാശംസിക്കാം.